മനില: ഫിലിപ്പീൻസിലെ കത്തോലിക്ക പള്ളിയിലുണ്ടായ ബോംബാക്രമണം നടത്തിയ ഭീകരരുൾപ്പടെ 15 ഇസ്ലാമിസ്റ്റുകളെ വധിച്ച് സൈന്യം. പിയാഗപോ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള മലമ്പ്രദേശത്തിന് സമീപം സ്ഥിതിചെയ്യുന്ന ഫാംഹൗസിനോട് ചേർന്ന് തമ്പടിച്ചിരുന്ന ദാവ്‌ല ഇസ്ലാമിയ സംഘടനയിലെ അംഗങ്ങളോട് സൈന്യം ഏറ്റുമുട്ടുകയായിരുന്നു.
ഇവരുമായി നടന്ന ഏറ്റുമുട്ടലിനൊടുവിൽ 15 ഭീകരർ വധിക്കപ്പെട്ടതായി ഫിലിപ്പീൻസ് സൈനിക കമാൻഡർ അറിയിച്ചു. നാല് സൈനികർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആർമി ബ്രിഗേഡ് കമാൻഡർ ജനറൽ യെഗോർ പറഞ്ഞു. വ്യാഴാഴ്ചയാണ് ആക്രമണം നടന്നത്. കഴിഞ്ഞ മാസം ഫിലിപ്പീൻസിലെ തെക്കൻ നഗരമായ മറാവിയിലുള്ള യൂണിവേഴ്സിറ്റിക്കുള്ളിലെ പള്ളിയിൽ കത്തോലിക്ക വിഭാഗം ചേർന്ന ഒത്തുകൂടലിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്.
ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെന്ന് സംശയിക്കുന്ന ആറ് പേരിൽ മൂന്ന് പേരും വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡിസംബർ നാലിന് മിൻഡാനാവോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിക്ക് അകത്തായിരുന്നു സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും അനേകമാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: