96-ാമത് അക്കാദമി പുരസ്കാരങ്ങൾക്കുള്ള നാമനിർദേശ പട്ടികയിൽ ചരിത്ര നിമിഷം കുറിച്ച് നടി ലിലി ഗ്ലാഡ്‌സ്റ്റൺ. മികച്ച നടിയായി നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ അമേരിക്കൻ ഗോത്ര വനിതയാണ് ലിലി. 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഓസ്കാർ നാമനിർദേശം.
മാർട്ടിൻ സ്കോർസെസെ സംവിധാനം ചെയ്ത ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന ചിത്രത്തിലെ അഭിനയമാണ് ഓസ്കറിൽ മാറ്റുരയ്‌ക്കുന്നത്. അമേരിക്കയിലെ ബ്ലാക്ക്പീറ്റ് ഗോത്ര വിഭാഗക്കാരിയായ ലിലി 2012ലെ ‘ജിമ്മി പി: സൈക്കോതെറാപ്പി ഓഫ് പ്ലെയിൻസ് ഇന്ത്യൻസ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.
ഡേവിഡ് ഗ്രാൻ എഴുതി 2017-ൽ പുറത്തിറങ്ങിയ ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് അതേ പേരിലുള്ള ചിത്രം ഒരുക്കിയത്. സംവിധായകൻ മാർട്ടിൻ സ്കോർസെസെയും എറിക് റോത്തും ചേർന്ന് തിരക്കഥ എഴുതി. ലില്ലി ഗ്ലാഡ്സ്റ്റണ് പുറമെ ലിയോനാർഡോ ഡികാപ്രിയോ, റോബർട്ട് ഡി നീറോ എന്നിവർ പ്രധാന താരങ്ങളായി. 1920-കളിൽ ഒക്ലഹോമയിൽ നടന്ന ഓസേജ് ഗോത്രവർഗ കൊലപാതക പരമ്പരകളെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ.
ഗോൾഡൻ ഗ്ലോബ് പുരസ്കാര നേട്ടത്തിന് ശേഷം ചരിത്രപരമായ വിജയമെന്നും തന്റെ ഗോത്രത്തിന്റെ വിജയമാണെന്നും ലിലി പ്രതികരിച്ചിരുന്നു. നിരൂപക പ്രശംസ നേടിയ ചിത്രം ഓസ്കറിൽ 10 വിഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: