കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച എറണാകുളം ഗവ. ഗസ്റ്റ്ഹൗസില്‍ കിടന്നുറങ്ങിയത് നിലത്തു യോഗ മാറ്റ് വിരിച്ച്. കഴിച്ചതാകട്ടെ കരിക്കിന് വെള്ളവും പഴങ്ങളും. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചുള്ള വ്രതത്തിലാണ് പ്രധാനമന്ത്രി.
ബെഡ് ഉപയോഗിക്കുകയോ, മറ്റു ഭക്ഷണങ്ങള്‍ കഴിക്കുകയോ ചെയ്തില്ല. ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, ഏത്തപ്പഴം, മുന്തിരി, പേരയ്ക്ക, മാതളം, ഓറഞ്ച് എന്നിവയാണ് അദ്ദേഹത്തിനു നല്‍കിയത്. പ്രധാനമന്ത്രിക്കായി കേരള, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ തയാറാക്കിയിരുന്നു. വെല്‍ക്കം ഡ്രിങ്കായി കരിക്കിന് വെള്ളം കൊടുത്തു.
പ്രധാനമന്ത്രിക്ക് കിങ് സൈസ് ബെഡ് ഒരുക്കിയിരുന്നെങ്കിലും തടി പാകിയ തറയില്‍ യോഗ മാറ്റ് വിരിച്ച് ബെഡ് ഷീറ്റിലാണ് കിടന്നുറങ്ങിയതെന്ന് ഗസ്റ്റ്ഹൗസ് ജീവനക്കാര്‍ പറഞ്ഞു. കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 16നു രാത്രി എട്ടിനാണ് അദ്ദേഹം എറണാകുളം ഗവ. ഗസ്റ്റ്ഹൗസിലെത്തിയത്. പിറ്റേന്നു പുലര്‍ച്ചെ 4.30ന് ഉണര്‍ന്ന് ചൂടുവെള്ളം കുടിച്ച് യോഗ ചെയ്തു. എല്ലാ ജീവനക്കാര്‍ക്കും നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്.
പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫും എസ്പിജി ഉദ്യോഗസ്ഥരും ഇവിടെ 40 മുറികളിലായി താമസിച്ചു. ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ്ഹൗസില്‍ താമസിക്കുന്നത്. നേരത്തേ 2019ല്‍ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: