ന്യൂദൽഹി: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹമാണ്. ക്ഷേത്രം തുറന്നതിന് തൊട്ടടുത്ത ദിവസം മൂന്ന് ലക്ഷത്തിലധികം ഭക്തരാണ് ദർശനത്തിനായിട്ടെത്തിയത്. ഇപ്പോൾ ഈ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരിലെ മന്ത്രിമാര്‍ മാര്‍ച്ച് വരെ രാമക്ഷേത്രത്തിലേയ്ക്ക് പോകേണ്ടതില്ലെന്നാണ് തീരുമാനം.
ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന സമയമായതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ക്യാബിനറ്റ് മീറ്റിംഗിൽ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ക്യാബിനറ്റ് മീറ്റിംഗ് നടന്നത്.
മാര്‍ച്ച് മാസം വരെ മന്ത്രിമാര്‍ രാമക്ഷേത്രത്തിലേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിഐപി, വിവിഐപി ക്ഷേത്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നുമുള്ള വിലയിരുത്തലിനൊടുവിലാണ് തീരുമാനം.
ചൊവ്വാഴ്ച ഭക്തരുടെ എണ്ണം 5 ലക്ഷമാണെന്നാണ് ഏകദേശ കണക്ക്. ക്ഷേത്രത്തിനകത്തും പുറത്തുമായി 1,000ത്തോളം സൈനികരെയാണ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. വരുന്ന ഏതാനും ദിവസങ്ങളില്‍ സമാനമായ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: