Categories: World

പാക്കിസ്ഥാൻ ലോകത്തിന്റെ ഏറെ പിന്നിലേക്കു പോയി, രാജ്യത്തെ പുനർ നിർമ്മിക്കണം : നവാസ് ഷെരീഫ്

Published by

കറാച്ചി: പാക്കിസ്ഥാന്റെ സാമ്പത്തിക രംഗത്തെ പെട്ടന്ന് ശക്തമായ രീതിയിൽ തിരികെ എത്തിക്കാൻ സാധിക്കില്ലെന്ന് മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്ലീം ലീഗ് നവാസ് പാർട്ടി അധ്യക്ഷനുമായ നവാസ് ഷെരീഫ്. ഫെബ്രുവരി 9 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രചാരണ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഖൈബർ പക്തൂൺ പ്രവിശ്യയിലെ മൽഷേര നഗരത്തിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം ഏറെ വാചാലനായി. ലോകത്തിന്റെ ഏറെ പിന്നിലേക്ക് പാക്കിസ്ഥാൻ വീണു പോയി, രാജ്യത്തെ ഇനി പുനർ നിർമ്മിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഖൈബർ പക്തൂൺ സ്വദേശിയും മുൻ പ്രധാനമന്ത്രിയായിരുന്ന പിടിഐ തലവൻ ഇമ്രാൻ ഖാനെയും പേരെടുത്തു പറയാതെ അദ്ദേഹം വിമർശിച്ചു. ഖൈബർ പക്തൂൺ ജനങ്ങൾ നുണയ്‌ക്ക് വേണ്ടി വോട്ട് ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിനു പുറമെ ഇനിയും നുണകൾക്കും വെറും വാക്കുകൾക്കും ചെവി കൊടുക്കാതെ തങ്ങൾക്ക് വോട്ട് ചെയ്യുകയാണെങ്കിൽ ഈ പ്രവിശ്യയുടെയും രാജ്യത്തിന്റെയും ഉന്നമനം ഉറപ്പാക്കും. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും മൻഷേരയിൽ വിമാനത്താവളവും പ്രവിശ്യയിൽ കൂടുതൽ സ്കൂളുകളും സർവകലാശാലകളും യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് തവണ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് ഏറെ നാൾ ലണ്ടനിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് തിരികെ പാക്കിസ്ഥാനിൽ എത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by