മുംബൈ: സമുദ്രമേഖലയിൽ കോസ്റ്റ് ഗാർഡിന് കൂടുതൽ കരുത്തേകാൻ അത്യാധുനിക നിരീക്ഷണക്കപ്പലുകൾ വാങ്ങാൻ കേന്ദ്രം ധാരണയായി. മുംബൈ ആസ്ഥാനമായ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡുമായി 1,070 കോടി രൂപയുടെ കരാറിലാണ് കേന്ദ്രം ഒപ്പുവെച്ചത്.
കോസ്റ്റ് ഗാർഡിനായി ആറ് ഓഫ്‌ഷോർ പട്രോളിങ് കപ്പലുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം എംഡിഎല്ലുമായി 1,614 കോടിയുടെ കരാർ ഒപ്പിട്ട് ഒരു മാസത്തിന് ശേഷമാണ് 1,070 കോടി രൂപയുടെ മറ്റൊരു കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി (ഐസിജി) 14 ഫാസ്റ്റ് പട്രോൾ വെസലുകൾ (എഫ്‌പിവി) ആണ് എംഡിഎൽ നിർമിക്കുക. മൾട്ടി – റോൾ എഫ്‌പിവികൾ ബൈ (ഇന്ത്യൻ -ഐഡിഡിഎം) വിഭാഗത്തിന് കീഴിൽ എംഡിഎൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും അഞ്ചുവർഷത്തിനുള്ളിൽ കൈമാറുകയും ചെയ്യും.
കപ്പലുകൾ നീറ്റിലിറങ്ങുന്നതോടെ കടലിലെ നിരീക്ഷണം, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, കള്ളക്കടത്ത്, കടലിലെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, അടിയന്തര സഹായം, സഹായം ആവശ്യപ്പെടുന്ന കപ്പലുകളെ സമീപിച്ച് സഹായം നൽകുക, മത്സ്യബന്ധന തൊഴിലാളികളുടെ സംരക്ഷണവും നിരീക്ഷണവും എന്നിവ ശക്തമാക്കാൻ എഫ്‌പിവികൾക്ക് സാധിക്കും. ഡ്രോണുകൾ ഉൾപ്പെടെയുള്ള സജ്ജീകരിച്ചിരിക്കുന്നതിനാൽ കടലിലെ നിരീക്ഷണം ശക്തമാക്കാനാകും.
പ്രതിരോധരംഗ മേഖലയിൽ ‘ആത്മനിർഭർ ഭാരത്’ പദ്ധതികൾ കൂടുതൽ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യൻ സമുദ്രമേഖലയുടെ സുരക്ഷിതത്വം വർധിപ്പിക്കുന്നതിന് ലക്ഷ്യമാക്കിയാണ് കോസ്റ്റ് ഗാർഡിന് പുതിയ നീരീക്ഷണക്കപ്പലുകൾ സജ്ജമാക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: