ഒന്നര നൂറ്റാണ്ട് മുമ്പ് ബാബറി സമുച്ചയത്തില്‍ കടന്നുകയറി ഹവനം നടത്തിയതിന്റെ ധീരസ്മരണയില്‍ നിഹാംഗ് സിഖ് സമൂഹം അയോധ്യയിലെത്തും. ഞങ്ങളും സനാതനികളാണ്. ഭഗവാന് രാമന്റെ ഭക്തരാണ്. പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അയോധ്യയിലെത്തേണ്ടത് പാരമ്പര്യം കൊണ്ടുതന്നെ ഞങ്ങളുടെ കടമയാണ്, ജതേദാര്‍ ബാബ ഹര്‍ജിത് സിങ് പറയുന്നു. അയോധ്യയിലെത്തുന്ന ആയിരക്കണക്കിന് രാമഭക്തര്‍ക്ക് അന്നം നല്‍കുകയെന്ന ദൗത്യം സ്വയമേറ്റെടുക്കുകയാണ് ബാബയും കൂട്ടരും.
1858 നവംബറില്‍, നിഹാംഗ് ബാബ ഫക്കീര്‍ സിങ് ഖല്‍സയുടെ നേതൃത്വത്തില്‍ 25 നിഹാംഗ് (നിരങ്കാരി) സിഖുകാരാണ് ബാബറി സമുച്ചയത്തില്‍ ആരാധന നടത്തിയത് 165 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ എട്ടാമത്തെ പിന്മുറക്കാരന് ജതേദാര്‍ ബാബ ഹര്‍ജിത് സിംഗ് റസൂല്‍പൂര്‍ അയോധ്യയിലെത്തുന്ന രാമഭക്തര്‍ക്കായി സാമൂഹ്യ അന്നദാനമൊരുക്കുന്നു.
അയഞ്ഞ, കടും നീല നിറത്തിലുള്ള വസ്ത്രങ്ങളും തലപ്പാവുമാണ് നിഹാംഗ് സിഖ് സമൂഹത്തിന്റെ വേഷം. നിഹാംഗ് സമൂഹം രുദ്രാക്ഷം ധരിക്കുന്ന അമൃതധാരി സിഖ് സമൂഹമാണെന്ന് ഹര്‍ജിത് സിങ് ബാബ പറഞ്ഞു.
സനാതനപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഞങ്ങള്‍. രാമഭക്തരെ സേവിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. അടിമത്തത്തിന്റെ അടയാളമായി നിലനിന്നിരുന്ന കെട്ടിടത്തില്‍ രാമമന്ത്രം മുഴക്കിയാണ് ഞങ്ങളുടെ പൂര്‍വികരെത്തിയത്. അവര്‍ അവിടെ രാമനാമം എഴുതി. കാവിക്കൊടികള്‍ ഉയര്‍ത്തി. ധര്‍മ്മത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു. അവധ് പോലീസ് സ്റ്റേഷനിലെ പഴയ രജിസ്റ്ററുകളില്‍ ആ ഇരുപത്തഞ്ച് ധീരരുടെ പേരുകളുണ്ട്. 1858 നവംബര്‍ 30നാണ് അവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശ്രീരാമക്ഷേത്രത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയില്‍ ഈ സംഭവങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്, ബാബ ഹര്‍ജിത് സിങ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: