ന്യൂദല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ നേതാക്കള്‍ക്ക് കൂട്ടത്തോടെ കാരണം കാണിക്കല്‍ നോട്ടീസുമായി കോണ്‍ഗ്രസ്. നൂറ്റമ്പതോളം നേതാക്കള്‍ക്കാണ് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സ്വതന്ത്രനായോ, മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെയോ മത്സരിച്ചവര്‍ക്കാണ് പാര്‍ട്ടി നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി നല്കാന് 10 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. മറുപടി നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. നവംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 230 സീറ്റില്‍ 66 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്.
തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥികളുടെ പരാതികളെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി. തോല്‍വിക്ക് കാരണം പാര്‍ട്ടിക്കുള്ളിലെ അട്ടിമറിയാണെന്നാണ് ഇവരുടെ വാദം. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതി യോഗത്തിനു ശേഷമാണ് നോട്ടീസ് നല്‍കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അച്ചടക്ക സമിതി മേധാവിയും കോണ്‍ഗ്രസ് സംസ്ഥാന ട്രഷററുമായ അശോക് സിങ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ നടപടി തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ള നാടകം മാത്രമാണെന്ന് ബിജെപി സംസ്ഥാന വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു. നേരത്തെ തന്നെ പാര്ട്ടിവിട്ടവര്ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 163 സീറ്റുകള്‍ നേടിയാണ് ഭരണകക്ഷിയായ ബിജെപി സംസ്ഥാനത്ത് തുടര്‍ഭരണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: