രാമജന്മഭൂമി വീണ്ടെടുക്കുന്നതിനായി പതിറ്റാണ്ടുകള്‍ തുടര്‍ന്ന നിയമയുദ്ധത്തിന്റെ നിര്‍ണായകഘട്ടമായിരുന്നു 2010 ല്‍ ഉണ്ടായ അലഹബാദ് ഹൈക്കോടതിയുടെ വിധി. 2.77 ഏക്കര്‍ വരുന്ന രാമജന്മഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ളതായിരുന്നു മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. രാംലല്ലയ്ക്കും നിര്‍മോഹി അഖാഡയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും ഭൂമി തുല്യമായി വീതിച്ചു നല്‍കുകയായിരുന്നു.
രാംലല്ല ഇരിക്കുന്നയിടം ലഭിച്ചുവെങ്കിലും വിധിയില്‍ രാമഭക്തര്‍ തൃപ്തരായിരുന്നില്ല. പ്രത്യക്ഷത്തില്‍ തന്നെ നടപ്പാക്കാന്‍ പ്രയാസമായ ഒരു വിധിയായിരുന്നു ഇത്. കോടാനുകോടി രാമഭക്തര്‍ പതിറ്റാണ്ടുകളായി ആഗ്രഹിച്ചിരുന്നതു പോലെ ഭവ്യമായ ഒരു രാമക്ഷേത്രം നിര്‍മിക്കാന്‍ ഉതകുന്നതായിരുന്നില്ല ഈ വിധി.
എന്നാല്‍ 2000 പേജു വരുന്ന ഈ വിധിക്ക് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഒരു ഗുണവശമുണ്ടായിരുന്നു. രാമജന്മഭൂമിക്കു മേലുള്ള ഹിന്ദുക്കളുടെ അവകാശം ആധുനികകാലത്ത് ഭാഗികമായെങ്കിലും നിയമപരമായി സ്ഥാപിക്കപ്പെട്ടു. രാമജന്മഭൂമി ബാബറിന് അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നതില്‍ മുസ്ലിം പക്ഷം പരാജയപ്പെട്ടു. അതേസമയം തര്‍ക്കമന്ദിരത്തിനകത്ത് രാംലല്ല ഇരിക്കുന്നിടം ഹിന്ദുക്കളുടെ ആരാധനാകേന്ദ്രമാണെന്ന അടിസ്ഥാനപരമായ വസ്തുത കോടതി അംഗീകരിച്ചു. അതുകൊണ്ടാണ് ഈ ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കുന്നതെന്നും കോടതി പറഞ്ഞു.
ബാബറി മസ്ജിദിന് അനുകൂലമായി ഇടതു ചരിത്രകാരന്മാര് പൊക്കിക്കൊണ്ടുവന്ന വാദങ്ങള്‍ കോടതിയില്‍ തകര്‍ന്നുവീണു. വിചാരണക്കിടെ ഇതുസംബന്ധിച്ച കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ ഇക്കൂട്ടര്‍ ഇളിഭ്യരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: