മെല്‍ബണ്‍: കടുത്ത വെല്ലുവിളി നേരിട്ട ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ട് പോരാട്ടത്തെ അതിജയിച്ച് ലോക ഒന്നാം നമ്പര്‍ വനിതാ താരം ഇഗ സ്വിയാറ്റെക്ക്. ഇന്നലെ നടന്ന പോരാട്ടത്തില്‍ അമേരിക്കന്‍ താരം ഡാനിയേലി കോളിന്‍സിനെയാണ് പോളണ്ടുകാരി കീഴടക്കിയത്.
ആദ്യ സെറ്റ് നേടിയെടുത്ത ഇഗ രണ്ടാം സെറ്റ് നഷ്ടപ്പെടുത്തി. വിജയിയെ നിര്‍ണ്ണയിക്കുന്ന മൂന്നാം സെറ്റിന്റെ ഒരുവസരത്തില് 4-1ന് പിന്നിലായി തോല്‍വിയെ അഭിമുഖീകരിച്ച ശേഷമായിരുന്നു ഇഗയുടെ വമ്പന്‍ തിരിച്ചവരവ്. ഒടുവില്‍ മൂന്നാം സെറ്റും മത്സരവും വരുതിയിലാക്കി മൂന്നാം റൗണ്ടിലേക്ക് പാസെടുത്തു. സ്കോര്‍: 6-4, 3-6, 6-4
വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് താരം എലേന റൈബാക്കിനയെ സീഡില്ലാ താരമായി ഇറങ്ങിയ അന്നാ ബ്ലിങ്കോവ ഞെട്ടിച്ചതാണ് ഇന്നലത്തെ വലിയ സംഭവം.
ദീര്‍ഘമായ മൂന്നാം സെറ്റിലെ ടൈബ്രേക്കറിനൊടുവിലായിരുന്നു റഷ്യക്കാരിയുടെ അട്ടിമറി വിജയം. റൈബാക്കിനയും ബ്ലിങ്കോവയും തമ്മിലുള്ള രണ്ടാം റൗണ്ട് പോരാട്ടത്തിലും വിജയിയെ നിര്‍ണയിച്ചത് മൂന്നാം സെറ്റ് ആണ്. പോയിന്റ് 6-6 വന്നതോടെ മത്സരം ടൈബ്രേക്കറിലേക്ക് പോയി. ഈ സീസണിലെ തന്നെ വലിയ ഹൈലൈറ്റ് ആയേക്കാവുന്നൊരു കാഴ്ച്ചയാണ് പിന്നെ കണ്ടത്. 42 പോയിന്റുകള്ക്കൊടുവിലാണ് ഒരാളുടെ വിജയം നിര്‍ണയിക്കപ്പെട്ടത്. റൈബാക്കിന നേടിയ 20 ടൈബ്രേക്കര്‍ പോയിന്റിനെതിരെ ബ്ലിങ്കോവ 22 പോയിന്റുകള്‍ നേടി.
വനിതാ സിംഗിള്‍സില്‍ മറ്റ് സീഡഡ് താരങ്ങളായ വിക്ടോറിയ അസരെങ്ക, ഒസ്റ്റപെങ്കോ, എലീന സ്വിറ്റോലിന, എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അഞ്ചാം സീഡ് താരം അമേരിക്കയുടെ ജസീക്ക പെഗ്യൂള ക്ലാര ബുറെലിനോട് പരാജയപ്പെട്ട് പുറത്തായി. ഒരു ഇടവേളയ്ക്ക് ശേഷം കളത്തിലേക്കെത്തിയ ബ്രിട്ടന്റെ എമ്മാ റാഡുക്കാനുവും തോറ്റ് പുറ്തതായി. ചൈനയുടെ വാങ് യഫാന്‍ ആണ് താരത്തെ പുറത്താക്കിയത്.
പുരുഷ സിംഗിള്‍സില്‍ ഭാരതത്തിന്റെ സുമിത് നാഗല്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു. ചൈനയുടെ ഷാങ് ജംങ്ഷെങ്ങിനോടാണ് താരം തോറ്റത്. നാല് സെറ്റ് വരെ മത്സരം നീട്ടിയെടുത്ത ശേഷമാണ് ഭാരത താരം മത്സരം വിട്ടുകൊടുത്തത്.
പുരുഷ ഡബിള്‍സില്‍ ഭാരത താരം രോഹന് ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യം ആദ്യ റൗണ്ട് മത്സരം വിജയിച്ചു. ഓസ്ട്രേലിയന്‍ സഖ്യതാരം മാത്യു എബ്ഡെനുമൊത്ത് തോല്‍പ്പിച്ചത് ഓസ്ട്രേലിയന്‍ ജോഡികളെയാണ്. ജെയിംസ് ഡക്ക്വര്‍ത്ത്- മാര്‍ക് പോള്‍മാന്‍സ് സഖ്യമാണ് രോഹന്-എബ്ഡെന് സഖ്യത്തിന് മുന്നില്‍ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: