ടെഹ്റാന്: അതിര്‍ത്തിയിലെ ഇറാന് ഗ്രാമങ്ങളില്‍ ഡ്രോണാക്രമണം നടത്തിയ പാക് നടപടിയെ അപലപിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ അസന്തുലിതവും അംഗീകരിക്കാന്‍ കഴിയാത്തതുമായ നടപടിയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത്. ഇരുരാജ്യങ്ങളും തമ്മില്‍ നല്ല അയല്പക്കവും സാഹോദര്യവുമെന്ന നയമാണ് ഇറാന് സ്വീകരിക്കുന്നത്. ടെഹ്റാനും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ശത്രുക്കളെ അനുവദിക്കില്ലെന്നും ഇറാന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇറാനില്‍ ഡ്രോണാക്രമണം നടത്തിയെന്നും നിരവധി ഭീകരരെ വധിച്ചെന്നും പാകിസ്ഥാന് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. രാജ്യത്തിന്റെ സമഗ്രതയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കുമാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് പ്രാധാന്യം നല്‍കുന്നത്. സ്വന്തം മണ്ണില്‍ ഭീകര താവളങ്ങള്‍ സ്ഥാപിക്കുന്നതും വിന്യസിക്കുന്നതും തടയാനുള്ള ധാര്‍മികബാധ്യത പാക് ഭാരണകൂടം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാന് പ്രസ്താവനയിലൂടെ അറിയിച്ചു.
ചൊവ്വാഴ്ച പാകിസ്ഥാനിലെ ബലൂചിലുള്ള ജെയ്ഷ് അല്‍ അദല്‍ ഭീകരരുടെ താവളത്തിലേക്ക് ഇറാന് മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചെന്നും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റെന്നും പാക് വൃത്തങ്ങള്‍ ആരോപിച്ചു. പിന്നാലെയാണ് ഇറാന് അതിര്‍ത്തി കടന്ന് പാകിസ്ഥാന് ഡ്രോണാക്രമണം നടത്തിയത്. ബലൂച് വിഘടനവാദ ഭീകര സംഘങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നായിരുന്നു പാകിസ്ഥാന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: