ഏണാക്ഷി സീത തന്‍
മിഴികള്‍ പതിഞ്ഞു
ഏണ രൂപം പൂണ്ട മാരീചന്‍ മേലെ
രുക്മ വര്‍ണ്ണത്തില്‍ മനോഹരം,
മാനിന്മേല്‍
രജത മണികള്‍ പതിഞ്ഞപോലെ
മാന്‍മിഴി തന്റെ മനസ്സുമായ് മാനതാ
മായ പോലണയും മറയും മിന്നി
ഓടുമാ സാരംഗം പിടിയിലാകാനാ-
യൊടുവിലോ കാന്തനോടര്‍ത്ഥിക്കയായ്
മനമിതു മായതന്‍ സന്തതി താനേ
മായ കുരുക്കിക്കരയിക്കും നൂനം
ആശകള്‍ നിസ്സാരമായിട്ടൊഴിയില്ല-
യാശയൊഴിപ്പതോ സാരമേകുന്നു
കാലം കടന്നാ മിഴികളോ നീര്‍ച്ചാലായ്
കാര്‍മേഘം പെയ്തഹോ കലശലായി
ഗര്‍ഭവതി സീതയിച്ഛിച്ചതാശ്ചര്യം
ഗംഗാതടമേ തപോവന വാസം!
ധര്‍മ്മപത്‌നിയവള്‍ പാതിമെയ് രാമന്റെ
കര്‍മയോഗത്തിലോ പങ്കു ചേര്‍ന്നു
തപോവന ഗേഹമണഞ്ഞു വൈദേഹി
താപസയോഗം നിയോഗമായ്‌ത്തീര്‍ന്നു
വിരഹം വിരാഗത്തെ വേള്‍ക്കുമാറായി
വിയോഗം വിരാമമണച്ചു മെല്ലെ
രാജസ രഹിതനായ് രാജന്യന്‍ രാമന്‍
രാജര്‍ഷിയായല്ലോ രാജ്യം വരിച്ചു
ഭൂതദായകമാകും ദേഹങ്ങളെല്ലാം
ഭൂതധരയവള്‍ തിരികെ വാങ്ങും
പാര്‍ത്ഥിവി ഭൂമിതന്‍ ധര്‍മത്തെ പാലിച്ചു
പൃഥ്‌വി തന്നുള്ളിലാ ദേഹം മറച്ചു
രാമന്റെ വൈദേഹി ദേഹം വെടിഞ്ഞതു
രാമ രാജ്യത്തിനു മാറ്റുകൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: