അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനായി ക്ഷണം ലഭിച്ച് എത്തുന്നവര്‍ക്ക് അയോദ്ധ്യയില്‍ താമസിക്കുന്നതിനായി ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. പതിനയ്യായിരം പേര്‍ക്ക് ഒരേ സമയം താമസിക്കാവുന്ന ടെന്റ്സിറ്റിയാണ് ഇവിടെ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തില്‍ ക്രമീകരിക്കുന്നത്. തീര്ത്ഥക്ഷേത്രപുരം എന്ന് പേരിട്ടിരിക്കുന്ന ടെന്റ്സിറ്റിയില് വിശാലമായ സൗകര്യങ്ങളുണ്ട്. അയോദ്ധ്യ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ഈ ടെന്റ്സിറ്റി. സൗജന്യമാണ് ഇവിടുത്തെ താമസം.
45 ഏക്കറിലുള്ള ടെന്റ്സിറ്റിയെ വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കാര്യാലയം, ആശുപത്രി തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രധാനഭാഗത്തിന്അശോക് സിംഘല്‍ജി പുരം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മറ്റു ആറു പുരങ്ങളിലാണ് താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ അഞ്ചു പേര്‍ക്കുവരെ താമസിക്കാവുന്ന ആയിരത്തി അഞ്ഞൂറോളം മുറികളും 40 മുതല്‍ 60 വരെ പേര്‍ക്കുവരെ താമസിക്കാവുന്ന 200 ഡോര്മിറ്ററികളുമാണ് സജ്ജീകരിക്കുന്നത്. ഓരോ മുറികളിലും പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഇരുപതു കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രി ഉള്‍പ്പെടെ മൂന്ന് ചികിത്സാ കേന്ദ്രങ്ങള്‍, ആറുപുരങ്ങള്ക്കുമായി പ്രത്യേകം പ്രത്യേകം പാചകപ്പുരകള്‍, ഭോജനാലയങ്ങള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കുന്നതിനായി തീകായാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പ്രാണപ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രദര്‍ശനത്തിനെത്തുന്ന രാമഭക്തര്‍ക്കും ഇവിടെയാണ് താമസ സൗകര്യം ഒരുക്കുകയെന്ന് ടെന്റ് സിറ്റിയുടെ സുരക്ഷാപ്രമുഖായ കോഴിക്കോട് അരീക്കാട് സ്വദേശിയും ബജ്രംഗ്ദള് ചെന്നൈ ക്ഷേത്രീയ സംയോജകുമായ ജിജേഷ് പട്ടേരി ജന്മഭൂമിയോട് പറഞ്ഞു. ഏകദേശം രണ്ടു ലക്ഷത്തിലധികം പേര് ജനുവരി 24 മുതല്‍ ഫെബ്രുവരി 23വരെയുള്ള കാലയളവില്‍ എത്തിച്ചേരുമെന്നാണ് കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം പ്രവര്‍ത്തകരാണ് ഇവിടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിരിക്കുന്നത്. ഇതില്‍ പകുതിയോളം പേര് രണ്ടു മാസത്തോളമായി ഇവിടെ സേവനപ്രവര്ത്തനങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: