തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി രാവിലെ 9ന് നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓര്ണറിനു ശേഷം നിയമസഭാ മന്ദിരത്തിലേക്ക്. സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. രാധാകൃഷ്ണനും സ്വീകരിക്കാന്‍ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. സ്പീക്കര്‍ ബൊക്കെ നല്കി സ്വീകരിച്ചു. ഗവര്‍ണര്‍ പ്രത്യഭിവാദ്യം ചെയ്തു. മുഖ്യമന്ത്രി ബൊക്കെ നല്‍കിയെങ്കിലും മുഖത്ത് നോക്കാതെ ബൊക്കെ സ്വീകരിച്ച ശേഷം സഭാ മന്ദിരത്തിലേക്ക്. സഭയ്ക്ക് അകത്ത് അംഗങ്ങളെ വണങ്ങി മുന്നോട്ട് നീങ്ങി സ്പീക്കര്‍ക്ക് സമീപം നയപ്രഖ്യാപന പ്രസംഗത്തിന് തയാറാക്കിയ പ്രത്യേക ഇരിപ്പിടത്തിലേക്ക്. ഇതിനിടയില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പ് നടത്തിയെന്ന് പ്രതിപക്ഷത്ത് നിന്നും ആരോപണമുയര്‍ന്നു. അങ്ങനെയെങ്കില്‍ എന്താ കുഴപ്പമെന്ന് ഭരണപക്ഷവും.
ദേശീയഗാനത്തിന് ശേഷം സഭയെ അഭിസംബോധന ചെയ്ത് നയപ്രഖ്യാപനത്തിലേക്ക് ഗവര്‍ണര്‍ കടന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ വായിക്കേണ്ടത് 1 മിനിട്ട് 17 സെക്കന്റ് കൊണ്ട് നിര്‍ത്തിയതോടെ സ്പീക്കറും അമ്പരന്നു. ദേശീയഗാനം ആലപിക്കാന്‍ ഗവര്‍ണര്‍ കൈകാണിച്ചു. തുടര്‍ന്ന് ആരോടും സംസാരിക്കാതെ സഭയ്ക്ക് പുറത്തേക്ക്. ഇതോടെ പ്രതിപക്ഷത്തിന്റെ വായും അടഞ്ഞു.
യാത്രയയക്കാന്‍ മുഖ്യമന്ത്രി പോയെങ്കിലും ഗവര്‍ണര്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയാതെ വാഹനത്തില്‍ കയറി. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോരിനിടെ ഇത് മൂന്നാം തവണയാണ് ഇരുവരും മുഖാമുഖം കാണുന്നത്.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ, പ്രധാനമന്ത്രിയെ സ്വീകരിക്കല്‍ ചടങ്ങ്, ഇന്നലത്തെ നയപ്രഖ്യാപനം. നയപ്രഖ്യാപനത്തിന്
എത്തുമ്പോഴെങ്കിലും നീരസം മാറുമെന്നാണ് കരുതിയത്. അതും തെറ്റി. ഇനി റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള രാജ്ഭവനിലെ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് ഇന്ന് അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: