Categories: Kerala

രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്: വിധി പ്രതികളെ നേരിട്ട് കേട്ടതിനു ശേഷം; കേസ് 25ലേക്ക് മാറ്റി; പരമാവധി ശിക്ഷ പ്രതികള്‍ക്ക് നല്കണമെന്ന് വാദം

മുഴുവന്‍ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്കണം എന്ന വാദമാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ കോടതി മുന്‍പാകെ ഉന്നയിച്ചത്.

Published by

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ നിരോധിത പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ കേസ് അത്യപൂര്‍വമല്ലെന്ന് പ്രതിഭാഗം വാദം. ആദ്യഘട്ട കുറ്റപത്രത്തിലുള്ള 15 പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ 20ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. ജി. ശ്രീദേവി വിധിച്ചിരുന്നു. മുഴുവന്‍ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്കണം എന്ന വാദമാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ കോടതി മുന്‍പാകെ ഉന്നയിച്ചത്.

സ്വന്തം അമ്മയുടെയും പിഞ്ചുകുഞ്ഞിന്റെയും ഭാര്യയുടെയും മുന്നിലിട്ട് നിരപരാധിയായ ഒരു വ്യക്തിയെ അതിക്രൂരവും പൈശാചികവുമായി കൊലപ്പെടുത്തിയ കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കുറ്റകൃത്യത്തിന്റെ പരിധിയില്‍ പെടുന്നതാകയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പരമാവധി ശിക്ഷ പ്രതികള്‍ക്ക് നല്കണമെന്നും വാദിച്ചിരുന്നു. എന്നാല്‍ ഇത് രാഷ്‌ട്രീയ കൊലപാതകം മാത്രമെന്നാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ പലപ്പോഴും ഉറ്റ ബന്ധുക്കളുടെ മുന്നില്‍ നടന്നിട്ടുണ്ടെന്നും, അതിനാല്‍ പരമാവധി ശിക്ഷ നല്കരുതെന്നുമായിരുന്നു വാദം.

പ്രതികളെ നേരിട്ട് കേള്‍ക്കുന്നതിനായി കേസ് ഈ മാസം 25ലേക്ക് മാറ്റി കോടതി ഉത്തരവായി. ഇവരുടെ മാനസികാരോഗ്യ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചതിന് ശേഷമായിരിക്കും ശിക്ഷ വിധിക്കുക. 2021 ഡിസം. 19ന് രാവിലെയാണ് രണ്‍ജീത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മകളുടെയും കണ്‍മുന്നില്‍ ഭീകരവാദികള്‍ കൊലപ്പെടുത്തിയത്. ആലപ്പുഴ ഡിവൈഎസ്പി എന്‍. ആര്‍. ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്‌ക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം (സലാം പൊന്നാട്), അടിവാരം ദാറുസ്സബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശേരി ചിറയില്‍ ജസീബ് രാജ, മുല്ലയ്‌ക്കല്‍ കല്ലുപാലം വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യില്‍ സമീര്‍, മണ്ണഞ്ചേരി നോര്‍ത്ത് ആര്യാട് കണ്ണര്‍കാട് നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, തെക്കേ വെളിയില്‍ ഷാജി (പൂവത്തില്‍ ഷാജി), മുല്ലയ്‌ക്കല്‍ വില്ലേജില്‍ നുറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണു പ്രതികള്‍. എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും കോടതി വിധിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by