കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ കരാറുകാരന്റെ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ച സംഭവത്തില്‍ പോലീസിനെ പഴിചാരി മുഖംരക്ഷിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രമം. കോഴിക്കോട് വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ റിപ്പബ്ലിക് ദിനപരേഡില്‍ മന്ത്രി മുഹമ്മദ് റിയാസിന് അഭിവാദ്യം സ്വീകരിക്കാന്‍ കരാറുകാരന്റെ വാഹനം ഉപയോഗിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ തലയൂരാനുള്ള ശ്രമം.
മാവൂര്‍ ചെട്ടിപ്പടി സ്വദേശി വിപിന്‍ ദാസിന്റെ ഉടമസ്ഥതയിലുളള വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. കൈരളി കണ്‍സ്ട്രക്ഷന്‍ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ പേര് ദേശീയ പതാക ഉപയോഗിച്ച് മറച്ചുവച്ചിരുന്നു.
സിപിഎം അനുഭാവിയായ കരാറുകാരന്റെ വാഹനമാണ് ഇതിന് ഉപയോഗിച്ചത്. പോലീസ് വാഹനം കേടായസാഹചര്യത്തിലാണ് സ്വകാര്യവ്യക്തിയുടെ വാഹനം പരേഡിന് മന്ത്രിക്ക് സഞ്ചരിക്കാനായി ഉപയോഗിച്ചതെന്നാണ് വിശദീകരണം. പോലീസ് വാഹനം കേടായാല്‍ മറ്റു ജില്ലകളില്‍ നിന്ന് വാഹനം എത്തിക്കാമെന്നിരിക്കെയാണ് സ്വകാര്യവാഹനം ഉപയോഗിച്ചത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള വാഹനമാണ് പരേഡിനായി ഉപയോഗിക്കാറ്. എന്നാല്‍ വാഹനത്തിന് 15 വര്‍ഷത്തെ പഴക്കമുള്ളതിനാല്‍ ഫിറ്റ്നസ് ലഭിച്ചില്ല. വെസ്റ്റ്ഹില്‍ ബാരക്സില്‍ പട്ടാളവാഹനം ഉപയോഗിക്കാമെന്നിരിക്കെ സാങ്കേതികത്വത്തിന്റെ പേരില്‍ ഇത് ഒഴിവാക്കി. പാട്ടാളവാഹനം പട്ടാളക്കാര്‍ തന്നെ ഓടിക്കണമെന്നതിനാലാണ് ഈ വാഹനം ഉപയോഗിക്കാതിരുന്നത്.
നിലവില്‍ ഉപയോഗിച്ച സ്വകാര്യവാഹനം മുന്‍പ് സ്റ്റുഡന്റ് കേഡറ്റ് പരേഡിനായി ഉപയോഗിച്ചിരുന്നു. മലപ്പുറം രജിസ്ട്രേഷനുള്ള വാഹന നമ്പര്‍ ഉള്‍പ്പെടെ പോലീസ് കളക്ടറുടെ അനുമതിക്കായി നല്കി. കളക്ടര്‍ ഉടന്‍ അനുമതി നല്‍കുകയും ചെയ്തു. ഒരാഴ്ചമുന്പ് തന്നെ വാഹനം കോഴിക്കോട്ട് എത്തിച്ചിരുന്നു. മറ്റൊരു ജില്ലയില്‍ രജിസ്ട്രേഷനുള്ള വാഹനം ഉപയോഗിക്കുന്നത് വിവാദമാകാനിടയുണ്ടെന്ന് സംസാരമുണ്ടായിരുന്നു. സംഭവം വിവാദമാക്കിയതിനു പിന്നില്‍ തന്റെ ചോരകുടിക്കാനുള്ള ചിലരുടെ ശ്രമമാണെന്നും പിന്നില്‍ പോലീസുകാരുടെ വീഴ്ചയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
വാഹനം സംബന്ധിച്ച് എല്ലാനടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നാണ് ജില്ലാകളക്ടര്‍ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. വണ്ടിയുടെ ആര്‍സി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയല്ല. പരേഡില്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ മന്ത്രിയുടെ റോള്‍ എന്താണെന്ന് പ്രചാരണം നടത്തുന്നവര്‍ വ്യക്തമാക്കണം. അതൊരു അധോലോക രാജാവിന്റെ വണ്ടി ആയാല്‍ പോലും മന്ത്രിയുടെ ഉത്തരവാദിത്തം ആവുന്നത് എങ്ങനെയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
നേരത്തെ കോടിയേരി ബാലകൃഷ്ണന് സിപിഎം യാത്രയില്‍ കൊടുവള്ളിയിലെ വിവാദവ്യാപാരിയുടെ കൂപ്പര്‍ ഉപയോഗിച്ചത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: