മുംബൈ: അയോധ്യരാമക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ നിന്നും ആത്മീയ ടൂറിസം വഴി ഉത്തര്‍പ്രദേശ് 2028 ആകുമ്പോഴേക്കും 50000 കോടി ഡോളര്‍ വരുമാനം നേടുമെന്ന് എസ് ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) യുടെ ഇക്കണോമിക് റിസര്‍ച്ച് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ ആത്മീയ ടൂറിസം വളര്‍ത്തുന്നതിനായി നടപ്പിലാക്കുന്ന പ്രസാദം പദ്ധതിയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഉത്തര്‍പ്രദേശിന് വന്‍വരുമാനം ലഭിക്കുമെന്നാണ് എസ് ബിഐറിപ്പോര്ട്ട് വിലയിരുത്തുന്നത്. 2024ന്റെ അവസാനത്തോടെ തന്നെ ഏകദേശം നാല് ലക്ഷം കോടി വരുമാനം ഉത്തര്‍പ്രദേശിന് ലഭിക്കും.
എളുപ്പത്തില്‍ ഉത്തര്‍പ്രദേശിലെ ക്ഷേത്രങ്ങളില്‍ എത്തിച്ചേരാന്‍ പാകത്തിലാണ് ഉത്തര്‍പ്രദേശിലെ ഭൗതിക സൗകര്യങ്ങളും ഡിജിറ്റല്‍ സൗകര്യങ്ങളും. ഇത് ടൂറിസ്റ്റുകളുടെ പോക്കുവരവിന് തികച്ചും അനുകൂലമാണ്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ യുപി അഞ്ചാം സ്ഥാനത്താണ്. 2022ല്‍ 32 കോടി ടൂറിസ്റ്റുകള്‍ യുപിയില്‍ എത്തി.ഇതില്‍ 2.1 കോടി പേര് അയോധ്യ കാണാന്‍ മാത്രം എത്തിയവരാണ്. 2022ല്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ 2 ലക്ഷം കോടി രൂപ ചെലവാക്കിയെങ്കില്‍, 10,500 കോടി രൂപയാണ് വിദേശ ടൂറിസ്റ്റുകള്‍ യുപിയില്‍ ചെലവാക്കിയത്. 2024ല്‍ ഈ തുക നേരെ ഇരട്ടിയാകും. 2025ല്‍ ടൂറിസ്റ്റുകളുടെ വരവില്‍ വന്‍കുതിപ്പുണ്ടാകും. ഇതുവഴി നല്ല നികുതി വരുമാനവും യുപിയ്ക്ക് ലഭിക്കും.
ആത്മീയ ടൂറിസം വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രസാദ് പദ്ധതി പ്രകാരം ടൂറിസ്റ്റുകളുടെ വരവും പോക്കും അനായാസമാക്കാന്‍ റോഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ വികസിപ്പിച്ചു. ഇവര്‍ക്കു വേണ്ട എല്ലാ ബജറ്റിലുള്ള താമസസൗകര്യങ്ങളും ഒരുക്കി. ഇതോടെ ടൂറിസ്റ്റുകള്‍ക്ക് യുപി എളുപ്പം പോയി വരാവുന്ന ടൂറിസ്റ്റ് കേന്ദ്രമായി മാറിയിട്ടുണ്ട്.
വൈകാതെ അങ്കോര്‍ വാറ്റ്, ശ്രീലങ്ക, ബാറ്റു കേവ്സ്, പശുപതിനാഥ് എന്നിവ പോലെ ആഗോളതലത്തില്‍ തന്നെയുള്ള മികച്ച ടൂറിസ്റ്റ് കേന്ദ്രമായി ഇന്ത്യ മാറും. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തില് വ്യവസായം, കൃഷി, സേവനം എന്നീ മേഖലകളില്‍ മികച്ച സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് യുപി. 2028ല്‍ ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ് ഘടനയായി മാറാന്‍ പോവുകയാണ്. ഇതോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തരോല്പാദനത്തില് ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി യുപി മാറാന്‍ പോവുകയാണ്. 2028 ആകുമ്പോഴേക്കും മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 10 ശതമാനം യുപി സംഭാവന ചെയ്യും. ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുക മഹാരാഷ്ട്ര തന്നെ. 13 ശതമാനം. ഈ കുതിപ്പില്‍ യുപിയ്ക്ക് തുണയാവുക അയോധ്യാ ക്ഷേത്രം ഉയര്‍ന്നതുമൂലമുള്ള ആത്മീയ ടൂറിസ്റ്റുകളുടെ വരവും കൂടിയാണ്. അങ്ങിനെ ഇന്ത്യ 2028ല്‍ ജര്‍മ്മനിയെ അടക്കം പിന്നിലാക്കി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമ്പോള്‍, യുപി ഇന്ത്യയുടെ സമ്പദ്ഘടനയിലേക്ക് സംഭാവന ചെയ്യുക 51500 കോടി ഡോളര്‍ ആയിരിക്കുമെന്ന് എസ് ബിഐ ഇക്കണോമിക് റിസര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: