തൃശൂര്‍: 1630 കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പു കേസില്‍പ്പെട്ട ഹൈ റിച്ച് കമ്പനി ഉടമകളുടെ 212 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വഴി നൂറു കോടി രൂപയുടെ കള്ളപ്പണമിടപാട് നടന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
ഹൈറിച്ച് ഉടമകളായ കെഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും 212 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ക്രിപ്റ്റോ കറന്‍സി വഴി ഹൈറിച്ച് ഉടമകള്‍ 850 കോടി രൂപ തട്ടിയെടുത്തതായും ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നിക്ഷേപകരില്‍ നിന്നു പിരിച്ചെടുത്ത 1630 കോടി രൂപ 4 ബാങ്കുകളിലെ 20 അക്കൗണ്ടുകളിലേക്കാണ് പോയത്. ഹൈറിച്ച് കമ്പനിയുടെ പേരിലും കെ.ഡി. പ്രതാപന്, ശ്രീന എന്നിവരുടെ പേരിലുമാണ് അക്കൗണ്ടുകള്‍ തുറന്നത്. സ്വകാര്യ ബാങ്കുകളിലായിരുന്നു അക്കൗണ്ടുകള്‍. പലചരക്ക് ഉല്പന്നങ്ങള് നേരിട്ടു വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരിലാരംഭിച്ച കമ്പനി, നിയമവിരുദ്ധമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചാണു മണിചെയിന്‍ ഇടപാടു നടത്തിയത്.
ഇ.ഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞ് മുങ്ങിയ ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി കലൂരിലെ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹരജി കോടതി ഈ മാസം 30ന് പരിഗണിക്കാന്‍ മാറ്റി. ഈ സാഹചര്യത്തിലാണ് ഇഡിയുടെ നടപടി.
നേരത്തേ 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു. ജിഎസ്ടി വെട്ടിപ്പു മാത്രമെന്ന വാദമുയര്‍ത്തി പ്രതാപനും ശ്രീനയും പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരില്‍ നിന്നായി 1630 കോടി തട്ടിയെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതാണു നിര്‍ണായകമായത്. എഴുപതോളം കടലാസ് കമ്പനികള്‍ നടത്തിയെന്നും ഇതില്‍ 14 കമ്പനികള്‍ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: