ഒട്ടാവ: ഭവന പ്രതിസന്ധി നേരിടുന്നതിനും വ്യാജ സ്ഥാപനങ്ങൾക്ക് കടിഞ്ഞാൺ ഇടുന്നതിനുമായി വിദേശ വിദ്യാർഥി വീസകളുടെ എണ്ണം മൂന്നിലൊന്നു കുറയ്‌ക്കുമെന്നു കാനഡ. രണ്ടു വർഷത്തേക്കാണു നിയന്ത്രണം. ഈ വർഷം വിദേശ വിദ്യാർഥികളുടെ എണ്ണം 35 ശതമാനം കുറയ്‌ക്കുമെന്ന് കാനഡ കുടിയേറ്റ മന്ത്രി മാർക് മില്ലർ അറിയിച്ചു.
ഒന്‍റാരിയോ പോലെയുള്ള പ്രവിശ്യകളിൽ 50 ശതമാനം വരെയും കുറവു വരുത്തും. ഒരു പതിറ്റാണ്ടിനു മുന്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് കാനഡയിൽ വിദേശ വിദ്യാർഥികളുടെ എണ്ണം മൂന്നിരട്ടിയായി. ഇവർക്ക് താമസസൗകര്യങ്ങൾ പരിമിതമാണ്. നിലവിൽ പത്തു ലക്ഷത്തിലേറെ വിദേശ വിദ്യാർഥികൾ കാനഡയിലുണ്ട്. അതിൽ 3.19 ലക്ഷം ഇന്ത്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ വിദ്യാർഥികൾക്ക് രാജ്യത്ത് തൊഴിൽ പെർമിറ്റ് നേടാനുള്ള യോഗ്യതയും നിയന്ത്രിക്കും. 2022ൽ കാനഡ 5,60,000 പേർക്ക് വിദ്യാർഥിവീസ നല്കിയിരുന്നു. ഈ വർഷം അത് 364,000 ആയി ചുരുക്കും.
ഇപ്പോൾ കൊണ്ടുവരുന്ന നിയന്ത്രണം ബിരുദാനന്തര ബിരുദ, ഡോക്‌ടറൽ ബിരുദ വിദ്യാർഥികൾക്കും എലമെന്‍ററി, സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കും ബാധകമായിരിക്കില്ലെന്നും മാർക് മില്ലർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: