തിരുവനന്തപുരം: പത്തു വര്ഷം മുന്പ് തിരുവനന്തപുരത്ത് എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു. വിദ്യാര്ത്ഥി സംഘര്ഷത്തിനിടയില് വെട്ടേല്ക്കുകയായിരുന്നില്ല. പോപ്പുലര് ഫ്രണ്ടുകാര് എസ്എഫ്ഐയുടെ ‘ആസ്ഥാനത്തു’ കയറി വെട്ടുകയുമായിരുന്നു.
‘എസ്എഫ്ഐ ചെങ്കോട്ട’ യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നമാണ് തുടക്കം. പോപ്പുലര് ഫ്രണ്ടിന്റെ വിദ്യാര്ത്ഥി വിഭാഗം ക്യാമ്പസ് ഫ്രണ്ട് പ്രവര്ത്തകനെ എസ്എഫ്ഐക്കാര് ക്യാമ്പസിലിട്ട് തല്ലി. കോളേജിനു സമീപമുള്ള യൂണിവേഴ്സിറ്റി സ്റ്റുഡന്സ് സെന്റര് എസ്എഫ്ഐയുടെ താവളമാണ്. പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര് ആയുധങ്ങളുമായി സ്റ്റുഡന്സ് സെന്ററിലേയ്ക്ക് ഇരച്ചുകയറി. ഭീകരാന്തരീക്ഷം സൃഷ്ട്രിച്ചു. ജില്ലാ സെക്രട്ടറി അന്സാരി, ജില്ലാ കമ്മറ്റി അംഗം ജറിന് എന്നിവര്ക്ക് വെട്ടേറ്റു. നിരവധി പേര്ക്ക് തല്ലും കിട്ടി.
നേമം മണ്ഡലത്തില് നിന്നുള്ളവരായിരുന്നു ആക്രമണം നടത്തിയതിലധികവും.
അന്നത്തെ സ്ഥലം എംഎല്എയക്ക് പോപ്പുലര് ഫ്രണ്ടുകാരുടെ പിന്തുണ അത്യാവശ്യം. അതുകൊണ്ടുതന്നെ കേസ് തേഞ്ഞുമാഞ്ഞു. കാമ്പസ് ഫ്രണ്ടും പേരുമാറിയ അതിന്റെ മറ്റ് രൂപങ്ങളും യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുപ്പില് മത്സരിക്കാന് തുടങ്ങി എന്നത് ബാക്കി പത്രം.
അഞ്ചു വര്ഷത്തിനു ശേഷം എസ്എഫ്ഐയുടെ ‘ചെങ്കോട്ട’ എറണാകുളം മഹാരാജാസ് കോളേജിലും ക്യാമ്പസ് ഫ്രണ്ട് അക്രമണം അഴിച്ചുവിട്ടു. രണ്ടാം വര്ഷ കെമിസ്ട്രി വിദ്യാര്ത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു കൊല്ലപ്പെട്ടു.
നവാഗതരെ സ്വാഗതം ചെയ്യുന്നതിനായുള്ള ചുവരെഴുത്തില് ‘വര്ഗീയത തുലയട്ടെ’ എന്ന് മതിലില് അഭിമന്യു എഴുതിയിരുന്നു. മുദ്രാവാക്യം ക്യാമ്പസിലെ കാമ്പസ് ഫ്രണ്ട് പ്രവര്ത്തകരെ പ്രകോപിതരാക്കി. കാമ്പസ് ഫ്രണ്ട് പ്രവര്ത്തകര് എസ്ഡിപിഐ, പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര്ക്കൊപ്പം 2018 ജൂലൈ 2 ന് പുലര്ച്ചെ കോളേജ് ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറി. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തി.
തുടര് ഭരണം ഉറപ്പിക്കാന് ഉറപ്പു നല്കിയവരായിരുന്നു പ്രതിസ്ഥാനത്ത് എന്നതിനാല് പിണറായി വിജയന് സര്ക്കാര് കണ്ണടച്ചു. പ്രതികള് ഏതു സംഘടനയില് പെട്ടവരാണെന്ന് പറയാതിരിക്കാന് സിപിഎം നേതാക്കള് സൂക്ഷ്മത പുലര്ത്തി. ചാലക്കുടിയിലും ചാവക്കാടും ചാരൂമൂടിലും എസ്എഫ്ഐ നേതാക്കളെ എസ്ഡിപിഐക്കാര് തല്ലിയൊതുക്കി.
അഞ്ചു വര്ഷത്തിനു ശേഷം മഹാരാജാസില് വീണ്ടും എസ്എഫ്ഐ നേതാവിന്റെ രക്തം വീണിരിക്കുന്നു.. യൂണിറ്റ് സെക്രട്ടറി നാസിറിനെ ഫ്രറ്റേണിറ്റി പ്രവര്ത്തകര് കുത്തി വീഴ്ത്തി്. വെല്ഫെയര് പാര്ട്ടിയുടെ വിദ്യാര്ഥി യുവജന വിഭാഗമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ്. പോപ്പുലര് ഫ്രണ്ട് നിരോധിച്ചതോടെ അതില് പ്രവര്ത്തിച്ചവരൊക്കെ ഫ്രറ്റേണിറ്റി ആയി. പാര്ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതുക്കല് നില്ക്കുന്നതിനാല് അതിലേയും പ്രതികള് രക്ഷപെടാന് പഴുതുണ്ടാകും.
ക്യാമ്പസുകളില് ഇസ്ലാമിസ്റ്റുകള്ക്ക് തങ്ങളുടെ മുഖംമറച്ചുവെയ്ക്കാനുള്ള സംഘടനയായി എസ്.എഫ്.ഐ മാറിയെന്ന് പലതവണ ആരോപണം ഉയര്ന്നിരുന്നു. പകല് എസ്.എഫ്ഐ പ്രവര്ത്തകരായി നടക്കുന്ന പലരും രാത്രിയില് എസ്.ഡി.പിഐയുടെയും പോപ്പുലര് ഫ്രണ്ടിന്റെയും യോഗങ്ങളില് പങ്കെടുത്തിരുന്നു. തീവ്ര ഇസ്ലാമിസ്റ്റ് ആശയങ്ങള് പടര്ത്തുന്ന ഇവര് പലപ്പോഴും കോളേജില് അരാജകത്വം അഴിച്ചുവിട്ടിട്ടുണ്ട്. എസ്എഫ്ഐ നേതാക്കമാരും പലപ്പോഴും ഇസ്ലാമിക ആശയങ്ങളാണ് കോളേജില് പടര്ത്തുന്നത്. അതിന്റെ ഒക്കെ ഫലമാണ് എസ്എഫ്ഐ അനുഭവിക്കുന്നത്. ‘വലിയ സഖാക്കള്’ക്ക് വോട്ടുവേണ്ടതിനാല് ‘കുട്ടി സഖാക്കള്’ നല്ലുകൊണ്ടേയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: