കഴിഞ്ഞ ദിവസം നടി സ്വാസിക ഒരു അഭിമുഖത്തിൽ നടത്തിയ പരമാർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തന്റെ മുത്തച്ഛൻ വിഷ വൈദ്യനായിരുന്നെന്നും കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിപ്പിച്ചിട്ടുണ്ടെന്നുമാണ് സ്വാസിക പറഞ്ഞത്. വിഷമിറക്കുമ്പോൾ വീട്ടിലെ തൊഴുത്ത് നിന്ന് കത്തുമെന്ന് കേട്ടിട്ടുണ്ടെന്നും സ്വാസിക വാദിച്ചു. പരാമർശത്തിന് പിന്നാലെ സ്വാസികയ്‌ക്ക് നേരെ ട്രോളുകൾ വന്നു. നടി മുമ്പും അശാസ്ത്രീയമായ കാര്യങ്ങൾ പൊതുവിടങ്ങളിൽ പറഞ്ഞിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി.
ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയിലും സ്വാസിക തന്റെ വാദം ആവർത്തിച്ചിരിക്കുകയാണ്. റിപ്പോർട്ടർ ടിവിയിലെ എഡിറ്റേർസ് മോണിംഗ് ഷോയിൽ പങ്കെടുത്തപ്പോഴാണ് സ്വാസിക തന്റെ വാദം ആവർത്തിച്ചത്. എന്റെ അമ്മൂമ്മ ജീവിച്ചിരിക്കുന്നുണ്ട്. അവർ കണ്ട കഥകളാണിതൊക്കെ. തൊഴുത്ത് കത്തുക എന്ന് പറഞ്ഞാൽ തൊഴുത്തങ്ങ് നിന്ന് കത്തുകയല്ല. അപശകുനം പോലെ ഒരു സംഭവം വരുകയാണ്.
പനിയില്ലാത്തവർക്ക് പനി വരുമെന്നും സ്വാസിക വാദിച്ചു. സ്വാസിക പറഞ്ഞത് പോലെ പാമ്പിൻ വിഷമിറപ്പിക്കുന്ന കാര്യം താനും കേട്ടിട്ടുണ്ടെന്ന് മാധ്യമപ്രവർത്തക സുജയ പാർവതി പറഞ്ഞു. അതേസമയം സ്വാസികയുടെ വാദത്തെ മാധ്യമപ്രവർത്തകൻ നികേഷ് കുമാർ എതിർത്തു. ഇത് അന്ധവിശ്വാസമാണെന്നും പാമ്പ് ബുദ്ധിയില്ലാത്ത ജീവിയാണെന്നും നികേഷ് കുമാർ ചൂണ്ടിക്കാട്ടി.
എന്നാൽ സ്വാസിക തന്റെ വാദത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. ശാസ്ത്രീയമായി നോക്കുമ്പോൾ അതിൽ പല പിഴവുകളും കാണും. ചില കാര്യങ്ങൾ നമ്മൾ നേരിൽ കാണുന്നുണ്ട്. സർപ്പക്കാവിൽ ആയില്യം പൂജ കഴിയുമ്പോൾ ബുദ്ധിയില്ലാത്ത, ചെവി കേൾക്കാത്ത പാമ്പ് കൃത്യ സമയത്ത് വിളക്കിന് ചുറ്റും വന്ന് നിൽക്കുന്നു എന്ന് സ്വാസിക ചോദിച്ചു. സ്വാസികയുടെ വാദത്തെ സുജയയും പിന്തുണച്ചു.
വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിൽ ഇത് വളരെ പ്രശസ്തമാണ്. പൂജ കഴിയുമ്പോൾ കൃത്യമായി പാമ്പ് വരും. ഇക്കഴിഞ്ഞ തവണയും അങ്ങനെ വന്നിട്ടുണ്ടെന്ന് സുജയ ചൂണ്ടിക്കാട്ടി. പല തരത്തിലുള്ള അഭിപ്രായങ്ങൾ ഇതോടെ ചർച്ചയിൽ വന്നു. ഇത്തരത്തിലുള്ള ഒരുപാട് കഥകളുണ്ട്. നമ്മുടെ നാട്ടിലെ തെയ്യത്തിന് ഓരോ കഥകളുണ്ട്. അത് വിശ്വസിച്ചാണ് ആ കലാരൂപത്തിനൊപ്പം നിൽക്കുന്നത്. അതൊരു വിശ്വാസമാണെന്ന് നികേഷ് കുമാർ പറഞ്ഞു. സ്വാസികയും ഈ വാദത്തെ അംഗീകരിച്ചു.
ഇന്റർവ്യൂയിൽ ഇതാണ് സത്യം, ഇത് മാത്രം നിങ്ങൾ വിശ്വസിക്കൂ എന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ എന്റെ അമ്മൂമ്മ പറഞ്ഞിരുന്നു, എനിക്കത് വിശ്വസിക്കാനാണ് ഇഷ്ടം. നമ്മുടെ ബുദ്ധിക്കുമപ്പുറം ചില ചിന്തകൾ ഈ ലോകത്തുണ്ടെന്ന് വിശ്വസിക്കുന്ന ഫാമിലിയാണ് തന്റേതെന്നും സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകൾ കാര്യമാക്കുന്നില്ലെന്നും സ്വാസിക വ്യക്തമാക്കി.
ട്രോളുകൾ എനിക്ക് ഇഷ്ടമാണ്. ആളുകൾ നമ്മളെക്കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കട്ടെ. സുരേഷ് ഗോപി സാറുടെ മകളുടെ കല്യാണം വന്നപ്പോൾ എന്റെ പാമ്പിന്റെ സ്റ്റോറി കുറച്ച് കുറഞ്ഞു. അതിന്റെ സങ്കടത്തിലാണ് താനെന്ന് സ്വാസിക ചിരിച്ച് കൊണ്ട് പറഞ്ഞു. പാമ്പ് കടിച്ചാൽ മെഡിക്കൽ ചികിത്സ മാത്രമാണ് പ്രതിവിധിയെന്ന് ആവർത്തിച്ചാണ് നികേഷ് കുമാർ ഇതേക്കുറിച്ചുള്ള ചർച്ച നിർത്തിയത്. ഒരു കാലഘട്ടത്തിൽ പാമ്പ് കടിയേൽക്കുന്നത് സ്വാഭാവികമായിരുന്നു. അന്ന് നാട്ടു വൈദ്യനടുത്ത് പോകുന്നതും പൂജ ചെയ്യുന്ന രീതിയുമുണ്ടായിരുന്നു. പക്ഷെ പാമ്പ് കടിച്ചാൽ ആന്റി വെനം അല്ലാതെ വേറൊരു ചികിത്സയും നൽകാനില്ലെന്ന് നികേഷ് കുമാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: