ശ്രീരാമചന്ദ്രന്‍ ഭാരതത്തിന്റെ ദേശീയബിംബമാണ്. രാമനില്ലാത്ത ഈ രാഷ്‌ട്രം ആത്മാവില്ലാത്ത ശരീരം പോലെയാണ്. അദ്ദേഹമാണ് ഭാരതത്തിന്റെ ആദര്‍ശം. രജ്യത്തിന്റെ ഭരണാധികാരികള്‍ക്ക് ഭരണനിര്‍വഹണത്തിന്റെ മാതൃകയും മറ്റാരുമല്ല. ലോകം മുഴുവന്‍ രാമനും രാമന്റെ കഥയും അറിയപ്പെട്ടതു തന്നെ അദ്ദേഹത്തിന്റെ സദ്ഭരണത്തിനുള്ള അംഗീകാരമാണ്. രാമന്റെ നാട്ടുകാര്‍ എന്ന നിലയിലാണ് ഭാരതീയര്‍ ലോകത്തിന് മുമ്പില്‍ അറിയപ്പെടുന്നതു തന്നെ. ഗാന്ധിജി മുതല്‍ നരേന്ദ്രമോദി വരെയുള്ള ലോകം ആദരിക്കുന്ന ഭാരതീയരെല്ലാം ശ്രീരാമഭക്തന്മാരാണ്. അങ്ങനെയുള്ള ശ്രീരാമന്റെ ക്ഷേത്രം അദ്ദേഹത്തിന്റെ ജന്മഭൂമിയില്‍ സ്ഥാപിതമാവുന്നതിലും വലിയ ആഹ്ലാദം വേറെന്താണ് ഭാരതീയര്‍ക്കുള്ളത്.
ഭാരതത്തിന്റെ ദേശീയോദ്ഗ്രഥനത്തിന്റെ ഏറ്റവും വലിയ പ്രതീകമായ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് അഞ്ചുനൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് ജനുവരി 22ന് വിരാമമാവുന്നത്. വൈദേശിക അടിമത്തത്തില്‍ നിന്നും രാമജന്മഭൂമിയെ മോചിപ്പിക്കാന്‍ വേണ്ടി ഒട്ടനവധി പോരാട്ടങ്ങള്‍ ദേശീയവാദികള്‍ നടത്തി. അയോധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയരുന്നതിനു വേണ്ടി പ്രയത്‌നിച്ച കുറ്റത്തിന് ആയിരക്കണക്കിന് രാമഭക്തരുടെ ജീവനാണ് നമുക്ക് നഷ്ടമായത്. അവരുടെ ബലിദാനം വെറുതെയായില്ല. ലോകത്തിന് മുമ്പില്‍ ഭാരതത്തിന്റെ അഭിമാനമായി രാമക്ഷേത്രം ഉയര്‍ന്നു.
മലയാളികള്‍ ശ്രീകൃഷ്ണനെ പോലെ തന്നെ ആരാധിക്കുന്ന അവരുടെ പ്രിയപ്പെട്ട മൂര്‍ത്തിയാണ് ശ്രീരാമന്‍. രാമന്റെ പേരില്‍ ആയിരക്കണക്കിന് സ്ഥലങ്ങളാണ് കേരളത്തിലുള്ളത്. എല്ലാ ദിവസവും സന്ധ്യയ്‌ക്ക് രാമനാമം ചൊല്ലുന്നത് മലയാളികളുടെ പതിവാണ്. അതേപോലെ ഒരു മാസം മുഴുവന്‍ രാമായണമാസമായി ആചരിക്കുന്നവരാണ് നമ്മള്‍. നാലമ്പലയാത്ര നമ്മളെ സംബന്ധിച്ചിടത്തോളം സകലപാപങ്ങളില്‍ നിന്നുമുള്ള മോചനമാണ്.
രാമന്‍ മലയാളിയുടെ ജീവിതത്തിലെ അഭിഭാജ്യഘടകമാണ്. രാമജന്മഭൂമി പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് മലയാളികളാണ് പങ്കെടുത്തത്. നൂറുകണക്കിന് പേര്‍ കര്‍സേവയില്‍ പങ്കെടുക്കാന്‍ അയോധ്യയിലേക്ക് എത്തി. പലരും ജയിലില്‍ അടയ്‌ക്കപ്പെട്ടു. നിരവധിപേര്‍ പൊലീസ് മര്‍ദ്ദനത്തിന് ഇരയായി. അവര്‍ അനുഭവിച്ച ത്യാഗത്തിന്റെകൂടി പരിണിതഫലമാണ് ഇന്നത്തെ നമ്മുടെ ധര്‍മ്മവിജയം.
അയോധ്യയില്‍ രാമക്ഷേത്രം ഉയരുമ്പോള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത രണ്ട് പേരുകള്‍ കെ.കെ. നായരുടേതും കെ.കെ. മുഹമ്മദിന്റേതുമാണ്. 1949ല്‍ തര്‍ക്കം നടക്കുന്ന സമയത്ത് അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസബാദില്‍ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റുമായിരുന്ന കെ.കെ. നായര്‍ നെഹ്‌റുവിന്റെ ഭീഷണിക്ക് വഴങ്ങാതെ സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയതാണ് രാമജന്മഭൂമി വിഷയത്തില്‍ നിര്‍ണായകമായത്. രാമക്ഷേത്രം തകര്‍ത്ത് വേദേശികശക്തികളാണ് അയോധ്യയില്‍ ബാബരി മസ്ജിദ് നിര്‍മ്മിച്ചതെന്ന് അദ്ദേഹം കണ്ടെത്തി. നെഹ്‌റുവിന്റെ കോപത്തിന് ഇരയായ അദ്ദേഹത്തിന് കനത്തവില നല്‍കേണ്ടി വന്നു. എന്നാല്‍ ജോലി രാജിവെച്ച് അദ്ദേഹം പൂര്‍ണസമയം രാമക്ഷേത്രത്തിന് വേണ്ടി പ്രചരണത്തിനിറങ്ങി.
ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫീസറായ കെകെ മുഹമ്മദ് നിരവധി പ്രലോഭനങ്ങളും ഭീഷണിയും അതിജീവിച്ചാണ് സത്യം കണ്ടെത്തിയത്. ഇടത് ചരിത്രകാരന്മാര്‍ അദ്ദേഹത്തെ അതിന്റെ പേരില്‍ ഇന്നും വേട്ടയാടുകയാണ്. എന്നാല്‍ തങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തിയ ഇരുവരും കോടാനുകോടി രാമഭക്തരുടെ ഏറ്റവും പ്രിയപ്പെട്ടവരും മലയാളികളുടെ അഭിമാനതാരകങ്ങളുമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: