താന്ത്രിക ആചാര്യനിലൂടെ പ്രാണന്റെ അംശം വിഗ്രഹത്തിലേയ്‌ക്കു പകരുന്ന ചടങ്ങാണ് പ്രാണപ്രതിഷ്ഠ. വിഗ്രഹത്തിനു ജീവന്‍ പകരുന്ന ചടങ്ങ്. സപ്തനദികളിലെ ജലം ശംഖിലെ ജലത്തിലേയ്‌ക്ക് ആവാഹിച്ച് ആ ജലത്തിലേയ്‌ക്കാണ് ആചാര്യന്‍ സ്വന്തം ജീവചൈതന്യത്തെ ലയിപ്പിക്കുന്നത്. പ്രാണന്റെ ആധാരമായ മൂലാധാരത്തിങ്കല്‍ നിന്ന് ശംഖിനെ ഷഡാധാരങ്ങളിലൂടെ സഞ്ചരിപ്പിച്ച് സഹസ്രാരപത്മ സ്ഥാനത്ത് എത്തിച്ച് പ്രാണാംശത്തെ ശംഖിലെ ജലത്തിലേയ്‌ക്ക് യോജിപ്പിക്കുന്നു. ആ ജലമാണ് പ്രതിഷ്ഠാസമയത്തു വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നത്.
പ്രാണായാമം വഴി വലതു നാസാദ്വാരത്തിലെ ശ്വാസത്തിലൂടെയാണ് പ്രണാംശം ശംഖില്‍ ലയിപ്പിക്കുന്നത്. ദേശവ്യത്യാസത്തിനനുസരിച്ച് ചടങ്ങുകള്‍ക്ക് സമ്പ്രദായഭേദമുണ്ടാകാം. പക്ഷേ, അടിസ്ഥാന തത്വം ഇതു തന്നെയാണ്. അയോദ്ധ്യയില്‍ ഇന്നു നടക്കുന്നതും ഇതു തന്നെ.
പ്രാണപ്രതിഷ്ഠയ്‌ക്കു മുന്‍പുള്ള ധ്യാനാധിവാസം ചടങ്ങാണ് ഇന്നലെ നടന്നത്. പ്രതിഷ്ഠയിലെ ഏറെ പ്രധാനപ്പെട്ട ചടങ്ങാണത്. പ്രാണനെ ഏറ്റുവാങ്ങാന്‍ ജഡാവസ്ഥയിലുള്ള വിഗ്രഹത്തെ യോഗ്യമാക്കുന്ന ചടങ്ങാണത്. ജീവശരീരത്തിന് ആവശ്യമായ രക്തം, മജ്ജ, മാംസം, നാഡീവ്യൂഹങ്ങള്‍ തുടങ്ങിവയെല്ലാം പ്രാണായാമ രൂപത്തില്‍ ബിംബത്തില്‍ ഉല്‍ഭവിപ്പിക്കുന്നു. അതുവരെ ശയ്യയില്‍ ശയനാവസ്ഥയിലായിരിക്കുന്ന ബിംബത്തെ, പ്രാണനെ ഏറ്റുവാങ്ങാന്‍ യോഗ്യമാക്കിയതിനു ശേഷമാണ് പീഠത്തില്‍ പ്രതിഷ്ഠിക്കുന്നത്.
രാജഭരണകാലത്ത് ഇത്തരം ചടങ്ങുകളില്‍ യജമാനസ്ഥാനം രാജാവിനായിരുന്നു. യാഗത്തിലെ യജമാനന്റെ സ്ഥാനമാണ് ഇവിടെ യജമാനന്. യജ്ഞത്തിലെ ചീഫ് എക്‌സിക്യൂട്ടീവ് എന്നു വിശേഷിപ്പിക്കാം യജമാനനെ. അതുകൊണ്ടു തന്നെ പ്രയോഗിക തലത്തിലേയും എക്‌സിക്യൂട്ടീവ് തലവനാണ് ആ സ്ഥാനം അലങ്കരിക്കേണ്ടത്. ഭാരതത്തെ സംബന്ധിച്ച് ഭരണതലത്തിന്റെ തലവനായ പ്രധാനമന്ത്രി തന്നെയാണ് അനുയോജ്യനായ യജമാനന്‍. ആ വ്യക്തി പ്രതിനിധീകരിക്കുന്നത്, തന്നെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും ചരാചരങ്ങളേയുമാണ്.
ക്ഷേത്ര കാര്യങ്ങളില്‍ എല്ലാ പ്രധാന ചടങ്ങുകള്‍ക്കും അനുജ്ഞ വാങ്ങുക എന്ന രീതിയുണ്ട്. യജമാനന്‍ എന്ന വ്യക്തിയല്ല ആ വ്യക്തിയിലൂടെ ജനസമൂഹം മുഴുവനുമാണ് അനുജ്ഞ നല്‍കുന്നത്.
(വിവരങ്ങള്‍ക്കു കടപ്പാട്: തന്ത്രിസമാജം പ്രസിഡന്റ് വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരിപ്പാട്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: