അഡ്ലെയ്ഡ്: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഉറപ്പിച്ച് ആതിഥേയരായ ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സിലുംഓസ്ട്രേലിയന് ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ മത്സരം പൂര്‍ത്തിയാകുമ്പോള്‍ 73 റണ്‍സെടുക്കുന്നതിനിടെ വെസ്റ്റിന്‍ഡീസിന്റെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനെക്കാള്‍ 22 റണ്‍സ് പിന്നില്‍.
സ്കോര്‍: വിന്‍ഡീസ് 188, 73/6(22.5 ഓവര്‍); ഓസീസ്- 283
ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയ്ക്കെതിരെ വിന്‍ഡീസ് അതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ചുറി ആതിഥേയരെ തുണച്ചു. 119 റണ്‍സെടുത്ത താരത്തിന്റെ ബാറ്റിങ് മികവില്‍ ഓസ്ട്രേലിയയ്ക്ക് 95 റണ്‍സിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നേടാന്‍ സാധിച്ചു. രണ്ടിന് 59 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയുടെ കാമറോണ്‍ ഗ്രീന്‍ വേഗം പുറത്തായി. മൂന്നിന് 67 എന്ന നിലയിലായ ഓസ്ട്രേലിയയ്ക്കായി പിന്നീട് ഉസ്മാന് ഖവാജയും(45) ട്രാവിസ് ഹെഡ്ഡും ഒരുമിച്ചപ്പോള്‍ ആതിഥേയര്‍ക്ക് പ്രതീക്ഷയുണര്‍ന്നു. പക്ഷെ 46 റണ്‍സേ ഈ കൂട്ടുകെട്ടിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ഖവാജയെ ജസ്റ്റീന്‍ ഗ്രീവ്സ് പുറത്താക്കി. ഒരറ്റത്ത് കൃത്യമായ ഇടവേളകളില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നെങ്കിലും ഹെഡ്ഡിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് തടയിടാന്‍ സാധിച്ചില്ല. വാലറ്റത്ത് നഥാന്‍ ലിയോണ്‍(24) പൊരുതി നോക്കിയെങ്കിലും പുറത്തായി. ഏറ്റവും ഒടുവില്‍ കെമര്‍ റോച്ചിന്റെ പന്തില്‍ നായകന് ക്ലീന്‍ ബൗള്‍ഡായതോടെ ഓസീസ് തീര്‍ന്നു.
വിന്‍ഡീസ് നിരയില്‍ ഷമാര്‍ ജോസഫ് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ച്ചവച്ചു. ജസ്റ്റീന്‍ ഗ്രീവ്സും കെമര്‍ റോച്ചും രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ അല്‍സാരി ജോസഫ് ഒരു വിക്കറ്റെടുത്തു.
95 റണ്‍സ് പിന്നിലായിരിക്കെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ ഓസീസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ആണ് തകര്‍ത്തത്. ഇതുവരെ വീണ ആറ് വിന്‍ഡീസ് വിക്കറ്റുകളില്‍ നാലെണ്ണവും ഹെയ്സല്‍വുഡ് ആണ് വീഴ്ത്തിയത്. വിന്‍ഡീസിനായി കിര്‍ക്ക് മക്കെന്‍സി 26 റണ്‍സെടുത്ത് പുറത്തായി. 40 റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകരുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ജോഷ്വ ഡാ സില്‍വയെ കൂട്ടുപിടിച്ച് ജസ്റ്റിന് ഗ്രീവ്സ്(24) രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നതിനിടെ നഥാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തായതോടെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു. ക്രീസില്‍ നില്ക്കുന്ന ജോഷ്യ ഡ സില്‍വ 17 റണ്‍സെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: