ഹൈദരാബാദ്: അതിവേഗം സ്കോര്‍ ചെയ്യുന്ന ബാസ്ബോള്‍ ശൈലിയുമായി ഭാരതത്തിനെതിരെ ഇറങ്ങിയ ഇംഗ്ലണ്ടിന് അതേ നാണയത്തില്‍ തിരിച്ചടി. ഭാരതത്തിന്റെ സ്പിന്‍ കരുത്തില്‍ ബാസ്ബോള്‍ പട പൂച്ചകളായി പതുങ്ങി. ഒടുവില്‍ ആദ്യ ഇന്നിങ്സില്‍ 246 റണ്‍സില്‍ ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ അതിവേഗ സ്കോറിങ് എങ്ങനെയെന്ന് കാട്ടിക്കൊടുത്ത് ഭാരതം ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. കരുത്തന് തുടക്കത്തിനിടെ നായകന് രോഹിത് ശര്‍മയെ നഷ്ടമായി.
സ്കോര്‍: ഇംഗ്ലണ്ട്- 246/10(64.3); ഭാരതം- 119/1(23)
തട്ടുപൊളിപ്പന്‍ പ്രകടനവുമായി തുടങ്ങിയ ഇംഗ്ലണ്ടിനെ ഭാരത സ്പിന്നര്‍മാരാണ് വിരിഞ്ഞുകെട്ടിപൂട്ടിയത്. തുടര്‍ന്നായിരുന്നു യശസ്വി ജയ്സ്വാളിന്റെ നേതൃത്വത്തില്‍ ഭാരതത്തിന്റെ ആക്രമണോത്സുക തുടക്കം. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 70 പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ ഒമ്പത് ബൗണ്ടറികളുടെയും മൂന്ന് സിക്സറിന്റെയും അകമ്പടിയില്‍ 76 റണ്‍സെടുത്ത് ക്രീസിലുണ്ട്. 43 പന്തില്‍ 14 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ ആണ് ഒപ്പമുള്ളത്. തുടക്കം മുതലേ വേഗത്തില്‍ സ്കോര്‍ ചെയ്യുന്ന ശൈലിയുമായാണ് ഭാരത ഓപ്പണര്‍ തുടങ്ങിയത്. ആദ്യമൊക്ക ജയ്സ്വാളിന് പിന്തുണ നല്കി കളിച്ച രോഹിത് പതുക്കെ ആക്രമണശൈലിയിലേക്ക് ചുവട് മാറുന്നതിനിടെയാണ് പുറത്തായത്. ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച്ച് ഒരുക്കിയ കുരുക്കില്‍ വമ്പന്‍ ഷോട്ടിന് മുതര്‍ന്ന് ഭാരത നായകന് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. 27 പന്തില്‍ 24 റണ്‍സെടുത്തു നില്‍ക്കെ ഇംഗ്ലണ്ട് നായകന് സ്റ്റോക്സിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. ആദ്യ വിക്കറ്റില്‍ രോഹിത്തും ജയ്സ്വാളും ചേര്‍ന്ന് 12.2 ഓവറില്‍ നേടിയത് 80 റണ്‍സ്.
രാവിലെ ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സ് ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രോളി(20)യും ബെന്‍ ഡക്കെറ്റും(35) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത് ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും രക്ഷയുണ്ടായില്ല. മികച്ച റണ്‍നിരക്കോടെ അവര്‍ സ്കോര്‍ ചെയ്തു. ആദ്യ എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ തന്നെ നായകന് രോഹിത് സ്പിന്നര്‍മാരെ പന്തേല്‍പ്പിച്ചു. ഉടനടി ഫലം വന്നു. 12-ാം ഓവറിന്റെ അഞ്ചാം പന്തില്‍ അശ്വിന്റെ പന്തില്‍ ഡക്കറ്റ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പിന്നീട് ബാസ്ബോള്‍ ഉപേക്ഷിച്ച് അതിജീവനത്തിനായി പൊരുതുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്. സന്ദര്‍ശകരുടെ ഒരോ വിക്കറ്റും വീഴ്ത്തുന്നതില്‍ ഭാരത സ്പിന്നര്‍മാര്‍ കണിശതകാട്ടി. ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സ് അര്‍ദ്ധസെഞ്ചുറി പ്രകടനത്തോടെ(88 പന്തില്‍ 70) പൊരുതി നോക്കിയെങ്കിലും പിന്തുണയ്ക്കാന്‍ ആരും ഉണ്ടായില്ല. ഒടുവില്‍ ബുംറയുടെ പന്തില്‍ സ്റ്റോക്സ് ക്ലീന്‍ ബൗള്‍ഡ് ആയപ്പോഴേക്കും ഇംഗ്ലണ്ട് ഇന്നിങ്സ് തീര്‍ന്നു. സന്ദര്‍ശകനിരയില്‍ ജോ റൂട്ട്(29), ജോണി ബെയര്‍സ്റ്റോവ്(37), ടോം ഹാര്‍ട്ടലി(23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു.
സ്റ്റോക്സിനെ കൂടാതെ റെഹാന് അഹമ്മദിനെ പുറത്താക്കിയതും ബുംറയാണ്. ബാക്കിയുള്ള എട്ട് വിക്കറ്റുകളും ഭാരതത്തിന്റെ സ്പിന്‍ ബൗളര്‍മാരാണ് വീഴ്ത്തിയത്. 18 ഓവര്‍ എറിഞ്ഞ രവീന്ദ്ര ജഡേജ 88 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 21 ഓവര്‍ എറിഞ്ഞ ആര്. അശ്വിന് 68 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടി. അക്ഷര്‍ പട്ടേലും ഭാരതത്തിനായി രണ്ട് ഇംഗ്ലണ്ട് ബാറ്റര്‍മാരെ പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: