സ്ത്രീകളുടെ വസ്ത്ര ധാരണത്തെക്കുറിച്ച് കഴിഞ്ഞ വർഷം ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നിത്യ മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീകൾ സാഹചര്യത്തിന് അനുസരിച്ച് വസ്ത്രം ധരിക്കേണ്ടതുണ്ടെന്ന് നിത്യ മേനോൻ അന്ന് അഭിപ്രായപ്പെട്ടു.
‘നമ്മളുടെതായ സംസ്കാരം എന്നൊന്നുണ്ട്. അത് നമ്മൾ ഓർക്കണം. ഇന്ത്യൻ സിവിലെെസേഷൻ വളരെ പഴക്കമുള്ളതാണ്. ആ കൾച്ചറിന്റെ ഹാങ് ഓവറാണ്. ഇതാണ് നമുക്ക് പരിചിതം. എവിടെ പോയാലും അവിടെയുള്ളതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും നിങ്ങൾ കൊണ്ട് വന്നാൽ ആളുകൾ അതിനെ എതിർക്കും. ഡ്രസ് മാത്രമല്ല. തലമുറകളായി ഇത് നമ്മുടെ സംസ്കാരത്തിൽ ഇല്ല’
‘പെട്ടെന്ന് പുതിയ എന്തെങ്കിലും വന്നാൽ ആളുകൾ എതിർക്കും. ഇന്ത്യയിൽ മാത്രമല്ല അത്. അമേരിക്കയിലെ ചെറിയ ഗ്രാമത്തിൽ പോയാൽ നിങ്ങൾക്ക് കറുത്ത മുടിയാണെങ്കിൽ അവർ എതിർക്കും. എന്താണിത്, ഇവരെന്താണ് ഇവിടെ എന്ന് അവർ ചോദിക്കും. ഇത് മനസിലാക്കി നമ്മൾ ഡ്രസ് ചെയ്യണം. ഒരു ക്ഷേത്രത്തിൽ പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് നമ്മൾക്ക് അറിയണം’
‘വിവാഹത്തിന് പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയണം. പരമ്പരാഗത വിവാഹ ചടങ്ങിനാണ് പോകുന്നതെങ്കിൽ അതിനനുസരിച്ച് ഡ്രസ് ചെയ്യണം. ഞാൻ സാഹചര്യത്തിന് അനുസരിച്ചാണ് ഡ്രസ് ചെയ്യാറ്. ഓപ്പൺ ക്ലോത്തുകൾ ഞാൻ ധരിക്കാറില്ലെന്ന് അല്ല. പക്ഷെ എവിടെ ധരിക്കണം എന്നെനിക്ക് അറിയാം. ഒരു സ്ഥലവുമായി ഇണങ്ങിച്ചേരുന്നതാണ് തനിക്കിഷ്ടം,’ നിത്യ മേനോൻ പറഞ്ഞതിങ്ങനെ.
വിവാഹശേഷം നടിമാർക്ക് കരിയർ വിടുന്നതിനെക്കുറിച്ചും നിത്യ മേനോൻ അന്ന് സംസാരിച്ചു. ആ സമയത്ത് എന്താണ് നമ്മുടെ പ്രയോരിറ്റി എന്നറിയണം. നമ്മളെ സന്തോഷിപ്പിക്കുന്ന ഒരാളുണ്ടെങ്കിൽ എന്തിനാണ് രണ്ട് തവണ ചിന്തിക്കുന്നത്. അത് ചെയ്യുക. നിങ്ങൾക്ക് എന്താണോ വേണ്ടത് അതിനനുസരിച്ച് പ്രവർത്തിക്കുക. സമൂഹം മാറിക്കോളുമെന്നും നിത്യ മേനോൻ വ്യക്തമാക്കി. നായികമാർ ഒരു പ്രായം കഴിയുമ്പോൾ സ്വഭാവ നടിയായി ഒതുങ്ങുന്നതിനെയും നിത്യ മേനോൻ അന്ന് ന്യായീകരിച്ചു.
ഒരു നായികയെ മോഹിപ്പിക്കുന്ന വസ്തുവായാണ് കാണിക്കുന്നത്. കൊമേഴ്ഷ്യൽ സിനിമയുടെ ഫോർമാറ്റ് അത് മാത്രമാണ്. നായകന്റെ പൗരുഷമാണ് സ്ക്രീനിൽ കാണിക്കുന്നത്. അത് ഏത് പ്രായത്തിലും ചെയ്യാമെന്ന് നിത്യ മേനോൻ അഭിപ്രായപ്പെട്ടു. മാസ്റ്റർ പീസ് എന്ന സീരീസിലാണ് മലയാളത്തിൽ നിത്യയെ അവസാനമായി പ്രേക്ഷകർ കണ്ടത്.
കുമാരി ശ്രീമതി എന്ന തെലുങ്ക് സീരീസും പുറത്തിറങ്ങി. പൊതുവെ സമകാലിക വിഷയങ്ങളിൽ അഭിപ്രായം പറയാത്ത നിത്യ മേനോൻ കഴിഞ്ഞ ദിവസം അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ നിലപാട് വ്യക്തമാക്കിയത് ചർച്ചയായിരുന്നു. നടി രേവതി രാമക്ഷേത്രത്തെ അനുകൂലിച്ച് കുറിപ്പ് പങ്കുവെച്ചപ്പോൾ ഇതിനെ പിന്തുണയ്‌ക്കുകയായിരുന്നു നിത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: