ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം രാഷ്ട്രം പരാക്രം ദിവസായി ആചരിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ നേതാജിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നേതാജിയുടെ ചിത്രത്തില്‍ പുഷ്പം അര്‍പ്പിച്ചു. സംവിധാന്‍ സദനിലെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ അര്ജുന് റാം മേഘ്വാള്, ജിതേന്ദ്രസിങ് എന്നിവര്‍ നേതാജിയുടെ ചിത്രത്തില്‍ പുഷ്പം അര്‍പ്പിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെയും ധീരതയെയും ബഹുമാനിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമര്‍പ്പണം പ്രചോദിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നേതാജിയുടെ സമാനതകളില്ലാത്ത ധൈര്യവും ഊര്‍ജ്ജവും കൊളോണിയല്‍ ഭരണത്തിനെതിരെ നിര്‍ഭയമായി പോരാടാന്‍ ഭാരതീയരെ പ്രേരിപ്പിച്ചതായി രാഷ്ട്രപതി അഭിപ്രായപ്പെട്ടു. അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി. രാജ്യം എപ്പോഴും നേതാജിയെ അങ്ങേയറ്റം നന്ദിയോടെ ഓര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍ഭയനായ നേതാവ് ആയിരുന്നു നേതാജി എന്ന് ജഗ്ദീപ് ധന്‍ഖര്‍ കുറിച്ചു. നേതാജിയുടെ ജന്മദിനത്തില് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പരാക്രം ദിവസിന്റെ ഭാഗമായി ചുവപ്പുകോട്ടയില്‍ ഇന്നലെ വൈകിട്ട് നടന്ന പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുത്തു. നേതാജി സുഭാഷ് ചന്ദ്രബോസിനെയും ആസാദ് ഹിന്ദ് ഫൗജിനെയും അടുത്തറിയാനുതകുന്ന അപൂര്‍വ ഫോട്ടോഗ്രാഫുകള്‍, ചരിത്രരേഖകള്‍ എന്നിവയുടെ പ്രദര്‍ശനത്തിന് ഇന്നലെ തുടക്കമായി. ചുവപ്പുകോട്ടയ്ക്ക് മുന്നിലുള്ള രാം ലീല മൈതാനത്തും മാധവ് ദാസ് പാര്‍ക്കിലുമായി നടക്കുന്ന ഭാരതപര്‍വ്വം-പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. പ്രദര്‍ശനം 31 വരെ തുടരും. 2021 മുതലാണ് നേതാജിയുടെ ജന്മദിനം പരാക്രം ദിവസായി ആചരിക്കാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: