കോയമ്പത്തൂര്‍: താന്‍ ഇടനിലക്കാരനെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെറുവിരലനക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് സതീശനെ വിറളി പിടിപ്പിച്ചതെന്ന് മുരളീധരന് ഫെയ്സ്ബുക്കില്‍ കുറിച്ചു. പിണറായി വിജയനും മകള്‍ക്കും എതിരെ അന്വേഷണം ആവശ്യപ്പെടാനുള്ള ത്രാണി സതീശനില്ല. സതീശന്-പിണറായി അന്തര്‍ധാര സാധാരണ ജനങ്ങള്‍ക്ക് മാത്രമല്ല, കോണ്‍ഗ്രസുകാര്‍ക്കും വ്യക്തമായിട്ടുണ്ട്.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ക്കിടന്നത് ഏത് അന്തര്‍ധാരയിലാണെന്ന് മുരളീധരന് ചോദിച്ചു. ‘ഇന്‍ഡി’ സഖ്യമാണ് രാജ്യം ഭരിച്ചിരുന്നതെങ്കില്‍ ശിവശങ്കര്‍ ഇപ്പോള്‍ പട്ടുമെത്തയില്‍ ഉറങ്ങിയേനെ എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ ‘മാസപ്പടി’ വാര്‍ത്ത വന്നപ്പോള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങി ഓടിയ ആളാണ് വി.ഡി. സതീശനെന്ന് മുരളീധരന് പറഞ്ഞു.
സര്‍വകലാശാലകളിലെ ബന്ധുനിയമനവും അഴിമതിയും ഗവര്‍ണര്‍ ചോദ്യം ചെയ്തപ്പോള്‍ പിണറായിക്കായി ഗവര്‍ണറെ പുലഭ്യം പറയാന്‍ സതീശനാണ് രംഗത്തിറങ്ങിയത്. പിണറായിയെ സന്തോഷിപ്പിക്കാന്‍ ‘രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കരുതെന്ന്’ പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയിലില്‍ക്കിടന്നപ്പോള്‍ പിണറായി വിളിച്ച ചര്‍ച്ചക്ക് പോയയാളാണ് സതീശന്. ‘കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു’ എന്ന പിണറായി വിജയന്റെ കള്ളക്കഥയില്‍ പ്രതിപക്ഷ നേതാവ് മൗനം പുലര്‍ത്തിയത് അന്തര്‍ധാരയല്ലെങ്കില്‍ പിന്നെയെന്താണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: