ന്യൂയോര്‍ക്ക്: അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് ആഘോഷമാക്കി കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെ.എച്ച്.എന്‍.എ.) അമേരിക്കയിലെയും ക്യാനഡയിലെയും ക്ഷേത്രങ്ങളെ രാമമന്ത്രങ്ങളാല്‍ മുഖരിതമാക്കിയും അന്നദാനം നടത്തിയും വീടുകളില്‍ ദീപം തെളിയിച്ചും ഹൈന്ദവ സമൂഹം രാമന്റെ ക്ഷേത്രത്തെ വരവേറ്റു.
ആഘോഷ പരിപാടികളുടെ പ്രാരംഭമായി കെ.എച്ച്.എന്‍.എ പ്രസിഡന്റ് ഡോ: നിഷ പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന സത്സംഗത്തില്‍ പ്രജ്ഞ പ്രവാഹ് ദേശിയ സംയോജകന്‍ ജെ.നന്ദകുമാര്‍ ഉത്ബോധന പ്രഭാഷണം നടത്തി
രാമജന്മഭൂമിയില്‍ രാമക്ഷേത്രത്ിനായി 496 വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോരാട്ടങ്ങളുടെ ചരിത്ര വഴികള്‍ നന്ദകുമാര്‍ സവിസ്തരം പ്രതിപാദിച്ചു. അയോധ്യയിലെ രാമജന്മ ഭൂമി വീണ്ടെടുക്കാന്‍ അഞ്ചു നൂറ്റാണ്ടുകളോളം നടത്തിയ പ്രക്ഷോഭങ്ങളില്‍ ബലിദാനികളായ ഒരു ലക്ഷത്തോളം ഹൈന്ദവരുടെ ആത്മാവിന് മോക്ഷം ലഭിക്കുന്ന മുഹൂര്ത്തംകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഊര്‍ജ്ജ പ്രവാഹമായിരുന്ന മഹര്‍ഷി അരവിന്ദനും പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ഡോ: രാംമനോഹര്‍ ലോഹ്യയും ഭാരതത്തിന്റെ ആധ്യാത്മിക ശരീരത്തില്‍ രാമനുള്ള സ്ഥാനത്തെപ്പറ്റി പറഞ്ഞതും നന്ദകുമാര്‍ വിശദീകരിച്ചു. ഭാരതത്തിന്റെ വടക്കുഭാഗമായ അയോധ്യയില്‍ നിന്നും ഏറ്റവും തെക്കുഭാഗത്തുള്ള രാമേശ്വരത്തേക്കു രാമന് നടത്തിയ സഞ്ചാരം രാജ്യത്തിന്റെ വടക്കിനെയും തെക്കിനേയും യോജിപ്പിക്കുന്ന വൈകാരികതയായിരുന്നു. രാഷ്ട്രീയ ഭിന്നതകളെയും ഭാഷാ വൈജാത്യങ്ങളെയും അതിജീവിച്ചു ഭാരതത്തെ ഏകീകരിക്കുന്ന വികാരം രാമനാണെന്നു രാഷ്ട്രപിതാവും സ്ഥിരീകരിച്ചിരുന്നു. വൈദേശിക അധിനിവേശത്തിന്റ അവശേഷിപ്പായി നിലനിന്നിരുന്ന തര്‍ക്ക മന്ദിരത്തിനു പകരം രാമ മന്ദിരമുയരുമ്പോള്‍ ഓരോ ദേശസ്നേഹിയും സ്വാഭിമാനം വീണ്ടെടുക്കുകയാണ് ജെ.നന്ദകുമാര്‍ പറഞ്ഞു
അയോധ്യയിലെ കാര്‍സേവയില്‍ നേരിട്ട് പങ്കെടുത്ത കെ. എച്ച്. എന്‍.എ. യുടെ മുന്‍ പ്രസിഡന്റുകൂടിയായ വെങ്കിട്ട് ശര്‍മ്മ, പ്രക്ഷോഭ നാളുകളില്‍ നേരിട്ട ദുരനുഭവങ്ങളും അയോദ്ധ്യ നിവാസികള്‍ ജാതിമത ഭേദമന്യേ നല്കിയ പിന്തുണയും വിശദീകരിച്ചു. രാഖി മേനോന് അവതരികയായിരുന്നു.
കെ. എച്ച്. എന്‍. എ. യുടെ മാതൃഭാവവും സ്ത്രീശക്തിയുമായ മൈഥിലി മായുടെ ആഭിമുഖ്യത്തില്‍ ആതിര സുരേഷിന്റെ നേതൃത്വത്തില്‍ നൂറ്റിയൊന്ന് അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രീരാമഭജനയും നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: