പത്തനംതിട്ട: ജനപ്രിയ ഇക്കൊടൂറിസം കേന്ദ്രമായ പത്തനംതിട്ട ജില്ലയിലെ ഗവിയിലേക്കുള്ള യാത്രയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. ഹരിത മാതൃക പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ സാഹചര്യം ഹരിത കേരളംമിഷന്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പരിസ്ഥിതി മലിനീകരണം നേരിടുന്ന വിനോദ സഞ്ചാര കേന്ദ്രം ഗവി പാതയാണെന്ന നിഗമനമാണുള്ളത്.
വനംവകുപ്പുമായി ചേര്‍ന്ന് ആവിഷ്കരിക്കുന്ന കര്‍മപദ്ധതികളാണ് ഗവി റൂട്ടില്‍ അവലംബിക്കുക. സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിലൂടെ നിരവധിപേരെ എത്തിക്കുന്ന സ്ഥലമായി ഗവി മാറിയിട്ടുണ്ട്. ഇതോടൊപ്പം കെഎസ്ആര്‍ടിസിയുടെ മൂന്ന് പ്രതിദിന ഷെഡ്യൂളുകളിലും സഞ്ചാരികളെത്തുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകളിലെത്തുന്ന സഞ്ചാരികളില്‍ നിന്നാണ് ഏറ്റവുമധികം പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ബസുകള്‍ കാനനപാതയില്‍ പലയിടത്തും നിര്‍ത്തിയിടുമ്പോള്‍ പുറത്തിറങ്ങുന്ന സഞ്ചാരികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം ഉപേക്ഷിക്കുന്നുണ്ട്. ഇവ കൃത്യമായി നീക്കം ചെയ്യാന്‍ നിലവില്‍ ഗവി റൂട്ടില്‍ സംവിധാനങ്ങളില്ല. കെഎസ്ആര്ടിസിയെക്കൂടി പദ്ധതിയുടെ ഭാഗമാക്കി ഹരിത ടൂറിസം ഗൈഡുകളെ ബസുകളില്‍ നിയോഗിക്കുന്നതും പരിഗണനയിലാണ്. ജില്ലയിലെ 21 ടൂറിസം കേന്ദ്രങ്ങളില്‍ ഹരിത മാതൃക പദ്ധതികള്‍ നടപ്പാക്കാനാണ് ലക്ഷ്യം. നവകേരളം കര്‍മപദ്ധതിയില്‍ ഹരിത കേരളം മിഷന്, ശുചിത്വ മിഷന്, തദ്ദേശസ്ഥാപനങ്ങള്‍, വനം വകുപ്പ്, വിനോദ സഞ്ചാര വകുപ്പ്, ഡിടിപിസി, കെഎസ്ഇബി തുടങ്ങിയവയുടെ ഏകോപനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഗവി, കോന്നി അടവി, കോന്നി ആനക്കൂട്, പെരുന്തേനരുവി എന്നീ ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടും. അനുബന്ധമായ സ്ഥലങ്ങളും ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളും പദ്ധതിയുടെ ഭാഗമാക്കും. കൂടുതല്‍ കേന്ദ്രങ്ങളെ പദ്ധതിയിലുള്പ്പെടുത്തുന്നതു സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളുടെ നിര്‍ദേശം തേടിയിരിക്കുകയാണ്.
വിശദമായ മാര്‍ഗരേഖ തയാറാക്കി പൊതുജനപങ്കാളിത്തത്തോടെ പദ്ധതി നിര്‍വഹണത്തിലേക്ക് കടക്കും. ടൂറിസം കേന്ദ്രങ്ങളെ ഹരിതാഭമാക്കുന്നതിലൂടെ മാലിന്യങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുകയെന്ന ലക്ഷ്യത്തോടെ സഞ്ചാരികളെ ബോധവത്കരിച്ച് പദ്ധതിക്കു തുടക്കമിടും. പദ്ധതിയുടെ ഭാഗമാകുന്ന ഓരോ കേന്ദ്രവും സീറോ വേസ്റ്റ് സെന്ററുകളായി മാറും. ശുചിത്വ മിഷനും തദ്ദേശസ്ഥാപനവും ചേര്‍ന്ന് ആദ്യഘട്ടം നടപ്പാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: