തൃശൂര്‍ : കേരള കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും സംയുക്തമായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന വനിതാ
കാര്‍ഷിക സംരംഭക മേഖലാ സമ്മേളനത്തിന് തുടക്കമായി.
സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും കേരളത്തിലെ സ്ത്രീകള്‍ എല്ലാത്തരത്തിലും ശക്തരാണെന്നും അവര്‍ പറഞ്ഞു.
ഒട്ടേറെ അനുഭവ സമ്പത്തുള്ള സ്ത്രീകള്‍ സംരംഭകത്വ മേഖലയിലേക്ക് കടന്നുവരേണ്ടത് പ്രധാനമാണ്. ഇവര്‍ക്കായി കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ മുഖേന
പരിശീലനങ്ങള്‍ ലഭ്യമാകുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
കോട്ടയം, പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ കര്‍ഷക ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കെ.രാജന് മുഖ്യാതിഥിയായി പരിപാടിയില്‍ വൈസ് ചാന്‍സിലര്‍ ഡോ.ബി അശോക് അധ്യക്ഷനായി.
കാഴ്ചപരിമിതിയെ അതിജീവിച്ച് ഓണ്‍ലൈന്‍ വ്യവസായത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ സംരംഭകയായ ഗീത സലീഷിനെ കേന്ദ്രകൃഷി സഹമന്ത്രി ശോഭ കരന്തലജെ ആദരിച്ചു.
കേരള, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സംരംഭകരും പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍, എ.സി.എ.ആര് സോണ്‍ 11 ഡയറക്ടര്‍ ഡോ. വി വെങ്കടസുബ്രഹ്മണ്യന്‍, എന്‍.ഐ.എഫ്.ടി.ഇ.എം ഡയറക്ടര്‍ പ്രഫ.വി പളനിമുത്തു, കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ സക്കീര്‍ ഹുസൈന്, റിസര്‍ച്ച് ഡയറക്ടര്‍ ഡോ.മധു സുബ്രഹ്മണ്യന്, ഡയറക്ടര്‍ ഓഫ് എക്സന്‍ഷന്‍ ഡോ. ജോക്കബ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: