യോഗ്യത- എസ്എസ്എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ. പ്രായപരിധി 18-30 വയസ്, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളുടെ കേന്ദ്രീകൃത വിജ്ഞാപനം അതത് ബോര്‍ഡുകളുടെ വെബ്സൈറ്റില്‍; വിവരങ്ങള്‍ www.rrbthiruvananthapuram.gov.in ലഭ്യമാകും. ഫെബ്രുവരി 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റാവാന് യുവതിയുവാക്കള്‍ക്ക് അവസരം. തിരുവനന്തപുരം ചെന്നൈ അടക്കം വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളുടെ (ആര്‍ആര്‍ബി) കീഴിലായി ഇന്ത്യയൊട്ടാകെ 5696 ഒഴിവുകള്‍ ലഭ്യമാണ്. ഇത് സംബന്ധിച്ച് വിശദവിവരങ്ങളടങ്ങിയ കേന്ദ്രീകൃത തൊഴില്‍ വിജ്ഞാപനം (നമ്പര്‍ 01/ 2024) അതത് ആര്‍ആര്‍ബിയുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. www.rrbthiruvananthapuram.gov.in, www.rrbchennai.gov.in, www.rrbbne.gov.in എന്നീ വെബ്സൈറ്റുകളിലും വിജ്ഞാപനമുണ്ട്.
മെഡിക്കല്‍ ഫിസിക്കല്‍ ഫിറ്റനസുള്ള ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. ഫിറ്റര്‍, ഇലക്ട്രീഷ്യന്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്,മില്‍റൈറ്റ്/ മെയിന്റ്നന്‍സ് മെക്കാനിക്ക്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, വയര്‍മാന്‍, ട്രാക്ടര്‍ മെക്കാനിക്, ആര്‍മെച്വര്‍ ആന്‍ഡ് കോയില്‍ വൈന്‍ഡര്‍, മെക്കാനിക് (ഡീസല്‍), ഹീറ്റ് എന്ജിന്, ടര്‍ണര്‍, മെഷ്യനിസ്റ്റ്, റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക്ക് ട്രേഡില്‍ ഐടിഐ (എന്‍സിവിടി/ എസ്സിവിടി) സര്‍ട്ടിഫിക്കറ്റുണ്ടാകണം.
എസ്എസ്എല്‍സിയും മെക്കാനിക്കല്‍/ ഇലട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് ത്രിവത്സര ഡിപ്ലോമയും അല്ലെങ്കില്‍ ഇതേബ്രാഞ്ചുകളില് എന്‍ജിനിയറിംഗ് ബിരുദവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 18-30 വയസ്. പട്ടികജാതി/ പട്ടികവര്‍ഗകാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ക്രിമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും വിമുക്തഭടന്മാര് വിധവകള്‍ മുതലായ മറ്റ് വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരവും വയസ്സിളവ് ലഭിക്കും.
അപേക്ഷ/ പരീക്ഷാ ഫീസ് 500 രൂപ. എസ് സി/ എസ്ടി വിമുക്തഭടന്മാര്/ വനിതകള്‍/ ട്രാന്സ്ജന്ഡര് മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി ഓണ്‍ലൈനായി ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ആപ്ടിട്യൂഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് . എസ്സി/എസ്ടി/ ഒബിസി-എന്‍സിഎല്‍/ ഇഡബ്ല്യുഎസ്/ വിമുക്തഭടന്മാര് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്. ദക്ഷിണ റെയില്‍വേയുടെ പരിധിയിലുള്ള തിരുവനന്തപുരം ആര്‍ആര്‍ബിയുടെ കീഴില്‍ 70 ഒഴിവുകളും ചെന്നൈ ആര്‍ആര്‍ബിയുടെ കീഴില്‍ 148 ഒഴിവുകളുമുണ്ട്. പ്രാരംഭ ശമ്പളം 19900 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: