നരേന്ദ്രമോദി
പ്രധാനമന്ത്രി
സാമൂഹ്യനീതിക്കായി നടത്തിയ അശ്രാന്ത പരിശ്രമത്തിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തില്‍ മികച്ച സ്വാധീനം ചെലുത്തിയ ജന്‍ നായക് കര്‍പൂരി ഠാക്കൂര്‍ജിയുടെ ജന്മശതാബ്ദിയാണ് ഇന്ന്. കര്പൂരിജിയെ കാണാന്‍ എനിക്ക് ഒരിക്കലും അവസരം ലഭിച്ചില്ലെങ്കിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കൈലാശ്പതി മിശ്രജിയില്‍ നിന്ന് അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളിലൊന്നായ ‘നായി’ സമാജത്തില്‍നിന്നുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഏറെ പ്രതിബന്ധങ്ങളെ അതിജീവിച്ച അദ്ദേഹം നിരവധി നേട്ടങ്ങള്‍ കൈവരിക്കുകയും സാമൂഹ്യ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു.
ലാളിത്യത്തിന്റെയും സാമൂഹ്യനീതിയുടെയും ഇരട്ടസ്തംഭങ്ങളെ ആധാരമാക്കിയായിരുന്നു ജന്‍ നായക് കര്‍പൂരി ഠാക്കൂര്‍ ജിയുടെ ജീവിതം. ലളിതമായ ജീവിതശൈലിയും വിനയപ്രകൃതവും അവസാന ശ്വാസംവരെ അദ്ദേഹത്തെ സാധാരണക്കാരിലൊരാളാക്കി മാറ്റി. അദ്ദേഹത്തിന്റെ ലാളിത്യം ഉയര്‍ത്തിക്കാട്ടുന്ന നിരവധി കഥകളുണ്ട്. മകളുടെ കല്യാണം ഉള്‍പ്പെടെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സ്വന്തം പണം അദ്ദേഹം എങ്ങനെ ചെലവഴിച്ചുവെന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ ഓര്‍ക്കുന്നു. ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ നേതാക്കള്‍ക്കായി കോളനി പണിയാന്‍ തീരുമാനമെടുത്തപ്പോഴും അദ്ദേഹം ഭൂമിയോ പണമോ സ്വീകരിച്ചിരുന്നില്ല. 1988ല്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ നിരവധി നേതാക്കള്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ ഗ്രാമത്തിലെത്തി. അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ അവരെ കണ്ണീരണിയിച്ചു. ഇത്രയും ഉന്നതനായ ഒരാളുടെ വസതി എങ്ങനെ ഇത്ര ലളിതമാകും!
1977ല്‍ ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ സമയത്തെ മറ്റൊരു സംഭവവും അദ്ദേഹത്തിന്റെ ലാളിത്യം പ്രകടമാക്കുന്നു. ദല്‍ഹിയിലും പട്നയിലും അന്ന് ജനതാ സര്‍ക്കാറായിരുന്നു അധികാരത്തില്‍. ലോക്നായക് ജെ.പി യുടെ ജന്മദിനം ആഘോഷിക്കാന്‍ ജനതാ നേതാക്കള്‍ പട്നയില്‍ ഒത്തുചേര്‍ന്നു. പ്രമുഖ നേതാക്കള്‍ക്കിടയിലൂടെ ഒരു കീറിയ കുര്‍ത്ത ധരിച്ച് മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂര്‍ജി കടന്നുവന്നു. കര്പൂരിജിക്ക് പുതിയ കുര്‍ത്ത വാങ്ങുന്നതിന് പണം സംഭാവന ചെയ്യാന്‍ ചന്ദ്രശേഖര്‍ജി തന്റെ സ്വന്തം ശൈലിയില്‍ ആളുകളോട് ആവശ്യപ്പെട്ടു. പക്ഷേ, കര്പൂരിജിയായിരുന്നു പണം സ്വീകരിച്ചതെങ്കിലും അദ്ദേഹം അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണ് ചെയ്തത്.
ജന്‍ നായക് കര്‍പ്പൂരി ഠാക്കൂര്‍ജിക്ക് സാമൂഹിക നീതി ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. വിഭവങ്ങള്‍ ന്യായമായി വിതരണം ചെയ്യപ്പെടുന്നതും സാമൂഹിക നില പരിഗണിക്കാതെ എല്ലാവര്ക്കും അവസരങ്ങള്‍ ലഭിക്കുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള മഹത്തായ ശ്രമങ്ങള്‍ കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ സമൂഹത്തെ ബാധിച്ച വ്യവസ്ഥാപരമായ അസമത്വങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി വളരെ പ്രബലമായിരുന്ന ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്നിട്ടും, തന്റെ ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് അതിന്റെ സ്ഥാപക തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്ന് വളരെ നേരത്തെ തന്നെ ബോധ്യപ്പെട്ടതിനാല്‍ അദ്ദേഹം വ്യക്തമായ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചു.
1950 കളുടെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ജീവിതം ആരംഭിച്ചു. അതിനുശേഷം അദ്ദേഹം നിയമനിര്‍മ്മാണ സഭകളില്‍ അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി മാറി. തൊഴിലാളി വര്‍ഗത്തിന്റെയും ചെറുകിട കര്‍ഷകരുടെയും യുവാക്കളുടെയും പോരാട്ടങ്ങള്‍ക്ക് ശക്തമായി ശബ്ദമായി മാറി. വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള വിഷയമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ചെറിയ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് വിജയത്തിന്റെ പടവുകള്‍ കയറാന്‍ സഹായിക്കുന്നതിന് പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വക്താവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എന്ന നിലയില്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും അദ്ദേഹം നിരവധി നടപടികള്‍ സ്വീകരിച്ചു.
ജനാധിപത്യം, സംവാദം, ചര്‍ച്ച എന്നിവ കര്‍പ്പൂരി ജിയുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ ആയിരുന്നു. ചെറുപ്പത്തില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തപ്പോള്‍ കണ്ട അതേ ആവേശം, അടിയന്തരാവസ്ഥയെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തുനിന്നപ്പോള്‍ വീണ്ടും കാണാന്‍ കഴിഞ്ഞു. ജെ.പി, ഡോ. ലോഹ്യ, ചരണ്‍ സിംഗ്ജി തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന്റെ തനത് കാഴ്ചപ്പാടുകളെ ഏറെ പ്രശംസിച്ചിരുന്നു.
രാജ്യത്തിനായുള്ള ജന്‍ നായക് കര്‍പ്പൂരി ഠാക്കൂര്‍ജിയുടെ ഒരു പക്ഷേ, ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായുള്ള ഉറച്ച പ്രവര്‍ത്തനങ്ങളാണ്. അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും അവസരങ്ങളും നല്കപ്പെടും എന്ന പ്രതീക്ഷയോടെ അദ്ദേഹം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ തീരുമാനത്തിന് കനത്ത എതിര്‍പ്പുണ്ടായെങ്കിലും ഒരു സമ്മര്‍ദത്തിനും അദ്ദേഹം വഴങ്ങിയില്ല. ഒരാളുടെ ജനനം അയാളുടെ വിധി നിര്‍ണ്ണയിക്കാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന് അടിത്തറ പാകുന്ന നയങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി. സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗത്തില്പ്പെട്ടയാളായിരുന്ന അദ്ദേഹം എന്നാല്‍ എല്ലാ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. വിദ്വേഷത്തിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല എന്നതാണ് അദ്ദേഹത്തെ യഥാര്‍ത്ഥത്തില്‍ മഹാനാക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷം, നമ്മുടെ ഗവണ്മെന്റ് ജന നായക് കര്‍പ്പൂരി ഠാക്കൂര്‍ജി തെളിച്ച പാതകളിലൂടെയാണു നടന്നത്. പരിവര്‍ത്തനാത്മക ശാക്തീകരണം കൊണ്ടുവന്ന നമ്മുടെ പദ്ധതികളും നയങ്ങളും ഇതു പ്രതിഫലിപ്പിക്കുന്നു. കര്‍പ്പൂരി ഠാക്കൂര്ജിയെപ്പോലെ ചുരുക്കം ചില നേതാക്കള്‍ ഒഴികെ, മറ്റുള്ളവര്‍ സാമൂഹിക നീതിക്കു വേണ്ടിയുള്ള ആഹ്വാനം ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമായി ഒതുക്കിയെന്നതാണ് നമ്മുടെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. കര്പ്പൂരിജിയില് നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നമ്മള് അതു ഫലപ്രദമായ ഭരണ മാതൃകയായി നടപ്പിലാക്കി. കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ച ഇന്ത്യയുടെ നേട്ടത്തില്‍ ജനനായക് കര്‍പ്പൂരി ഠാക്കൂര്‍ജി അഭിമാനിക്കുമായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും എനിക്കു പറയാന്‍ കഴിയും. സാമ്രാജ്യത്വത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി ഏകദേശം ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. അതേസമയം, ഓരോ പദ്ധതിയും 100% ഗുണഭോക്താക്കളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങള്‍ സാമൂഹിക ക്ഷേമത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വിളിച്ചറിയിക്കുന്നതാണ്. ഇന്ന് ഒബിസി, എസ്സി, എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുദ്ര ലോണ്‍ കൊണ്ട് സംരംഭകരായി മാറുമ്പോള്‍, അത് ഠാക്കൂര്‍ജിയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് നിറവേറ്റപ്പെടുന്നു. അതുപോലെ, എസ്സി,എസ്ടി, ഒബിസി സംവരണം നീട്ടാനുള്ള ഭാഗ്യം ലഭിച്ചത് നമ്മുടെ സര്‍ക്കാരിനാണ്. കര്പ്പൂരിജി കാണിച്ചുതന്ന പാതയില്‍ പ്രവര്‍ത്തിക്കുന്ന ഒബിസി കമ്മീഷന് (കോണ്‍ഗ്രസ് എതിര്‍ത്തു, ഖേദകരം) രൂപീകരിച്ചതിന്റെ ബഹുമതിയും ഞങ്ങള്‍ക്കുണ്ട്. നമ്മുടെ പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതി ഇന്ത്യയിലുടനീളമുള്ള ഒബിസി വിഭാഗത്തില്‍പ്പെട്ട കോടിക്കണക്കിന് ആളുകള്‍ക്ക് സമൃദ്ധിയുടെ പുതിയ വഴിത്താരകള്‍ കൊണ്ടുവരും.
പിന്നാക്ക വിഭാഗത്തില്‍പെട്ട ഒരു വ്യക്തി എന്ന നിലയില്‍, ജന്‍ നായക് കര്‍പ്പൂരി ഠാക്കൂര്‍ ജിയോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. നിര്‍ഭാഗ്യവശാല്‍, താരതമ്യേന ചെറിയ പ്രായമായ 64-ാം വയസില്‍ നമ്മള്‍ക്ക് കര്പ്പൂരിജിയെ നഷ്ടപ്പെട്ടു. നമ്മള്‍ക്ക് അദ്ദേഹത്തെ ഏറ്റവും ആവശ്യമുള്ളപ്പോള്‍ അദ്ദേഹത്തെ നഷ്ടപ്പെട്ടു. എന്നിട്ടും കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തിലും മനസിലും അദ്ദേഹം ജീവിക്കുന്നത് തന്റെ പ്രവര്‍ത്തനത്തിലൂടെയാണ്. അദ്ദേഹം ഒരു യഥാര്‍ത്ഥ ജനനായകനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: