കൊല്ലം: നടന്‍ കൊല്ലം തുളസിക്ക് ഓഹരിവിപണിയുമായി ബന്ധപ്പെടുത്തിയുള്ള സാമ്പത്തിക തട്ടിപ്പില്‍ നഷ്ടമായത് 22 ലക്ഷം രൂപ. ഒടുവില്‍ മുങ്ങിയ പ്രതികളെ പൊലീസ് സഹായത്തോടെ പിടികൂടിയെങ്കിലും നഷ്ടമായ തുക തിരിച്ചുപിടിക്കാനായിട്ടില്ല.
ഓഹരിവിപണിയില്‍ നിന്നും പണം പെരുപ്പിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് യുവാക്കള്‍ കൊല്ലം തുളസിയില്‍ നിന്നും പണം വാങ്ങിയത്. ഒരു ലക്ഷം കൊടുത്താന്‍ ദിവസേന 300 രൂപ തരാം എന്നായിരുന്നു അഞ്ചാറ് മാസം കൃത്യമായി ലാഭം നല്‍കിയിരുന്നു. ബാങ്ക് അക്കൗണ്ട് വഴി തന്നെയാണ് തട്ടിപ്പുകാരന്‍ പണം സ്വീകരിക്കുകയും ലാഭവീതം നല്‍കുകയും ചെയ്തിരുന്നത്. ഇതില്‍ വിശ്വാസത്യത തോന്നിയപ്പോഴാണ് കൂടുതല്‍ പണം നല്‍കിത്തുടങ്ങിയത്. “22ലക്ഷം രൂപ നിക്ഷേപിച്ചതിന് ദിവസേന ആറായിരം രൂപ വിതം ലാഭമായി കിട്ടിക്കൊണ്ടിരുന്നു. അത് സന്തോഷമുള്ള കാര്യവുമായിരുന്നു. പിന്നീടാണ് തട്ടിപ്പുകാരന്‍ മുങ്ങിയത്. ഇപ്പോള്‍ എല്ലാം വിധിയെന്ന് കരുതി സമാധാനിക്കുകയാണ്. “- കൊല്ലം തുളസി പറയുന്നു.
കൃത്യമായി ലാഭം നല്‍കാന്‍ തുടങ്ങിയതോടെയാണ് കൊല്ലം തുളസി കൂടുതല്‍ പണം നല്‍കാന്‍ തുടങ്ങിയത്. ഇതാണ് വിനയായത്. ഒരു കൂട്ടുകാരന്റെ ഉപദേശമനുസരിച്ചാണ് കൊല്ലം തുളസി പണം നല്‍കിത്തുടങ്ങിയത്. ഓഹരിവിപണിയില്‍ നിക്ഷേപിച്ച് കിട്ടുന്ന ലാഭവീതം ദിവസേനയായി തിരിച്ച് നല്‍കാം എന്നതായിരുന്നു വാഗ്ദാനം. പിന്നീട് ഈ തട്ടിപ്പുവീരന്‍ ദല്‍ഹിയില്‍ ഉണ്ടെന്നറിഞ്ഞതോടെ കൊല്ലം തുളസി തന്നെ മുന്‍കയ്യെടുത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പലരും നിക്ഷേപിച്ചത് വരുമാനസ്രോതസ്സ് കാണിക്കാന്‍ കഴിയാത്ത പണമായതിനാലാണ് പൊലീസില്‍ പരാതി നല്‍കാന്‍ മടിച്ചിരുന്നതെന്നും കൊല്ലം തുളസി പറയുന്നു.
തട്ടിപ്പിലൂടെ നഷ്ടമായ 22 ലക്ഷം ചികിത്സയ്‌ക്കായി നീക്കിവെച്ചിരുന്ന തുകയായിരുന്നു. ക്യാന്‍സര്‍ രോഗി കൂടിയാണ് കൊല്ലം തുളസി. ഒന്നരക്കോടി, 55 ലക്ഷം, 65 ലക്ഷം എന്നിങ്ങനെ തുകകള്‍ ഇട്ടവരുണ്ടെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: