ന്യൂദല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കര്‍പ്പൂരി ഠാക്കൂറിന് ഭാരത രത്ന പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാര്‍ രാഷ്‌ട്രീയത്തിലും മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.
ജെഡിയുവില്‍ വലിയൊരു വിഭാഗം നേതാക്കള്‍ ബിജെപിക്കൊപ്പം പോകണമെന്ന നിലപാട് നിതീഷ് കുമാറിന് മുന്നില്‍ വച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇല്ലെങ്കില്‍ ജെഡിയുവില്‍ പിളര്‍പ്പിനുള്ള സാധ്യതകളും വളരുകയാണ്. ബിഹാറിലെ ജെഡിയുവിന്റെ മന്ത്രിമാരെല്ലാവരും എന്‍ഡിഎയിലേക്ക് തിരികെ പോകുന്നതിനെ അനുകൂലിക്കുകയും ചെയ്യുന്നു.
ജനുവരി 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പൊതുയോഗങ്ങളും പരിപാടികളും നിതീഷ് കുമാര്‍ റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും അതിന് മുന്നോടിയായി നിതീഷിന്റെ നേതൃത്വത്തിലേക്കുള്ള നിലവിലെ മഹാസഖ്യം പിരിച്ചു വിടുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജെഡിയു എംഎല്‍എമാരോട് അടിയന്തരമായി പട്‌നയിലെത്താന്‍ നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കി. ആര്‍ജെഡിയുടെ ചാക്കിടല്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയാണിതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിനു കേന്ദ്ര സര്‍ക്കാര്‍ ഭാരതരത്‌നം പ്രഖ്യാപിച്ചതു ബിജെപി-ജെഡിയു സഖ്യം പുനഃസ്ഥാപിക്കുന്നതിന്റെ മുന്നോടിയാണെന്ന വിലയിരുത്തലുണ്ട്. തന്റെ രാഷ്‌ട്രീയ ഗുരുവായ കര്‍പൂരി ഠാക്കൂറിന് ഭാരതരത്‌നം നല്‍കിയതില്‍ നരേന്ദ്രമോദിക്ക് നിതീഷ് കുമാര്‍ നന്ദി അറിയിച്ചിരുന്നു.
ബുധനാഴ്ച നടന്ന കര്‍പൂരി ഠാക്കൂര്‍ അനുസ്മരണ വേദിയില്‍ കുടുംബാധിപത്യ രാഷ്‌ട്രീയത്തെ നിതീഷ് വിമര്‍ശിച്ചിരുന്നു. സ്വന്തം കുടുംബാംഗങ്ങളെ നേതാക്കളായി വാഴിക്കുന്ന സമീപകാല രീതിക്ക് അപവാദമാണ് കര്‍പ്പൂരി ഠാക്കൂര്‍ എന്നും അദ്ദേഹം ഒരിക്കലും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നിതീഷ് പറഞ്ഞു. തനിക്കും കുടുംബവാഴ്ചയില്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയും ഉദ്ദേശിച്ചാണെന്ന വ്യഖ്യാനം ഉണ്ടായിരുന്നു.
സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ സഖ്യം വിടുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബി.ജെ.പി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി സഖ്യത്തില്‍ നിന്ന് പിന്മാറിയ നിതീഷ് 2015 ല്‍ മഹാഗഡ്ബന്ധന്‍ സഖ്യം രൂപീകരിച്ച് രാഷ്‌ട്രീയ എതിരാളിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുമായി കൈകോര്‍ത്തായിരുന്നു ബീഹാറില്‍ മുഖ്യമന്ത്രിയായത്.
2020 ല്‍ നടന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാപനം നീതീഷ്‌കുമാറിന് നല്‍കിയിരുന്നു.
243 അംഗ ബിഹാര്‍ നിയമസഭയില്‍ ആര്‍ജെഡിക്ക് 79 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് 78ഉം. ജെഡിയു 45, കോണ്‍ഗ്രസ് 19, സിപിഐഎംഎല്‍ 12, സിപി ഐഎം രണ്ട്, സിപിഐ രണ്ട്, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നാല്, എഐഎംഐഎം ഒന്ന്, ഒരു സ്വതന്ത്രനുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: