Categories: Kerala

മുഖ്യമന്ത്രിയെ ഒപ്പമിരുത്തി കേന്ദ്രനേട്ടം അക്കമിട്ടു നിരത്തി; കേരളത്തിന് കൊട്ടും കൊടുത്ത് ഗവര്‍ണര്‍

Published by

 

 

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ വേദിയിലും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയനെ അടുത്തിരുത്തിയായിരുന്നു കേന്ദ്രസര്‍ക്കാരിനെ പ്രകടമായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്തും പ്രശംസിച്ചും സംസ്ഥാന സര്‍ക്കാരിനെതിരെ മുനവെച്ച വാക്കുകളില്‍ പരോക്ഷമായി വിമര്‍ശിച്ചും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.വേദിയില്‍ തൊട്ടടുത്തായിരുന്നു ഇരുന്നതെങ്കിലും ഇരുവരും പരസ്പരം മുഖംകൊടുത്തില്ല. ഗവര്‍ണര്‍ എത്തിയപ്പോള്‍ അഭിവാദ്യംചെയ്യാനായി എഴുന്നേറ്റു നിന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയെ ശ്രദ്ധിച്ചില്ല. തുടര്‍ന്ന് പരേഡ് സ്വീകരിക്കുമ്പോഴും ഇരുവരും അടുത്തടുത്തായി ഉണ്ടായിരുന്നെങ്കിലും പരസ്പരം നോക്കാന്‍ പോലും തയ്യാറായില്ല.

”വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാല്‍ വിയോജിപ്പ് ശാരീരികമോ വാക്കാലുള്ളതോ ആയ അക്രമത്തിലേക്ക് അധഃപതിക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയും മനുഷിക പരാജയത്തിന്റെ പ്രതീകവുമാണ്. അധികാരത്തിനുവേണ്ടിയുള്ള ആഭ്യന്തരകലഹങ്ങളും സംഘം തിരിഞ്ഞുള്ള ഏറ്റുമുട്ടലും ഭരണനിര്‍വഹണത്തെ ബാധിക്കും. അതുവഴി യുവാക്കള്‍ക്ക് മോശം മാതൃക സൃഷ്ടിക്കരുത്. അക്കാദമിക അന്തരീക്ഷത്തെ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ പ്രേരിപ്പിക്കുന്നതരത്തില്‍ ബാഹ്യഇടപെടല്‍ ഇല്ലാത്തതും, യഥാര്‍ഥത്തില്‍ സ്വയംഭരണാധികരമുള്ളതുമാവണം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍. ആളുകള്‍ യാഥാര്‍ഥ്യത്തിന്റെ ഒരൊറ്റ വ്യാഖ്യാനത്തില്‍ ഒതുങ്ങരുതെന്ന ഇന്ത്യന്‍ വിശ്വാസത്തിനും ജനാധിപത്യത്തിനും എതിരായ അധികാരവാദമല്ല കാലത്തിന്റെ ആവശ്യം. വാദത്തിന്റെ ശക്തിയില്‍ വിശ്വാസമര്‍പ്പിക്കുന്ന മഹത്തായ നാഗരികതയുടേയും സഹാനുഭൂതിയുടേയും സംഭാഷണത്തിന്റേയും സംസ്‌കാര രൂപപ്പെടുത്തിയെടുക്കണം’mxസംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ പറഞ്ഞു.
പധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തെ സൂപ്പര്‍ പവറാക്കാന്‍ നോക്കുകയാണെന്നും ലോകം ശ്രദ്ധിക്കുന്ന ശക്തിയായി ഭാരതം മാറുന്നവെന്നും പറഞ്ഞ് കേന്ദ്രനേട്ടങ്ങള്‍ ഗവര്‍ണര്‍ നിരത്തുകയും ചെയ്തു
‘നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയും ജനാധിപത്യത്തിലുള്ള അചഞ്ചലമായ വിശ്വാസവുമാണ് നമ്മെ മുന്നോട്ട് നയിക്കുന്ന മൂല്യങ്ങളുടെ കാതല്‍. സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനിക്കുന്നതിനും ഇന്ത്യയെ സൂപ്പര്‍ പവര്‍ ആക്കുന്നതിന് സ്വാതന്ത്ര സമരസേനാനികള്‍ കണ്ട സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ആത്മവിശ്വാസവും ശക്തിയും വളര്‍ത്തിയെടുക്കുന്നതിനും അമൃത് കാലത്തിന്റെ ചൈതന്യം ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്നു. ജി20 അധ്യക്ഷത രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ പദവി ഉയര്‍ത്തി. വന്ദേഭാരത് ട്രെയിനുകളും കൊച്ചി വാട്ടര്‍മെട്രോയും മെയ്ക് ഇന്‍ ഇന്ത്യ നയത്തിന്റെ വിജയമാണ്. കൊച്ചി കപ്പല്‍ശാലയിലെ െ്രെഡഡോക്കും ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിയും മെയ്ക് ഇന്‍ ഇന്ത്യക്ക് കേരളത്തിന്റെ സംഭാവനയാണ്. 13.5 കോടി ജനങ്ങളെ ദാരിദ്രത്തില്‍നിന്ന് മുക്തരായി. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം 78 ലക്ഷം വീടുകള്‍ നിര്‍മിച്ചു. ഇതില്‍ മൂന്നരലക്ഷം വീടുകള്‍ കേരളത്തില്‍ പി.എം.എ.വൈ. ലൈഫ് മിഷന്‍ പ്രകാരം നിര്‍മിച്ചവയും ഉള്‍പ്പെടുന്നു. ഗവര്‍ണര്‍ പറഞ്ഞു.
ആരോഗ്യ ടൂറിസം രംഗത്തെ അംഗീകരങ്ങള്‍ കേരളത്തിന് അഭിമാനകരമാണ്. ചന്ദ്രയാന്‍ മൂന്ന്, ഗഗന്‍യാന്‍, ആദിത്യ എല്‍1 എന്നിവയുടെ വിജയവും വനിതാ സംവരണ ബില്‍ പാസാക്കിയതും സാമ്പത്തിക സാങ്കേതിക രംഗത്ത് കേന്ദ്രസര്‍ക്കാര്‍ നേട്ടങ്ങളും കോവിഡിനെ അതിജീവിച്ചതും പ്രതിരോധ മേഖലയിലടക്കം കൈവരിച്ച നേട്ടങ്ങളും എല്ലാം ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന്മലയാളത്തിലായിരുന്നു ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തില്‍ മഹാകവി ജി. ശങ്കരകുറുപ്പിന്റെ വരികള്‍ അദ്ദേഹം ഉദ്ധരിച്ചു. രവീന്ദ്രനാഥ് ടാഗോറിന്റേയും ഭഗവത് ഗീതയിലേയും വരികള്‍ കടന്നുവന്നു. പ്രസംഗം അവസാനിപ്പിച്ചതും മലയാളത്തിലായിരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by