ആലപ്പുഴ: സമൂഹത്തില്‍ സ്ത്രീകള്‍ ഒട്ടേറെ വിവേചനങ്ങള്‍ നേരിടുന്നതായി വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. മത്സ്യ സംസ്കരണ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്ക് പുരുഷന് തുല്യമായ വേതനം ലഭിക്കുന്നില്ല. ചിലയിടങ്ങളില്‍ വിവാഹ ശേഷം ജോലി നിഷേധിക്കുന്നുണ്ട്. ഗര്‍ഭിണിയായ ശേഷം തൊഴില്‍ നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്. അടുത്തിടെ ഒരു ഡോക്ടര്‍ക്ക് അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പ്രസവ ആനുകൂല്യം നിഷേധിച്ചുവെന്ന പരാതി വനിതാ കമ്മിഷന്റെ പരിഗണനയ്ക്കു വന്നിരുന്നു.
സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരിയല്ല എന്ന സമീപനമാണ് സ്ഥാപന മാനേജ്മെന്റ് കൈക്കൊണ്ടത്. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് പ്രസവാനു കൂല്യം ഉറപ്പുവരുത്തേണ്ടതുണ്ട്, അവര്‍ പറഞ്ഞു. വനിതാ കമ്മിഷന് അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന് അധ്യക്ഷയായി.
ചെമ്മീന്‍ പീലിങ് മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ നിരവധി പരാതികളാണുയര്ത്തിയത്. ഒരു ടോക്കണ്‍ ചെമ്മീന്‍ കിള്ളുമ്പോള്‍ 19.50 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുക. പലപ്പോഴും ഒരു ടോക്കണില്‍ രണ്ടു കിലോഗ്രാം വരെ ചെമ്മീന്‍ കിള്ളേണ്ടി വരുന്നു.
ഈ കൂലി അപര്യാപ്തമാണ്. ചെറിയ ചെമ്മീനാണെങ്കില്‍ 20 ടോക്കണേ ചെയ്യാന്‍ കഴിയുന്നുള്ളു. നിലത്തിരുന്ന് ചെമ്മീന്‍ കിള്ളുന്ന തൊഴിലാളികള്‍ക്ക് ഇരിക്കുന്നതിനായുള്ള സൗകര്യം ലഭ്യമല്ല. പീലിങ് ഷെഡുകളില്‍ സമയക്രമം നിര്‍ണയിച്ചിട്ടില്ല. ചില സ്ഥലങ്ങളില്‍ ജോലി പൂര്‍ത്തിയാക്കാതെ ശുചിമുറിയില്‍ പോകാന്‍ അനുവദിക്കുന്നില്ല. ജോലിക്കിടയില്‍ വിശ്രമവേള അനുവദിക്കുന്നില്ല.
കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നതു മൂലം ഗര്‍ഭാശയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. മണിക്കൂറുകളോളം ഐസില്‍ ജോലി ചെയ്യുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കുന്നില്ല. തൊഴില്‍ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വന്നിട്ടില്ലാത്തതിനാല്‍ യാതൊരു വിധ തൊഴില്‍ സുരക്ഷാ പരിഗണനയും സേവന വേതന വ്യവസ്ഥയും ഈ മേഖലയില്‍ ലഭ്യമല്ല. കൊടിയ പീഡനം
അനുഭവിച്ചാണ് ഈ മേഖലയിലെ സ്ത്രീകള്‍ ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: