തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സിആര്‍പിഎഫിന് കൈമാറിയത് വിചിത്ര നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെന്താ സിആര്‍പിഎഫ് നേരിട്ട് ഭരിക്കുമോയെന്നും എന്താണ് അദ്ദേഹം ധരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. സിആര്‍പിഎഫിന് നേരിട്ട് കേസെടുക്കാനാകുമോ? കേരളത്തില്‍ നേരിട്ടിറങ്ങി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പറ്റുമോ? ഗവര്‍ണര്‍ ആഗ്രഹിച്ച രീതിയില്‍ സിആര്‍പിഎഫിന് ഇവിടെ ഇറങ്ങി പ്രവര്‍ത്തിക്കാനാകുമോ? മുഖ്യമന്ത്രി ചോദിച്ചു.
കേന്ദ്രവും കേരളവും ഒരുമിച്ചു ഭരിച്ചിരുന്നവര്‍ മുമ്പ് കേരളത്തില്‍ സിആര്‍പിഎഫിനെ ഇറക്കിയിട്ടുണ്ട്. അതിലൊന്നും കേരളം തകര്ന്നുപോയിട്ടില്ലല്ലോ. അതിനെല്ലാം പരിമിതിയുണ്ട്. നോക്കാം എവിടെയെത്തുമെന്ന്. സ്റ്റേറ്റിന്റെ തലവനെന്ന നിലയില്‍ ഏറ്റവും സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് ഗവര്‍ണര്‍. ആ സുരക്ഷ വേണ്ടെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ചിലര്‍ക്ക് മുമ്പുതന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലുവയിലെ സുജിത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രന് തുടങ്ങിയ ആര്‍എസ്എസുകാര്‍ക്ക് ഒരുക്കിയിട്ടുള്ള സുരക്ഷാസൗകര്യത്തിന്റെ കൂട്ടില്‍ ഒതുങ്ങാനാണ് ഗവര്‍ണര്‍ തയ്യാറായത്. ആ പട്ടികയില്‍ അദ്ദേഹവും പെട്ടിരിക്കുന്നു.
സ്വയം വിവേകം കാണിക്കണം. അത് സ്കൂളില്‍ പഠിക്കേണ്ടതല്ല; സ്വയം ആര്‍ജിക്കേണ്ടതാണ്. ഇതേവരെ അദ്ദേഹത്തിന് അത് സാധിച്ചിട്ടില്ല. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ കാണിക്കണം. ഇതില്‍ കുറവുണ്ടായിട്ടുണ്ടോയെന്ന് ഗവര്‍ണര്‍ പരിശോധിക്കണം. ആരോഗ്യം ഫിറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടല്ലോ. അതില്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് വളരെ നല്ലതാണ്. ഏത് അധികാരസ്ഥാനവും വലുതലല്ല; അതിനുമേലെയാണ് നിയമം. ഗവര്‍ണറുടെ നിലപാട് നിര്‍ഭാഗ്യകരമാണ്.
നയപ്രഖ്യാപനം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല. ഒന്നര മണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ട്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഗവണ്‍മെന്റിനോടോ മുന്നണിയോടോ ഏതെങ്കിലും ഒരു പക്ഷത്തോടോ ഉള്ള വിരോധമല്ല. ഭരണഘടനയെ അവഹേളിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രതികരണങ്ങളില്‍ കാണുന്നത്.
പ്രതിഷേധക്കാരെ പോലീസ് എന്താണ് ചെയ്യുന്നത് എന്ന് നോക്കാന്‍ കേരളത്തിലോ രാജ്യത്തോ അധികാരസ്ഥാനത്തിരിക്കുന്ന ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ. അങ്ങിനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടോ. എന്നെ എഫ്ഐആര്‍ എന്നെ കാണിക്കൂ എന്ന് പ്രതിഷേധത്തിനിടയില്‍ ഇറങ്ങിനിന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. നമ്മുടെ ജനാധിപത്യ സംവിധാനത്തിലുള്ള നിലപാടിന് വിരുദ്ധമായ നിലപാടാണ് കേരള ഗവര്‍ണര്‍ സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: