ചാലക്കുടി: കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ഖന്നാനഗര്‍ കൊഴുപ്പിള്ളി മണിയുടെ മകന് ബിനു (39) വാണ് ഭാര്യ ഷീജയെ (40) വീട്ടില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയും മക്കളായ അഭിനവ് (11), അനുഗ്രഹ (5) എന്നിവരെ വെട്ടി പരിക്കേല്പിക്കുകയും ചെയ്തത്.
സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് പോയ ബിനുവിനെ കൊരട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് പുറകുവശത്തുള്ള റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. വീടിന് സമീപത്തെ തറവാട് ക്ഷേത്രത്തില്‍ ഉത്സവം കൂടി രാത്രി വൈകിയാണ് ബിനുവും കുടുംബവും വീട്ടില്‍ എത്തിയത്. രാവിലെ കിടപ്പ് മുറിയില്‍ വെച്ചാണ് ബിനു ഷീജയെ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ബഹളം കേട്ട് മകന് അഭിനവും അനുഗ്രഹയും ഓടി മുറിയിലേക്ക് ചെല്ലുകയായിരുന്നു. ബിനുവിനെ തടയാന്‍ ശ്രമിച്ചതോടെ രണ്ട് കുട്ടികളേയും വെട്ടിപരിക്കേല്പിക്കുകയായിരുന്നു. മുറിവേറ്റ അഭിനവ് സമീപത്തെ ക്ഷേത്രത്തിലെത്തി അവിടെയുള്ള ആളുകളോട് വിവരങ്ങള്‍ പറയുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷീജ മരിച്ചു.
കുട്ടികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കൊരട്ടി പോലീസിനെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് ചാലക്കുടി ഡിവൈഎസ്പി ടി. എസ്. സിനോജ്, കൊരട്ടി എസ്എച്ച്ഒ ബി. കെ. അരുണ്‍, എസ്ഐ ബിന്ദുലാല്‍ എന്നിവര്‍ സ്ഥലത്തെത്തി ബിനുവിനായി തെരച്ചില്‍ തുടരുന്നതിനിടയിലാണ് റെയില്‍വെ ട്രാക്കില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസെത്തി ആളെ തിരിച്ചറിഞ്ഞു.
ഷീജയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബിനുവിന്റെ മൃതദേഹം ചാലക്കുടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി. കഴുത്തിന് ആഴത്തിലുള്ള മുറിവുകളേറ്റ കുട്ടികള്‍ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ നീരീക്ഷണത്തിലാണ്. ബിനുവിന്റെയും ഷീജയുടേയും സംസ്ക്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തില്‍ നടക്കും. മക്കളായ അഭിനവ് കൊരട്ടി എംഎഎം ഹൈസ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും അനുഗ്രഹ കൊരട്ടി ചര്‍ച്ച് എല്പിസ്ക്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: