ശബരിമല: രണ്ട് യുവതികള്‍ ശബരിമല കയറിയതായുള്ള ദുഷ്പ്രചരണം സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുന്നു. പതിനെട്ടാം പടിയ്ക്ക് അരികിലായി പെണ്‍കുട്ടികള്‍ നില്ക്കുന്നതായാണ് സെല്‍ഫി ചിത്രം.
സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പ്രചരിക്കുന്നുണ്ടെങ്കിലും ഇത് വ്യാജപ്രചാരണമാണെന്ന് പൊലീസ് പറയുന്നു. സെല്‍ഫി ചിത്രത്തില്‍ തലയില്‍ ഇരുമുടിക്കെട്ടുമേന്തിയാണ് പെണ്‍കുട്ടികള്‍ പതിനെട്ടാംപടിയ്ക്ക് അരികില്‍ നില്‍ക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം തേടി സൈബര്‍ വിംഗ് അന്വേഷണം നടത്തുന്നതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അഞ്ച് മണിക്ക് ശേഷമാണ് രാജേഷ് എന്ന ചെറുപ്പക്കാരന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ എഡിറ്റ് ചെയ്ത ഈ വ്യാജ വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തലയില്‍ ഇരുമുടിക്കെട്ടേന്തിയ യുവതികളുടെ ചിത്രം വ്യാജമായി എഡിറ്റ് ചെയ്തതെടുത്തതാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. പക്ഷെ ഇത് യഥാര്‍ത്ഥ ചിത്രമാണെന്നത് പോലെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
ഐടി വകുപ്പിലെ വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നും അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തുക വഴി മനപൂര്‍വ്വം ലഹള സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേസെടുത്തത്. പ്രതിയെ കണ്ടെത്തിയാല്‍ കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും പൊലീസ് പറഞ്ഞു.
ശബരിമലയിലെ ആചാരമനുസരിച്ച് 10 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ മലകയറിക്കൂട. കാരണം നൈഷ്ഠിക ബ്രഹ്മചാരി രൂപം കൈക്കൊണ്ട് താന്‍ എന്നെന്നും ബ്രഹ്മചാരിയായി ഇരുന്നുകൊള്ളുമെന്ന് പ്രതിജ്ഞയെടുത്താണ് ശ്രീ അയ്യപ്പന് ശബരിമലയില്‍ വാഴുന്നതെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: