തിരുവനന്തപുരം: കോര്പ്പറേഷന് കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച വഴുതക്കാട് വനിതാ സൗഹൃദ ഇടനാഴി പൊളിച്ചു നീക്കി. പണി പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇടനാഴി പൂര്‍ണമായും പൊളിച്ചു മാറ്റിയത്. വഴുതക്കാട് വിമന്‍സ് കോളജിനു മുന്നില്‍ നിര്‍മിച്ച ഇടനാഴിയാണ് പൊളിച്ചു മാറ്റിയത്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി വെള്ളയമ്പലം ചെന്തിട്ട റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്നതെന്നാണ് വിശദീകരണം. 90.53 ലക്ഷം രൂപയ്ക്കാണ് ഇടനാഴി നിര്‍മിക്കാന്‍ തീരുമാനിച്ചതെങ്കിലും കരാറുകാരെ മറയാക്കി എസ്റ്റിമേറ്റ് പുതുക്കി രണ്ടു കോടി രൂപയ്ക്കാണ് ഇടനാഴി നിര്‍മിച്ചത്.
വഴുതയ്ക്കാട് ഗവ. കോളജ് മുതല്‍ ഗവ. കോട്ടണ്‍ ഹില്‍ സ്കൂള്‍ വരെയാണ് ഷീ കോറിഡോര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വഴുതക്കാട് വാര്‍ഡ് കൗണ്‍സിലറും ഡെപ്യൂട്ടി മേയറുമായിരുന്ന രാഖി രവികുമാറും മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണായിരുന്ന എസ്. പുഷ്പലതയുമായിരുന്നു ഇടനാഴി നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡില്‍ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് വനിത സൗഹൃദ ഇടനാഴി നിര്‍മിക്കുന്ന പദ്ധതിയെ തുടക്കം മുതലേ ബിജെപി എതിര്‍ത്തിരുന്നു. അശാസ്ത്രീയവും അഴിമതി നിറഞ്ഞതുമായ പദ്ധതിയെന്ന് കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗങ്ങള്‍ ഉന്നയിച്ചു. അന്ന് ഡെപ്യൂട്ടി മേയറായിരുന്ന രാഖി രവികുമാര്‍ ഇതൊന്നും ചെവിക്കൊള്ളാതെ ഇടനാഴി നിര്‍മാണവുമായി മുന്നോട്ട് പോയി.
നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, ഫുട്പാത്തില്‍ നിലവാരമുള്ള ലൈറ്റുകള്‍, ഹാന്‍ഡ് റെയില്‍ സ്ഥാപിക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാല്‍വനൈസ്ഡ് അയണ്‍ പൈപ്പ് ഉപയോഗിച്ച് ഹാന്‍ഡ് റെയിലുകള്‍ സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും തുക കൂട്ടി കാണിക്കാനായി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ആക്കി. മേല്‍ക്കൂര നിര്‍മാണത്തിന് പോളി കാര്‍ബണ്‍ ഷീറ്റുകളാക്കി. കൂടാതെ ചരിത്രത്തില്‍ ഇടം നേടിയ വനിതകളുടെ ഫോട്ടോ മതിലില്‍ പതിപ്പിക്കുവാന്‍ ഉപകരാര്‍ തയ്യാറാക്കി അടങ്കല്‍ രണ്ടു കോടിയാക്കി.
നിര്‍മാണം പൂര്‍ത്തിയാക്കി കരാറുകാര്‍ ബില്ല് മാറിയപ്പോഴാണ് അഴിമതിയുടെ ആഴം വ്യക്തമായത്. അമ്പത് ലക്ഷം രൂപ പോലും ചെലവഴിക്കാത്ത ഇടനാഴി നിര്‍മാണത്തിന് രണ്ടുകോടിയോളം രൂപ കരാറുകാര്‍ കൈപ്പറ്റി. കൂടാതെ കോട്ടണ്‍ഹില്‍ സ്കൂളിന് മുന്‍വശം കരാര്‍ പ്രകാരമുള്ള ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ഇല്ല. അനധികൃതമായി നാലിരട്ടി തുക കരാറുകാരന് നല്കിയ സംഭവം പുറത്ത് വന്നതോടെ എന്‍ജിനീയറിങ് വിഭാഗത്തില്‍നിന്ന് ഇത് സംബന്ധിച്ച ഫയലും കാണാതായി. 500 മീറ്ററോളം നീളത്തില്‍ മാത്രമേ പോളി കാര്‍ബണ്‍ ഉപയോഗിച്ച് മേല്‍ക്കൂര സ്ഥാപിച്ചിട്ടുള്ളൂ എന്ന് കണ്ടെത്തുകയും പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച നടപ്പാതയും ഹാന്‍ഡ് റെയിലും അതേപടി നിലനിര്‍ത്തിയ ശേഷം അവ പുതുതായി സ്ഥാപിച്ചവയാണെന്ന് ബില്ലുണ്ടാക്കി കരാറുകാരന് കോടികള്‍ കൊള്ളയടിക്കുകയും ചെയ്തു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയിലാണ് പുതിയ വികസനം. ഈ പദ്ധതിയിലും കോര്പ്പറേഷന് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഒരു ദീര്‍ഘവീക്ഷണവുമില്ലാതെയാണ് കോടികള്‍ ചെലവഴിച്ച് ഇടനാഴി നിര്‍മിച്ചത്. പണം തട്ടിയെടുക്കുന്നതിന് മാത്രമാണ് ഇടനാഴി നിര്‍മിച്ചതെന്ന് പൊളിക്കലിലൂടെ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: