തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ 20 കോടി ലഭിച്ചത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ലക്ഷ്മി ലക്കി സെന്ററില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലക്ഷ്മി ലക്കി സെന്റര്‍ ഉടമ എ. ദുരൈരാജ് കുടുംബത്തിലെ സാമ്പത്തിക പരാധീനതകള്‍ മൂലം പതിനഞ്ചാം വയസില്‍ ലോട്ടറി കച്ചവടത്തിനിറങ്ങിയതാണ്. ആദ്യമായാണ് ഇവിടെ നിന്ന് വിറ്റ ടിക്കറ്റിന് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്.
പത്ത് ലക്ഷം രൂപ വീതം ഏഴ് പ്രാവശ്യം അടിച്ചിട്ടുണ്ട്. പാലക്കാട് വിന് സ്റ്റാര്‍ ഏജന്‍സിയില്‍ നിന്ന് 15 വര്‍ഷമായി ടിക്കറ്റ് വാങ്ങി വില്‍ക്കുന്നുണ്ട്. സമ്മാനര്‍ഹമായ ടിക്കറ്റിന്റെ ഉടമയെക്കുറിച്ച് വിവരമൊന്നുമില്ല. ഒന്നരമാസം മുമ്പാണ് ടിക്കറ്റ് വിറ്റത്. ശബരിമല സീസണായതിനാല്‍ ഇതരസംസ്ഥാനക്കാരും ടിക്കറ്റ് എടുത്തിട്ടുണ്ട്. അതിനാല്‍ ആരാണ് ടിക്കറ്റെടുത്തതെന്ന് ഓര്‍മയില്ല. ഭാഗ്യവാന് കടയിലെത്തുമെന്ന് വിശ്വാസമുണ്ടെന്ന് ദുരൈരാജ് പറഞ്ഞു. സുരക്ഷിതമായി ടിക്കറ്റ് ഏല്‍പ്പിക്കുക, സമ്മാനം കൈപ്പറ്റുക, അതിനുശേഷം വന്ന് പറയുക എനിക്കാണ് സമ്മാനം ലഭിച്ചതെന്ന്… അത്രമാത്രം. പത്ത് ശതമാനമാണ് ഏജന്റ് കമ്മിഷന് നികുതി കഴിച്ച് ഒന്നര കോടിയോളം രൂപ ഏജന്റ് കമ്മിഷനായി ദുരൈരാജിന് ലഭിക്കും.
പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലും എംജി റോഡിലുമായി രണ്ട് ലോട്ടറി കടകളുണ്ട് ദുരൈരാജിന്. ഭാര്യ സുഗുണയും ലോട്ടറി വില്പനയില് സഹായിക്കുന്നുണ്ട്. മൂത്തമകന് ആകാശ്കുമാര്‍ പാലക്കാട് മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. ഇളയമകന് ദര്‍ശന്‍കുമാര്‍ കഴക്കൂട്ടം സെ. തോമസ് കോളജില്‍ മുന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി. പാലക്കാട് നിന്ന് മകന് വരുമ്പോള്‍ ടിക്കറ്റ് വാങ്ങി വരും. വിന്‍സ്റ്റാര്‍, തൃശ്ശൂര്‍ അമ്മ ഏജന്‍സി, മീനാക്ഷി ഏജന്‍സി എന്നിവിടങ്ങളില്‍ നിന്നാണ് സ്ഥിരമായി ടിക്കറ്റ് വാങ്ങി വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: