ഗാന്ധിനഗർ: ഗുജറാത്തില്‍ കോണ്‍ഗ്രസ് പാർട്ടിയുടെ എംഎൽഎ രാജി വെച്ചു. മുതിർന്ന പാർട്ടി നേതാവും വടക്കൻ ഗുജറാത്തിലെ വിജാപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയുമായ സി ജെ ചാവ്ദയാണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. ഇത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി.
വെള്ളിയാഴ്ച ഗാന്ധിനഗറിലെ ഔദ്യോഗിക വസതിയിൽ വച്ച് സംസ്ഥാന നിയമസഭാ സ്പീക്കർ ശങ്കർ ചൗധരിക്ക് രാജിക്കത്ത് നല്‍കികൊണ്ടാണ് താന്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ചാവ്ദ പ്രഖ്യാപിച്ചത്. അതേ സമയം കോണ്‍ഗ്രസ് വിട്ട ഇദ്ദേഹം ബിജെപിയില്‍ ചേർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ചാവ്ദയുടെ രാജിയോടെ, 182 അംഗ ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 15 ആയി കുറഞ്ഞു. നേരത്തെ ഖംഭാട്ടിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ചിരാഗ് പട്ടേലും നേരത്തെ രാജിവെച്ചിരുന്നു.
ഗാന്ധിനഗർ നോർത്ത് നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച വിജയിച്ച ചാവ്ദ മുൻ നിയമസഭയിൽ ചീഫ് വിപ്പ് സ്ഥാനം വഹിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയാണ്. മൂന്ന് തവണ അദ്ദേഹ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നേരത്തെ ഹരിയാന ആം ആദ്മി പാർട്ടി (എഎപി) തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാൻ അശോക് തൻവാർ കഴിഞ്ഞ ദിവസം പാർട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. അദ്ദേഹവും ബി ജെ പിയില്‍ ചേർന്നേക്കും. അരവിന്ദ് കെജ്രിവാളിന്റെ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയാണ് മുൻ കോൺഗ്രസ് നേതാവ് കൂടിയായാ തൻവർ എഎപി വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: