എല്ലാവരും രാമന്മാര്‍, എല്ലാ വഴികളും അയോദ്ധ്യയിലേക്ക്… പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്ന ശ്രീരാമ ജന്മഭൂമിയിലേക്ക് രാമഭക്ത പ്രവാഹം. നിയന്ത്രണങ്ങള്‍ മറികടന്ന് കാല്‍നടയായി പതിനായിരങ്ങള്‍ അയോദ്ധ്യയിലെത്തിക്കൊണ്ടിരിക്കുന്നു. കൊടുംതണുപ്പിനെയും ശീതക്കാറ്റിനെയും വകവയ്‌ക്കാതെ രാമനാമജപങ്ങളുമായി കാല്‍നടയായി രാമഭക്തരെത്തിയതോടെ ക്ഷേത്ര നഗരി ആഘോഷ ലഹരിയിലായി. എവിടെയും രാമമന്ത്രവും രാമഭജനകളുമായി ചെറുസംഘങ്ങളും സംന്യാസിമാരും. രാമക്ഷേത്രത്തിനു മുന്നിലും ഹനുമാന്‍ഗഡിയിലും രാംപഥിലും സരയൂതീരത്തുമെല്ലാം ഭക്തര്‍ നിറയുകയാണ്.
ലഖ്നൗ ഉള്‍പ്പെടെയുള്ള സമീപ നഗരങ്ങളും രാമഭക്തരാല്‍ നിറഞ്ഞുകവിഞ്ഞു. അയോദ്ധ്യ ജില്ലയിലും നഗരത്തിലും പുറത്തുനിന്നുള്ളവരെ തടഞ്ഞതിനാല്‍ സമീപ ജില്ലകളിലെല്ലാം വന്‍തോതില്‍ ഭക്തരെത്തിയിരിക്കുന്നു. നാളെ പ്രാണപ്രതിഷ്ഠയ്‌ക്കു ശേഷം രാമക്ഷേത്രത്തിലെത്തി ദര്‍ശനം നടത്താനാണ് ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും വിദൂര നഗരങ്ങളില്‍ നിന്നും ജനങ്ങള്‍ ഉത്തര്‍പ്രദേശിലെത്തിയിരിക്കുന്നത്. അയോദ്ധ്യ നഗരിയുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. യുപി പോലീസിനു പുറമേ എന്‍എസ്ജി, എടിഎസ്, യുപി എസ്പിഎഫ്, കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങള്‍ എന്നിവയെയും വിന്യസിച്ചു.
പ്രാണപ്രതിഷ്ഠയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും അടക്കമുള്ള പ്രമുഖര്‍ ഇന്ന് അയോദ്ധ്യയിലെത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവസാന വട്ട ഒരുക്കങ്ങള്‍ ഇന്ന് പരിശോധിക്കും. പ്രാണപ്രതിഷ്ഠയ്‌ക്കായി പ്രത്യേക ക്ഷണപ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അയോദ്ധ്യയിലെത്തിത്തുടങ്ങി. കേരളത്തില്‍ നിന്നുള്ള സംന്യാസിമാരുടെ സംഘവും രാമക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണപ്രകാരമെത്തിയവരും യുപി സര്‍ക്കാര്‍ അതിഥികളായെത്തിയവരും രാമജന്മഭൂമിയിലുണ്ട്. ചടങ്ങില്‍ അന്‍പതോളം മലയാളികള്‍ പങ്കെടുക്കും
ഇന്നലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഹവനവും പാരായണവും നടന്നു. രാവിലെ ശര്‍ക്കരാധിവാസം, ഫലാധിവാസ്, 81 കലശങ്ങളില്‍ സൂക്ഷിച്ച ഔഷധങ്ങളും വെള്ളവുമുപയോഗിച്ചുള്ള സ്നാനം, പ്രാസാദ് അധിവാസന്‍, പിണ്ഡികാ അധിവാസം, പുഷ്പാധിവാസ്, ആരതി എന്നിവ നടന്നു. പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഭക്തര്‍ക്ക് നല്കാന്‍ മെഹന്തിപ്പൂര്‍ ബാലാജി മന്ദിരത്തില്‍ നിന്ന് ഒന്നരലക്ഷം ടിന്‍ ലഡു രാമക്ഷേത്ര ട്രസ്റ്റിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: