തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെയുള്ള കമ്പനി രജിസ്ട്രാറുടെ കണ്ടെത്തലുകളിലും സംരക്ഷണമൊരുക്കി സിപിഎം. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. വസ്തുതകളുള്ള റിപ്പോര്‍ട്ടുകളല്ല പുറത്ത് വരുന്നത്.
എക്സാലോജിക്ക് ഉണ്ടാക്കിയ കരാറുകള്‍ പാര്‍ട്ടി പരിശോധിക്കേണ്ട കാര്യം ഇല്ല. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം മാത്രമാണിത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഇത്തരം പല കാര്യങ്ങള്‍ പുറത്ത് വരുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
പിണറായി വിജയനെ അപഹസിക്കാന്‍ വേണ്ടി നടത്തുന്ന കാര്യങ്ങളാണിത്. കോണ്‍ഗ്രസ് നേതാക്കളും പണം വാങ്ങിയവരുടെ പട്ടികയിലുണ്ട്. എന്നാല്‍ അവര്‍ രസീത് നല്കി പണം വാങ്ങിയെന്നാണ് പറയുന്നത്. അത് രജ്സിട്രാര് ഓഫ് കമ്പനീസ് അംഗീകരിച്ചു. എന്നാല്‍ രണ്ടു കമ്പനികള്‍ നടത്തിയ കരാറിലൂടെ ബാങ്കുവഴി നല്കിയ തുക മാത്രം അംഗീകരിച്ചില്ല.
അത് പിണറായി വിജയന്റെ മകളായത് കൊണ്ടാണ്. അതിനെ പ്രതിരോധിക്കുക തന്നെ ചെയ്യും. 1991-96 കാലഘട്ടത്തിലാണ് സിഎംആര്‍എല്ലിന്റെ ഓഹരി കെഎസ്ഐഡിസി വാങ്ങുന്നത്. ഇന്ന് ആ ഓഹരി മൂല്യം ഇരട്ടിയിലധികമാണ്. പുകമറ സൃഷ്ടിച്ച് മുഖ്യമന്ത്രിയിലേക്കുള്ള വഴി ഇതാ എന്ന് പ്രഖ്യാപിക്കലാണിത്. അല്ലാതെ മറ്റൊന്നും ഇല്ല. സ്വര്‍ണക്കടത്ത് കേസിലും നടന്നത് സമാനമായ സംഭവമാണെന്നും ഗോവിന്ദന് പറഞ്ഞു.
അതേസമയം പാര്‍ട്ടി മുന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് പാര്‍ട്ടി കവചം ഒരുക്കിയില്ലല്ലോ എന്ന് ചോദ്യത്തിന് എം.വി. ഗോവിന്ദന് മലക്കം മറിഞ്ഞു. ബിനീഷ് കോടിയേരിയുടെ കേസും വീണാ വിജയന് ഉള്‍പ്പെട്ട കേസും രണ്ടും രണ്ടാണെന്നും കോടിയേരി ജീവിച്ചിരിക്കുന്ന കാലത്ത് തുറന്ന മനസോടെയാണ് ബിനീഷിന്റെ കാര്യം ബിനീഷ് നോക്കിക്കോളുമെന്ന നിലപാട് എടുത്തതെന്നുമായിരുന്നു ന്യായീകരണം.
ഫെബ്രുവരി എട്ടിന് ദല്‍ഹിയില്‍ നടക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ എംഎല്‍എമാരും എംപിമാരും പങ്കെടുക്കും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സമരത്തിലേക്ക് ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ യുഡിഎഫില്‍തന്നെ ഭിന്നതയുണ്ടെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: