എ ഡി പന്ത്രണ്ടാം നൂറ്റാണ്ടില്‍ അഖണ്ഡ ഭാരതത്തിന്റെ വടക്ക്-പടിഞ്ഞാറ് നിന്നും മുഹമ്മദ് ഗോറിയുടെ സൈന്യം പൃഥ്വിരാജ് ചൗഹാന്റെ അജ്മീര്‍ ലക്ഷ്യമാക്കി നീങ്ങി. ചെറു രാജ്യങ്ങള്‍ ഓരോന്നോരോന്നായി കീഴടങ്ങി. അവസാനമായി അജ്മീറിന്റെ അതിര്‍ത്തി രാജ്യമായ നാഡോള മുസ്ലിം സൈന്യം പിടിച്ചെടുത്തു. ഗോറിയുടെ അടുത്ത ലക്ഷ്യം അജ്മീറിന്റെയും പൃഥ്വിരാജിന്റെയും പരമ്പരാഗത ശത്രുക്കളായ ഗുജറാത്തിലെ ചാലൂക്യരായിരുന്നു. എന്നാല്‍ നഡോളയുടെ പതനത്തെക്കുറിച്ചും, ചാലൂക്യരെ ആക്രമിക്കുവാനുള്ള ഗോറിയുടെ തയ്യാറെടുപ്പിനെക്കുറിച്ചുമുളള വിവരങ്ങള്‍ പൃഥ്വിരാജിന് ലഭിച്ചു. തുടര്‍ന്ന് ഗോറിക്കുമേല്‍ ഒരു അപ്രതീക്ഷിത ആക്രമണത്തിന് തയ്യാറാകുവാന്‍ സൈന്യത്തിന് പൃഥ്വിരാജ് നിര്‍ദ്ദേശം നല്‍കി.
സ്വാര്‍ത്ഥ നേട്ടങ്ങളെക്കാള്‍ ഭാരതം മുസ്ലിങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് തടയുകയെന്ന ദേശീയ ബോധമായിരുന്നു കൗമാരക്കാരനായ പൃഥ്വിരാജിന്റെ മനസ്സില്‍. ‘ഞാന്‍ ഗോറിയെ ഈ മണ്ണില്‍ തന്നെ കുഴിച്ചു മൂടു’മെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചു. നിര്‍ഭാഗ്യവശാല്‍ തന്റെ പിതാവിന്റെ പ്രധാനമന്ത്രിയായിരുന്ന, ഇപ്പോള്‍ തന്റെയും പ്രധാനമന്ത്രിയായ കദീബദാസിന്റെ ‘മുസ്ലിങ്ങളും ചാലൂക്യരും നമ്മുടെ ശത്രുക്കളാണെന്നും അവര്‍ പരസ്പരം പോരാടിക്കട്ടെ’യെന്നുമുള്ള ഉപദേശത്തിന് പൃഥ്വിരാജിന് വഴങ്ങേണ്ടി വന്നു. എന്നാല്‍ ആ ഉപദേശം ഭാരതത്തിന്റെ ഭാവിഗതിയെ മാറ്റിമറിച്ചു. ഗോറിയുമായുള്ള നിരന്തര യുദ്ധത്തിന്റെ ഫലമായി എ.ഡി 1192 ലെ തറൈന്‍ യുദ്ധത്തില്‍ പ്രഥ്വിരാജിന്റെ അജ്മീറും ഒപ്പം ദല്‍ഹിയും വീണു. ഗോറിക്കു ശേഷം കുത്തബ്ദീന്‍ ഐബക്കിലൂടെ (എ. ഡി 1206) ദല്‍ഹി സുല്‍ത്താനേറ്റും ബാബറിലൂടെ മുഗളരും വിശാലമായ ഹിന്ദു ഭൂമി ഭരിച്ചു.
ഭാരതീയരുടെ ഹിന്ദു ദേശീയബോധം ഇസ്ലാം പ്രചരിപ്പിക്കുന്നതിന് തടസ്സമായിരുന്നു. ആയിരക്കണക്കിന് ക്ഷേത്രങ്ങളും വിദ്യാലയങ്ങളും ഗ്രന്ഥശാലകളും ഇതിനായി തകര്‍ത്തു. ഹിന്ദു ദേശീയതയുടെ പ്രതീകമായ ഭഗവാന്‍ ശ്രീരാമന്റെ ജന്മഭൂമിയിലേക്കും ബാബര്‍ സൈന്യത്തെ അയച്ചു. അങ്ങനെ പതിനാറാം നൂറ്റാണ്ടില്‍ അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം മുസ്ലിങ്ങള്‍ തകര്‍ക്കുകയും, അവിടെ മസ്ജിദ് പണിത് ഇസ്ലാമിക മേല്‍ക്കോയ്മ അരക്കിട്ടുറപ്പിച്ചു. അങ്ങനെ അനാദികാലം മുതല്‍ ഭാരതീയര്‍ ആരാധിക്കുന്ന, ഹിന്ദുത്വത്തിന്റെ പ്രതീകങ്ങളിലൊന്നായ ശ്രീരാമനും അയോദ്ധ്യയിലെ ക്ഷേത്രവും ഇസ്ലാം അധിനിവേശത്തിന്റെ പ്രതീകങ്ങളായി അഞ്ച് നൂറ്റാണ്ടുകളോളം നിലകൊണ്ടു.
പുതിയ ക്ഷേത്രം ഉയരുന്നു
ബാബറിന്റെ സൈന്യം ശ്രീരാമ ക്ഷേത്രം തകര്‍ക്കുമ്പോള്‍ നിരവധി ഹിന്ദുക്കള്‍ അതിനെ ചെറുക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ബാബറിന്റെ സൈനിക ജനറല്‍ മിര്‍ ബാഖിയുടെ സൈനിക ശക്തിക്ക് മുന്‍പില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്താണ് ബാബര്‍ അയോദ്ധ്യ പിടിച്ചെടുത്തതെന്ന് ഉത്തര്‍ പ്രദേശിലെ ബരാബങ്കി ജില്ലയിലെ ബ്രിട്ടീഷ് ഗസറ്റഡ് ഓഫീസറായിരുന്ന ഹാമില്‍ട്ടണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ പുരാവസ്തുഗവേഷണ കണ്ടെത്തലുകളനുസരിച്ച് ശ്രീരാമക്ഷേത്രം പണികഴിപ്പിച്ചത് ബി.സി ആയിരത്തിലാകാമെന്ന് കരുതപ്പെടുന്നു.
അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 2003 മാര്‍ച്ച് 5 മുതല്‍ ഓഗസ്റ്റ് 7 വരെ അയോധ്യയില്‍ നടത്തിയ ഖനനങ്ങള്‍ അവിടെ മൂന്ന് ക്ഷേത്രങ്ങള്‍ നിലനിന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ക്ഷേത്ര പുനര്‍നിര്‍മാണത്തിനായുള്ള പോരാട്ടം ആദ്യ ക്ഷേത്രം തകര്‍ത്ത ദിനംമുതല്‍ തന്നെ ഹിന്ദുക്കള്‍ ആരംഭിച്ചിരുന്നു. സംഘ പരിവാര്‍ പ്രസ്ഥാനങ്ങളും ഈ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്നു. അങ്ങനെ അഞ്ഞൂറിലധികം വര്‍ഷങ്ങളുടെ നിരന്തര പോരാട്ടങ്ങള്‍ക്കും ബലിദാനങ്ങള്‍ക്കും ശേഷമാണ് 2019-ല്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്രം പുനര്‍ നിര്‍മിക്കുവാന്‍ അവസരം ലഭിച്ചത്.
പുതിയ ക്ഷേത്രം ആധുനിക സാങ്കേതിക വിദ്യയുടെയും പുരാതന ഭാരതീയ വാസ്തു വിദ്യയുടെയും സംയോജനമാണ്. സ്വാതന്ത്ര്യാനന്തരം ഭാരതത്തില്‍ നിര്‍മിക്കപ്പെടുന്ന ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് പുതിയ രാമ മന്ദിരം. ദക്ഷിണ ഭാരതത്തിലെ ക്ഷേത്ര ഗോപുര നടകള്‍ക്ക് സമാനമായ രീതിയിലാണ് കിഴക്ക് ഭാഗത്തെ പ്രവേശന കവാടം തേക്ക് തടിയില്‍ നിര്‍മിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ശ്രീരാമന്റെ ജീവിതം ചിത്രീകരിക്കുന്ന കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മൂന്ന് നിലകളുള്ള ക്ഷേത്രത്തിന് അഞ്ച് താഴികക്കുടങ്ങളുണ്ട്. സൂര്യ പ്രകാശം രാമ വിഗ്രഹത്തില്‍ പതിക്കുന്ന തരത്തില്‍ നിര്‍മിച്ചിട്ടുള്ള ഗര്‍ഭഗൃഹമാണ് ക്ഷേത്രത്തിന്റെ കേന്ദ്ര ഭാഗം.
നവഭാരതത്തിലേക്ക്
ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പുതിയ ക്ഷേത്രം നവ ഭാരതത്തിലേക്കുള്ളൊരു ചുവടുവയ്‌പ്പാണ്. സാംസ്‌കാരിക അധിനിവേശത്തിനെതിരെയുള്ള ഹിന്ദു ദേശീയതയുടെ വിജയ പ്രതീകമായും അഭിമാന സ്തംഭമായും കാലങ്ങളോളം ക്ഷേത്ര നഗരി തലയുയര്‍ത്തി നില്‍ക്കും. പുരാതന കാലം മുതല്‍ക്കേ കോടിക്കണക്കിന് മനുഷ്യരുടെ നിത്യജീവിതത്തെ സ്വാധീനിക്കുകയും പെരുമാറ്റത്തെ രൂപപ്പെടുത്തുകയും കടമകളെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്ത ഇതിഹാസമാണ് രാമായണം. അയോദ്ധ്യയിലെ രാജകുമാരനായ ശ്രീരാമന്‍, പത്‌നി സീത, സഹോദരന്‍ ലക്ഷ്മണന്‍, രാമ ഭക്തനായ ഹനുമാന്‍ തുടങ്ങിയവരുടെ മാതൃകപരമായ ജീവിതമാണ് ഈ രാഷ്‌ട്രത്തെയും അതിനപ്പുറമുള്ള സമൂഹങ്ങളെയും ആഴത്തില്‍ സ്വാധീനിച്ചത്. അവരുടെ ജീവിത സന്ദേശം അഖണ്ഡ ഭാരതത്തിന്റെ വടക്ക് ഭാഗം ഗാന്ധാര ദേശം, പശ്ചിമ ഭാഗം സിന്ധു നദി മുതല്‍ കിഴക്ക് ഇന്നത്തെ മ്യാന്മാര്‍ അടങ്ങിയ കാമരൂപം വരെയും വടക്ക് ഹിമാലയം മുതല്‍ ദക്ഷിണാ പഥത്തില്‍ കന്യാകുമാരി, ശ്രീലങ്ക വരെ പരസ്പരം ബന്ധിപ്പിക്കുകയും ഏകോപിക്കുകയും, സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലും കോണുകളിലും ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്തു.
കേരളത്തില്‍ പാണന്മാരുടെ പാട്ടുകള്‍ മുതല്‍ ‘ശ്രീരാമ ജയം’മെന്ന് തുടങ്ങുന്ന തിരുവതാംകൂര്‍ ഭരണാധികാരികളുടെ കത്തുകളില്‍ വരെയും സീതാവല്ലഭന്‍ പ്രതിഫലിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചീരാമനെഴുതിയ രാമചരിതവും 14-ാം നൂറ്റാണ്ടില്‍ ആയ്യിപിള്ള ആശാന്‍ എഴുതിയ രാമകഥപ്പാട്ടും എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണവുമെല്ലാം കേരളത്തില്‍ രാമായണമുണ്ടാക്കിയ സ്വാധീനത്തിന്റെ പ്രതിഫലനമാണ്.
രാവണനെ തോല്‍പ്പിച്ച് ശ്രീലങ്കയില്‍ നിന്ന് മടങ്ങിയെത്തിയ ശ്രീരാമന്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ശിവഭഗവാനെ ലിംഗരൂപത്തില്‍ ആരാധിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ പുറനാന്നൂറ്, അകനാനൂറ് തുടങ്ങിയ ആദ്യ കാല തമിഴ് സംഘ സാഹിത്യങ്ങളില്‍ രാമായണത്തിന്റെ സ്വാധീനം പ്രബലമാണ്. ശ്രീലങ്ക കീഴടക്കിയതിന് ശേഷം ചോള രാജാവായ പരാന്തകന്‍ ഒന്നാമന്‍ ‘സംഗ്രമ രാഘവ’ നെന്നാണ് സ്വയം നാമകരണം ചെയ്തത്. അദ്ദേഹത്തിന്റെ പുത്രനായ ആദിത്യന്‍ ഒന്നാമനെ ‘കോതണ്ഡരാമ’ നെന്നും വിളിച്ചു. നിരവധി ശ്രീരാമക്ഷേത്രങ്ങളാണ് പാണ്ഡ്യ രാജാക്കന്മാര്‍ തമിഴ്‌നാട്ടില്‍ നിര്‍മ്മിച്ചത്. അന്ന് രാമായണവും ശ്രീരാമനും ഒരു മതത്തിന്റെയും പ്രതീകമായിരുന്നില്ല. കര്‍ണാടകയിലെ ജൈന ദിഗംബര സന്യാസിയായ കുമുദേന്തു മുനി പതിമൂന്നാം നൂറ്റാണ്ടിലെഴുതിയ കുമുദേന്തു രാമായണം ശ്രീരാമന്‍ ഒരു സംസ്‌കാരത്തിന്റെ പ്രതീകമായിരുന്നുവെന്നതിന്റെ ഉദാഹരണമാണ്.
കേരളത്തിലെ പറയന്‍ തുള്ളല്‍, രാമനാട്ടം, കഥകളി, കൂടിയാട്ടം, തമിഴ്നാട്ടിലെ ഭരതനാട്യം, ഒഡീഷയിലെ ഒഡീസി തുടങ്ങിയ ഭാരതത്തിലെ വിവിധ നൃത്ത രൂപങ്ങളിലും സംഗീതങ്ങളിലുമെല്ലാം രാമ സ്വാധീനം അനുഭവപ്പെടുന്നു. പതിനാലാം നൂറ്റാണ്ടില്‍ ദക്ഷിണ ഭാരതത്തിന്റെ സിംഹഭാഗവും ഭരിച്ചിരുന്ന വിജയ നഗര സാമ്രാജ്യത്തിന്റെ പ്രധാന ആരാധന മൂര്‍ത്തികളിലൊന്ന് രാജീവലോചനനായിരുന്നു. രാജാവിനും കുടുംബാംഗങ്ങള്‍ക്കും പ്രാര്‍ത്ഥിക്കുവാന്‍ ശ്രീരാമ ചന്ദ്ര ക്ഷേത്രം തലസ്ഥാന നഗരത്തിന്റെ കേന്ദ്ര സ്ഥാനത്ത് അവര്‍ പണികഴിപ്പിച്ചു. ക്രിസ്തുമതത്തിന്റെ വ്യാപനത്തിന് എത്രയോ മുന്‍പ് ഇന്നത്തെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാമായണം പ്രചാരത്തിലുണ്ടായിരുന്നു. രാമായണത്തിന്റെ നിരവധി പതിപ്പുകള്‍ ഈ മേഖലയിലെ ബോഡോ കചാരികള്‍, ഖാസികള്‍, മിസോകള്‍, മെയ്തീസ്, ജയന്തിയ തുടങ്ങിയ വനവാസി സമൂഹങ്ങള്‍ക്കിടയില്‍ ഇന്നും കാണുവാന്‍ സാധിക്കും. രാമായണത്തിന്റെ യഥാര്‍ത്ഥ പ്രമേയം നിലനിര്‍ത്തികൊണ്ട് തങ്ങളുടേതായ ഉപകഥകളും പ്രാദേശിക ഭൂമിശാസ്ത്രവും ചേര്‍ത്ത് പാട്ടുകളിലൂടെയും കഥകളിലൂടെയും വാമൊഴികളായാണ് അവര്‍ ജനാര്‍ദ്ദനനെ ഹൃദയത്തിലേറ്റിയത്.
അഖണ്ഡ ഭാരതത്തിന്റെ സമസ്ത മേഖലകളിലും തന്റെ ജീവിത ദര്‍ശനത്തിലൂടെ നൂറ്റാണ്ടുകളോളം ഐക്യമുണ്ടാക്കുവാന്‍ മര്യാദ പുരുഷോത്തമന് സാധിച്ചു. ജന്മദേശമായ അയോദ്ധ്യയിലെ ക്ഷേത്രം തകര്‍ത്ത് അഞ്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ദേശീയ ജീവിതത്തില്‍ രാമന്‍ ചെലുത്തിയ സ്വാധീനത്തില്‍ ഇന്നും ഒട്ടും കുറവുണ്ടായിട്ടില്ല. പുതിയ ക്ഷേത്ര നിര്‍മാണത്തില്‍നിന്നും പ്രതിഷ്ഠയില്‍നിന്നും ഇത് വ്യക്തമാണ്. ലോകത്തെ പ്രധാന സാമ്പത്തിക സൈനിക ശക്തിയാകുവാന്‍ ശ്രമിക്കുന്ന ഭാരതത്തിനാവശ്യമായതും ഈ ഊര്‍ജ്ജവും ദേശീയ ഐക്യവുമാണ്.
ആഗോള ആത്മീയ തലസ്ഥാനം
ലോകത്തെ പല സംസ്‌കാരങ്ങളുടെയും കേന്ദ്ര ബിന്ദുവായ വ്യക്തിത്വമാണ് ശ്രീരാമ ചന്ദ്രന്‍. രാമായണത്തിലൂടെ അഖണ്ഡ ഭാരതത്തിന്റെ അതിരുകള്‍ക്കപ്പുറത്തെ സമൂഹങ്ങളിലേക്ക് ഭഗവാന്റെ ജീവിതമെത്തുകയും വളരെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്തു. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ സമൂഹിക സാംസ്‌കാരിക രംഗത്ത് സ്വീകാര്യത ലഭിക്കുമ്പോഴും രാമഭക്തിയുടെ കേന്ദ്രമാവേണ്ട ഭാരതത്തില്‍ അഞ്ച് നൂറ്റാണ്ടിലേറെയായി ഭഗവാന് ഇരിപ്പിടമുണ്ടായിരുന്നില്ല. പുതിയ ക്ഷേത്രമുയര്‍ന്നതോടെ ശ്രീരാമ ഭക്തരുടെ ആഗോള തലസ്ഥാനമായി അയോദ്ധ്യ മാറുകയാണ്.
തായ്‌ലന്‍ഡ്, കംബോഡിയ, ഇന്‍ഡോനേഷ്യ, സിങ്കപ്പൂര്‍, നേപ്പാള്‍, ലാവോസ്, ശ്രീലങ്ക, മലേഷ്യ, മൗറീഷ്യസ്, ജപ്പാന്‍, മംഗോളിയ, വിയറ്റ്‌നാം, മ്യാന്മാര്‍ തുടങ്ങിയ ദക്ഷിണേഷ്യ, ദക്ഷിണ പൂര്‍വ്വേഷ്യ, പൂര്‍വ്വേഷ്യ തുടങ്ങിയ മേഖലകളിലെ രാജ്യങ്ങളില്‍ ദശരഥ പുത്രന് വലിയ സ്ഥാനമാണുള്ളത്. തായ്‌ലാന്‍ഡില്‍ പാഠപുസ്തകങ്ങളില്‍ രാമായണം അഥവാ ‘രാമകിയാന്‍’ ഇന്നും പഠിപ്പിക്കുന്നു. ബുദ്ധിസ്റ്റ് രാജ്യങ്ങളായ കംബോഡിയ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ ഇപ്പോഴും കൗസല്യാ തനയനാണ് ദേശീയ ബിംബം. ബുദ്ധമത രാജ്യമായിരുന്നിട്ടുപോലും തായ്‌ലന്‍ഡിലെ രാജക്കന്മാര്‍ ‘രാമ’ന്‍ എന്ന പേരാണ് സ്വീകരിച്ചിരുന്നത്. പതിനാലാം നൂറ്റാണ്ട് മുതല്‍ നാല് നൂറ്റാണ്ടുകളോളം തായ്‌ലന്‍ഡിലെ സിയമീസ് രാജവംശത്തിന്റെ തലസ്ഥാന നഗരത്തിന്റെ പേര് ‘അയുദ്ധ്യ’യെന്നായിരുന്നു. ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിലും രാമനും രാമായണവും അവരുടെ സംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായി ഇപ്പോഴും തുടരുന്നു.
മ്യാന്‍മാറിലെ ജനത രാമായണ കഥകള്‍ വാമൊഴി രൂപേണ കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് ആയിരത്തിലധികം വര്‍ഷങ്ങളായിരിക്കുന്നു. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായും ബുദ്ധമത ജാതക കഥകള്‍ എന്ന നിലയിലുമാണ് ശ്രീരാമ ചന്ദ്രന്റെ ജീവിതത്തെ തലമുറകള്‍ക്ക് അവര്‍ കൈമാറുന്നത്. തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ കൊട്ടാര ചിത്രങ്ങള്‍, കൊത്തുപണികള്‍, ശില്‍പ്പങ്ങള്‍ എന്നിവയില്‍ രാമായണത്തിന്റെ സ്വാധീനം കാണുവാന്‍ സാധിക്കും. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കമ്പോഡിയയില്‍ നിര്‍മിച്ച അങ്കോര്‍വാര്‍ട്ട് ക്ഷേത്രത്തിലെ ചുമരില്‍ മനോഹരമായാണ് ശ്രീരാമന്റെ ജീവിത ഘട്ടങ്ങള്‍ കൊത്തിവച്ചിരിക്കുന്നത്. നേപ്പാളില്‍ ഇന്നും ഭാരതത്തിലേതിന് സമാനമായി ശ്രീരാമന്‍ ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്. സീത ദേവി നേപ്പാളിലെ ജനക്പൂരില്‍ ജനിച്ചുവെന്നും, ശ്രീരാമന്റെയും സീതയുടെയും വിവാഹ വേദി അവിടെയായിരുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു. ശ്രീലങ്കയിലെ നാടോടി കഥകള്‍, ഐതിഹ്യങ്ങള്‍, നാടോടി പാട്ടുകള്‍ എന്നിവയില്‍ രാമായണത്തിന്റെ ശക്തമായ സ്വാധീനമുണ്ട്. നിരവധി ഹനുമാന്‍ ക്ഷേത്രങ്ങളും ഹനുമാന്‍ ഭക്തരും ശ്രീലങ്കയിലുണ്ട്.
ഉത്സവങ്ങളായ ദസറയും ദീപാവലിയും ഭൂട്ടാനിലെ ആഘോഷങ്ങളിലൊന്നാണ്. ദസറ ദിവസം ഇന്നും ഭൂട്ടാനില്‍ ദേശീയ അവധിയാണ്. പല വിദേശ രാജ്യങ്ങളും വിവിധ മതങ്ങള്‍ പിന്തുടരുന്നുവെങ്കിലും രാമായണം പകര്‍ന്നു നല്‍കിയ ജീവിത മൂല്യങ്ങള്‍ ഉപേക്ഷിക്കുവാന്‍ തയ്യാറായിട്ടില്ല. സംസ്‌കാരങ്ങള്‍, മതങ്ങള്‍, ജാതികള്‍, ഭാഷകള്‍, പാരമ്പര്യങ്ങള്‍, അതിര്‍ത്തികള്‍ എന്നിവയുടെ വേലിക്കെട്ടുകള്‍ മുറിച്ചുകടന്ന് രാമായണത്തിന് ലഭിച്ച സാര്‍വത്രിക സ്വീകാര്യത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ക്ഷേത്ര പുനര്‍നിര്‍മ്മാണത്തോടെ കൂടുതല്‍ ശക്തമാവുകയാണ്. അതിന്റെ കേന്ദ്ര സ്ഥാനമാണ് അയോദ്ധ്യയിലുയരുന്ന ശ്രീരാമ ക്ഷേത്രത്തിന് ലഭിക്കുക.
അയോദ്ധ്യ തീര്‍ത്ഥാടനം
പുതിയ ക്ഷേത്രമുയര്‍ന്നതോടെ ലോകത്തിന്റെയും ഭാരതത്തിന്റെയും നാനാ ഭാഗത്തുനിന്നും അയോദ്ധ്യ തീര്‍ത്ഥാടനം ശക്തമാകും. നിലവില്‍ ആഭ്യന്തര തലത്തില്‍ രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിച്ചു രാമായണ സര്‍ക്യൂട്ട്’എന്ന പേരിലാണ് തീര്‍ത്ഥാടന ട്രെയിന്‍ സര്‍വീസ് നടക്കുന്നത്. ദല്‍ഹി, അലീഗഡ്, കാണ്‍പൂര്‍ വഴി അയോദ്ധ്യയിലെത്തി ബീഹാറില്‍ നിന്ന് നേപ്പാളിലെ ജനക്പൂരിലേക്കും, തിരിച്ച് വാരാണസി, സൃഘവപേരൂര്‍, ചിത്രകൂട്, നാസിക്, പഞ്ചവടി, കിഷ്‌കിന്ധ, രാമേശ്വരം കാഞ്ചിപുരം, ഭദ്രാചലം തുടങ്ങിയ സ്ഥലങ്ങളിലൂടെ 8000 കിലോമീറ്ററാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. നേപ്പാളുമായി നിലവിലുള്ള പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തുവാനുള്ള ധാരണയിലും ഇരു രാജ്യങ്ങളുമെത്തിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരും സംസ്ഥാനത്ത് രാമായണ സര്‍ക്യുട്ട് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ സര്‍ക്കാരും ശ്രീരാമ തീര്‍ത്ഥാടന യാത്രാ പദ്ധതികള്‍ നടത്തുന്നുണ്ട്. അയോദ്ധ്യയെയും നേപ്പാളിലെ ജനക് പൂരിയെയും സഹോദരി നഗരങ്ങളായി പ്രഖ്യാപിക്കാന്‍ പോവുകയാണ്.
നിലവില്‍ ബുദ്ധ സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കുന്നതുപോലെ ഭാരതത്തിന്റെ ആക്ട് ഈസ്റ്റ് നയത്തില്‍ ഉള്‍പ്പെടുത്തി രാമായണ സര്‍ക്യൂട്ട് പദ്ധതി തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് ഭാവിയില്‍ വ്യാപിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ ക്ഷേത്ര നിര്‍മ്മാണം. 2017-ല്‍ ഫിലിപ്പീന്‍സില്‍ നടന്ന ആസിയാന്‍ ഉച്ചകോടി തുടങ്ങിയത് രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നൃത്ത-സംഗീത പരിപാടിയോടെയായിരുന്നു. അതുകൊണ്ടുതന്നെ ഇന്തോനേഷ്യയും തായ്ലന്‍ഡും മ്യാന്മറും ഉള്‍പ്പടെ പത്തോളം രാജ്യങ്ങളുടെ കൂട്ടായ്മയയായ ആസിയാനുമായി ഔദ്യോഗിക തലത്തില്‍ സാംസ്‌കാരിക ബന്ധം ആഴത്തിലാക്കുവാന്‍ ഭാരതത്തിന് കൂടുതല്‍ സാധ്യത നല്‍കുന്നു. അതിന് അവസരം നല്‍കുന്നതാണ് രാമ ക്ഷേത്ര നിര്‍മാണവും അതിര്‍ത്തികള്‍ക്കപ്പുറമുള്ള തീര്‍ത്ഥാടനവും.
ബ്രിട്ടീഷ് അധിനിവേശ കാലത്ത് സുരിനാം, കെനിയ, ഗയാന, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലിക്കായി ധാരാളം തൊഴിലാളികളെ തോട്ടങ്ങളില്‍ കൊണ്ടുപോയിരുന്നു. രാമായണ പാരായണ ശീലം തലമുറകളായി അവര്‍ ഇന്നും കൈമാറ്റം ചെയ്യുന്നു. യൂറോപ്പ്, അമേരിക്ക, മധ്യേഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളിലുള്ള ഭാരതീയര്‍ക്ക് തങ്ങളുടെ മാതൃ രാഷ്‌ട്രവുമായി മാനസിക ബന്ധം നിലനിര്‍ത്തുന്നതിന് രാമക്ഷേത്രവും തീര്‍ത്ഥാടന പദ്ധതികളും സഹായകരമാവും.
(ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക