അയോധ്യ: പ്രധാനമന്ത്രി മോദി കഴിഞ്ഞ 11ദിവസമായി അനുഷ്ഠിച്ചുവരുന്ന വ്രതം ഉന്നതമായ ആത്മീയ ആചരണമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. മോദിയുടെ അനുഷ്ഠാനം ശ്രീരാമനോടുള്ള സമ്പൂര്‍ണ്ണഭക്തിയുടെ അടയാളമാണെന്നും മുര്‍മു പറഞ്ഞു. അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങളുകള്‍ ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രിയ്ക്കെഴുതിയ കത്തിലാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ കത്ത് രാഷ്‌ട്രപതി സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചു. കഴിഞ്ഞ 11 ദിവസമായി മോദി പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി കടുത്ത വ്രതാനുഷ്ഠാനത്തിലായിരുന്നു. പഴങ്ങള്‍ മാത്രമാണ് കഴിക്കുന്നത്. മാത്രമല്ല, വെറും നിലത്ത് കിടന്നാണ് ഉറക്കം.
തന്റെ ആത്മീയനിഷ്ഠയുടെക്കൂടി ഭാഗമായി പ്രധാനമന്ത്രി മോദി ഞായറാഴ്ച ധനുഷ്കോടിയില്‍ എത്തിയിരുന്നു. സീതയെ രക്ഷിക്കാന്‍ ഹനുമാന്റെ നേതൃത്വത്തില്‍ രാമസേതു പണിതുതുടങ്ങിയ അരിചാല്‍മുനൈ എന്ന സ്ഥലവും മോദി സന്ദര്‍ശിച്ചിരുന്നു.
ശ്രീ കോതാണ്ഡരാമ സ്വാമി ക്ഷേത്രത്തില്‍ മോദി പൂജയും നടത്തിയിരുന്നു. വില്ലേന്തിയ രാമനെയാണ് കോതാണ്ഡരാമന്‍.
വിശ്വാസമനുസരിച്ച് രാവണന്റെ സഹോദരനായ വിഭീഷണന്‍ ശ്രീരാമനെ ആദ്യമായി കാണുന്നതും അഭയം തേടുന്നതും ഇവിടെ വെച്ചാണ്. വിഭീഷണനെ രാമന്‍ പിന്നീട് അധികാരത്തില്‍ വാഴിക്കുന്നതും ഇതേ സ്ഥലത്ത് വെച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക