തിരുവനന്തപുരം: രഞ്ജി ക്രിക്കറ്റില്‍ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സില്‍ മുംബൈയ്ക്ക് കരുത്തന് തുടക്കം. രണ്ടാം ദിവസം വിക്കറ്റെടുക്കുമ്പോള്‍ മുംബൈ വിക്കറ്റ് നഷ്ടം കൂടാതെ 105 റണ്‍സെടുത്തു. രാവിലെ മുതല്‍ ഒന്നാം ഇന്നിങ്സ് ബാറ്റ് ചെയ്ത കേരളം 244 റണ്‍സില്‍ എല്ലാവരും പുറത്തായി.
ആദ്യ ഇന്നിങ്സില്‍ ഗോള്‍ഡന്‍ ഡക്കായ ജയ് ബിസ്ത്ത(57) അര്‍ദ്ധ സെഞ്ചുറി പ്രകടനത്തോടെ തകര്ത്തടിച്ചുകൊണ്ടിരിക്കുയാണ്. ഭൂപന്‍ ലാല്‍വാനി(90 പന്തില്‍ 41) പിന്തുണയോടെ കൂടെയുണ്ട്. മുംബൈയ്ക്ക് കളിയില്‍ ഇതുവരെ 112 റണ്‍സിന്റെ ലീഡ് ആയി.
ആദ്യദിനം മുംബൈയെ 251 റണ്‍സില്‍ പുറത്താക്കിയ കേരളം മറുപടി ബാറ്റിങ്ങില്‍ നാലിന് 221 എന്ന ശക്തമായ നിലയില്‍ നിന്ന് അതിവേഗം തകര്‍ന്നുവീഴുകയായിരുന്നു. 23 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റും വീണു. വെറും 6.1 ഓവറിനുള്ളിലാണ് കേരളത്തിന്റെ ഈ വമ്പന്‍ തകര്‍ച്ച. 31കാരനായ പേസ് ബൗളര്‍ മോഹിത് അവാസ്ഥി ആണ് കേരള നിരയെ എറിഞ്ഞു തകര്‍ത്തത്. 15.2 ഓവറുകള്‍ എറിഞ്ഞ മോഹിത് 57 റണ്‍സ് വിട്ടുനല്‍കി കേരളത്തിന്റെ ഏഴ് ബാറ്റര്‍മാരെ കശക്കിയെറിഞ്ഞു.
കേരള ടോട്ടല്‍ 170 റണ്‍സിലെത്തിയപ്പോള്‍ നായകന് സഞ്ജു ഷംസ് മുലാനിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 38 റണ്‍സിനാണ് താരം പുറത്തായത്. ഈ സമയം ക്രീസിലുണ്ടായിരുന്ന സച്ചിന് ബേബിക്കൊപ്പം ചേര്‍ന്ന് വിഷ്ണു വിനോദ് ഇന്നിങ്സ് ഭദ്രമാക്കി വരുന്നതിനിടെ മുംബൈ നായകന് രഹാനെ മോഹിതിനെ പന്തേല്‍പ്പിച്ചു. താരത്തിന്റെ പേസ് ബോളില്‍ വിഷ്ണു വിനോദ്(29) ലെഗ് ബിഫോറായി. ഇതൊരു തുടക്കമായിരുന്നു. ഒരു വശത്ത് സച്ചിന് ബേബി അപകടങ്ങളെ അതിജീവിച്ചു ചെറുത്തു നിന്നപ്പോള്‍ മറുവശത്ത് അതിവേഗം വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ശ്രേയസ് ഗോപാല്‍(12), ജലജ് സക്സേന(പൂജ്യം), ബേസില്‍ തമ്പി(ഒന്ന്), സുരേഷ് വിശ്വേശ്വര്‍(നാല്) പുറത്തായി. ചെറുത്തുനില്‍പ്പിനിടെ തനുഷ് കോട്ടിയാന്റെ പന്തില്‍ സച്ചിന് ബേബിയും ഇടറി വീണു. എം.ഡി. നിധീഷ് (ആറ്) പുറത്താകാതെ നിന്നു.
നേരത്തെ ഓപ്പണര്‍മാരായ രോഹന് കുന്നുമ്മലും കൃഷ്ണ പ്രസാദും ചേര്‍ന്ന് മികച്ച തുടക്കമാണ് കേരളത്തിന് സമ്മാനിച്ചത്. കേരള സ്കോര്‍ 46ലെത്തിയപ്പോള്‍ കൃഷ്ണപ്രസാദിനെ(21) പുറത്താക്കി ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതും മോഹിത് അവാസ്ഥി ആണ്. പകരം ക്രീസിലെത്തിയ രോഹന് പ്രേമിനെ(പൂജ്യം) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ മോഹിത് മടക്കിയയച്ചു. സച്ചിന് ബേബി ക്രീസിലെത്തിയതോടെ കേരളം താളത്തിലായി. ടോട്ടല്‍ സ്കോര്‍ നൂറ് കടന്നപ്പോഴേക്കും രോഹന് കുന്നുമ്മലിനെ(56) ശിവം ദുബെ ക്ലീന്‍ ബൗള്‍ഡാക്കി. നാലാം വിക്കറ്റില്‍ സഞ്ജു ക്രീസിലെത്തി ഏകദിനശൈലിയില്‍ ബാറ്റിങ് ആരംഭിച്ചു. നിലയുറപ്പിക്കുന്നതിന് പകരം ആക്രമണ ബാറ്റിങ്ങിലൂടെ താരം പുറത്താകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: