Categories: Kerala

ഇത് സ്വപ്‌നസാക്ഷാത്കാരം; 23-ാം വയസ്സില്‍ റിപ്പബ്ലിക്ദിന പരേഡില്‍ സേനയുടെ വാളേന്തി ദേവിക

Published by

കോട്ടയം: ഇന്ന് കര്‍ത്തവ്യപഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 140 പേരടങ്ങുന്ന നേവി കണ്ടിന്‍ജന്റ് സംഘത്തിന് പ്ലാറ്റൂണ്‍ കമാന്‍ഡറായി നേതൃത്വം നല്‍കി മലയാളത്തിന് അഭിമാനമായ കാഴ്ചയായി മാറിയ മലയാളി പെണ്‍കുട്ടി. അടൂര്‍ പന്നിവിഴ ഹരിശ്രീമഠം വീട്ടില്‍ എച്ച്.ദേവിക.

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുകയെന്ന ദേവികയുടെ എക്കാലത്തേയും വലിയ മോഹമായിരുന്നു. റിപ്പബ്ലിക്ദിനത്തില്‍ പരേഡ് നയിക്കാന്‍ വനിതാ ഓഫീസര്‍മാര്‍ക്ക് നിയോഗം വന്നുചേര്‍ന്ന ചരിത്രമുഹൂര്‍ത്തത്തില്‍ അത് ദേവികയെ തേടിയെത്തി. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനം അലങ്കരിക്കുന്നത്. അതിനുവേണ്ടിയുള്ള പരിശീലനം മൂന്ന് മാസം മുന്നേ തുടങ്ങിയതാണ്. ദല്‍ഹിയിലെ കൊടും തണുപ്പൊന്നും പ്രശ്‌നമേയല്ല നേവിയില്‍ ഐടി-സൈബര്‍ വിഭാഗത്തില്‍ ഓഫീസറായ ദേവികയ്‌ക്ക്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍നിന്ന് ബി.ടെക് നേടിയശേഷമാണ് സബ് ലഫ്റ്റനന്റ് മത്സരപരീക്ഷയെഴുതി നാവികസേനയില്‍ പ്രവേശിച്ചത്.

വ്യോമസേനയില്‍ പൈലറ്റാകണമെന്നായിരുന്നു ദേവികയുടെ മോഹം. നാവികസേനയില്‍ ജോലി ലഭിച്ചപ്പോള്‍ ഇവിടെത്തന്നെ പൈലറ്റാകുക എന്നതാണ് ഈ 23 കാരിയുടെ അടുത്ത ലക്ഷ്യം. എന്‍സിസി എയര്‍വിങ് സി സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. അത്‌ലറ്റിക്‌സിലും വോളിബോളിലും മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ഡൽഹിയിൽ നേവൽ സൈബർ ഓഫീസിലാണ് ഈ 23കാരിയുടെ പോസ്റ്റിംഗ്.

എയര്‍ഫോഴ്‌സ് മുന്‍ വാറന്റ് ഓഫീസറും കോട്ടയം ജില്ലാ കോടതി മാനേജരുമായ കരിക്കോട്ടില്ലം ശ്രീഹരികുമാര്‍ നമ്പൂതിരിയുടേയും കവിതാദേവിയുടേയും മകളാണ്.
സഹോദരന്‍ ശ്രീശങ്കര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by