തിരുവനന്തപുരം: വർക്കലയിൽ മോഷണക്കേസിൽ പിടിയിലായ നേപ്പാൾ സ്വദേശി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ നാട്ടുകാരുടെ മർദ്ദനമാണ് മരണകാരണമെന്ന് സംശയം. പ്രതികളെ പോലീസിനെ ഏൽപ്പിക്കുന്നതിന് മുമ്പായി രാംകുമാറിനെയും ജനക് ഷായെയും നാട്ടുകാർ ക്രൂരമായി മർദ്ദിച്ചുവെന്ന നിഗമനത്തിലാണ് പോലീസ്. കസ്റ്റഡിയിൽ വച്ച് മർദ്ദനമുണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം അയിരൂർ പോലീസ് കോടതിയിൽ രാംകുമാറിനെ ഹാജരാക്കവെയാണ് ഇയാൾ കുഴഞ്ഞു വീണത്. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോഷണം കഴിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ വീടിനോട് ചേർന്നുള്ള കമ്പിവേലിയിൽ കുരുങ്ങി അവശനിലയിൽ നാട്ടുകാരാണ് പോലീസിന് കൈമാറിയത്.
പിന്നാലെ സമീപത്തെ പ്രദേശത്ത് ഒളിച്ചിരുന്ന കൂട്ടുപ്രതിയെ തൊട്ടടുത്ത ദിവസം രാവിലെയും പിടികൂടി. മർദ്ദനം മൂലമോ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായോ ജനക് ഷായുടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. മരിച്ച രാംകുമാറിന്റെ നിലയും മോശമായിരുന്നുവെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: